- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭം ആരുമറിയാതെ ഒളിപ്പിച്ചത് ഒമ്പതുമാസം; വയറു വേദനക്കാലത്ത് ഒന്നും അറിയാതെ വയറ്റിൽ ചൂടു പിടിച്ചു കൊടുത്ത അമ്മ; പ്രസവിച്ച ഉടൻ ചോരക്കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നു; പദ്ധതി ഇട്ടത് ഡീസൽ ഒഴിച്ച് കത്തിച്ചു കളയാൻ; നിർണ്ണായകമായത് സിസിടിവി
തൃശൂർ: തൃശൂർ പൂങ്കുന്നത്ത് കനാലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ കുറ്റ സമ്മതം നടത്തി. കുട്ടിയുടെ മൃതദേഹം കത്തിച്ചുകളയാനാണ് ആദ്യം പദ്ധതിയിട്ടത്. ഇതിലൂടെ ആരും ഒന്നും അറിയില്ലെന്ന് ഉറപ്പിക്കാനായിരുന്നു ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ വരടിയം മമ്പാട്ട് വീട്ടിൽ മേഘ( 22), അയൽവാസിയും കാമുകനുമായ ചിറ്റാട്ടുകര മാനുവൽ ( 25), ഇവരുടെ സുഹൃത്ത് പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ ( 24) എന്നിവരാണ് ഈ ഗൂഡ പദ്ധതിയൊരുക്കിയത്.
എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. മാനുവൽ പെയ്ന്റിങ് തൊഴിലാളിയാണ്. രണ്ടുവർഷത്തിലേറെയായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. ഇവർ തമ്മിൽ സാധാരണ സൗഹൃദം മാത്രമായിരുന്നു എന്നാണ് വീട്ടുകാരും കരുതിയത്. യുവതി ഗർഭിണി ആയതും പ്രസവിച്ചതും വീട്ടുകാരും അറിഞ്ഞില്ല. അതീവ രഹസ്യമായി ഗർഭിണിയാണെന്ന കാര്യം സൂക്ഷിച്ചു.
ഗർഭിണിയാണെന്ന കാര്യം വിദഗ്ധമായി മറച്ചുപിടിച്ചു. ബന്ധത്തെ വീട്ടുകാർ എതിർക്കുമെന്ന് ഭയന്നാണ് വിവരം അറിയിക്കാതിരുന്നതെന്നാണ് മേഘ പൊലീസിനോട് പറഞ്ഞത്. ഇന്നലെ പുലർച്ചെ വരടിയത്തെ വീട്ടിലെത്തി മകൾ പ്രസവിച്ചുവെന്നും കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചുവെന്നും മേഘയുടെ അച്ഛനോട് പൊലീസ് പറഞ്ഞു. എന്നാൽ യുവതിയുടെ അച്ഛൻ ഇക്കാര്യം നിഷേധിച്ചു. അപ്പോൾ മേഘ തന്നെ പുറത്തു വന്ന് പൊലീസ് പറഞ്ഞത് സത്യമാണെന്ന് വെളിപ്പെടുത്തി.
മാസങ്ങൾക്കു മുമ്പ് മകൾക്കു വയറു വേദന ഉണ്ടായപ്പോൾ വയറിൽ അമ്മ ചൂടു പിടിച്ചു കൊടുക്കുകയും മറ്റും ചെയ്തിരുന്നു. അന്വേഷിച്ചപ്പോഴെല്ലാം ആർത്തവ സംബന്ധമായ പ്രശ്നങ്ങളാണെന്നാണ് മേഘ അമ്മയോട് പറഞ്ഞത്. ഇരുനില വീടാണ് മേഘയുടേത്. അച്ഛനും അമ്മയും താഴത്തെ നിലയിലാണ് കിടക്കുന്നത്. ശനിയാഴ്ച രാത്രി 11 മണിക്കാണ് യുവതി മുകൾ നിലയിലെ മുറിയിൽ പ്രസവിക്കുന്നത്. പ്രസവിച്ച ഉടൻ തന്നെ കുട്ടിയെ ബക്കറ്റിലെ വെള്ളത്തിലേക്ക് ഇട്ടതായി മേഘ മൊഴി നൽകി.
കുട്ടിയുടെ കരച്ചിൽ കേൾക്കാതിരിക്കാനായിരുന്നു ഇത്. പിന്നീട് കുളിച്ച് വസ്ത്രങ്ങൾ മാറി, വീട്ടുകാർ അറിയാതിരിക്കാനായി പ്രസവാവശിഷ്ടങ്ങൾ ശുചിമുറിയിലെ ക്ലോസറ്റിൽ കൊണ്ടിട്ടു. കുഞ്ഞിനെ കൊന്ന കാര്യം കാമുകൻ മാനുവലിനെ വിളിച്ചറിയിച്ചു. കട്ടിലിന് അടിയിൽ ഒളിപ്പിച്ച മൃതദേഹം പിറ്റേന്ന് രാവിലെയാണ് കാമുകന് കൈമാറിയത്. രാവിലെ 11ന് മാനുവലെത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി നശിപ്പിക്കാൻ കൊണ്ടുപോയി. സഹായത്തിനായി സുഹൃത്ത് അമലിനെയും കൂടെക്കൂട്ടി.
ഡീസൽ ഒഴിച്ച് കത്തിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഇതിനായി പുഴക്കലിലെ പെട്രോൾ പമ്പിൽ നിന്നും 150 രൂപയ്ക്ക് ഡീസൽ വാങ്ങിയിരുന്നു. എന്നാൽ അനുയോജ്യമായ സാഹചര്യം ലഭിക്കാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. കുഴിച്ചിടാൻ കണക്കുകൂട്ടി പേരാമംഗലത്തെ പാടത്തേക്കു പോയെങ്കിലും അവിടെ കൂടുതൽ ആളുകളെ കണ്ടതിനാൽ അതും വേണ്ടെന്ന് വച്ചു. തുടർന്ന് പൂങ്കുന്നത്തെ കനാൽ പരിസരത്ത് പോയി ഉപേക്ഷിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും, കൊലപാതകം ആണെന്നും കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ 9.30ന് ആണ് പൂങ്കുന്നം പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിന് മുമ്പിലുള്ള കനാലിൽ കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ കനാലിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പ്രതികളെ കുടുക്കിയത്. സിസിടിവി ദൃശ്യങ്ങളിൽ ഇതേ കവറുമായി രണ്ടു പേർ ബൈക്കിൽ വരുന്ന ദൃശ്യം കിട്ടിയത് നിർണ്ണായകമായി. പ്രതികളെ കണ്ടെത്തി.
കാമുകിയുടെ കുഞ്ഞ് ആണെന്നു മാനുവൽ സമ്മതിച്ചതോടെ പൊലീസ് വീട്ടിലെത്തി മേഘയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവന്നത്.
മറുനാടന് മലയാളി ബ്യൂറോ