കൊച്ചി: സോനം കപൂറിന്റെ ഡോളി കി ഡോളി എന്ന ബോളിവുഡ് ചിത്രത്തിനെ അനുസ്മരിക്കുന്ന രീതിയിൽ വിവാഹം കഴിച്ച്, പണം സ്വത്തും അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവിധ സംസ്ഥാനക്കാരായ 11 പേരെയാണ് മേഘ ഭാർഗ്ഗവ് എന്ന 26 കാരി ഇതിനകം വിവാഹം കഴിച്ച് പണം തട്ടിച്ചത്.

ഒരു തവണ വിവാഹിതയായാൽ, പരമാവധി 3 ആഴ്ചവരെ മാത്രമാണ് മേഘ ഭർത്താവിനൊപ്പം ചിലവഴിക്കുക. തുടർന്ന് ചില ആചാരങ്ങളുടെ പേര് പറഞ്ഞ് ഒറ്റയ്ക്ക് സ്വന്തം നാട്ടിലേക്ക് കടക്കും. ഈ മുങ്ങലിൽ ഭർത്താവിന്റെ വീട്ടിലെ പണവും ആഭരണങ്ങളും സ്വന്തമാക്കാലാണ് മേഘയുടേയും സംഘത്തിന്റേയും രീതി.

ഇതുവരെ ഇത്തരത്തിൽ രണ്ട് കോടിയോളം രൂപ ഇവർ തട്ടിയെടുത്തുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഏതെങ്കിലും അംഗപരിമിതരായവരേയും രണ്ടാം വിവാഹക്കാരേയുമായിരുന്നു ഈ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കറുത്ത നിറത്തെതുടർന്ന് വിവാഹം കഴിക്കാതെ മാനസിക വിഷമങ്ങൾ അനുഭവിക്കുന്നവരേയും ഇവർ ലക്ഷ്യമിട്ടിരുന്നതായും ചോദ്യം ചെയ്യലിൽ ഇവർ പൊലീസിന് മൊഴി നൽകി. ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്.

മേഘയുടെ സഹോദരി പ്രാഞ്ചി ഭാർഗ്ഗവ്, ഇവരുടെ ഭർത്താവ് ദേവേന്ദ്ര ശർമ്മ,മഹേന്ദ ഗൗണ്ടല എന്നിവരടങ്ങുന്ന സംഘമാണ് വിവാഹതട്ടിപ്പുകൾക്ക് പിന്നിൽ. മൂന്ന് മണിയോടെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതികളെ മാദ്ധ്യമങ്ങളെ കാണിച്ചു. തങ്ങളെ കേസിൽ കുടുക്കിയതാണെന്നും, തങ്ങൾ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പ്രാചി ഭാർഗ്ഗവ് പൊലീസിനെ സാക്ഷിയാക്കി മാദ്ധ്യമങ്ങളോട് അലറിവിളിച്ച് പറഞ്ഞു. വെറുതെ കുറ്റവാളിയാക്കിയാൽ ആത്മഹത്യ ചെയ്യുമെന്നും പ്രാചി പൊലീസിനോട് പരസ്യമായി ഭീഷണി മുഴക്കി. തുടർന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിർത്താതെ പ്രതികളെ ഉദ്യോഗസ്ഥർ മാറ്റിക്കൊണ്ടുപോയി.

പൊലീസിന്റെ അറസ്റ്റ് ഭയന്ന് ഇവർ ഹൈക്കോടതിയിൽ മുൻ കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതി, പ്രതികൾ ഉടൻ കീഴടങ്ങണമെന്നും വിധിച്ചു. ഇതേ തുടർന്ന് കേസിലെ നാലാം പ്രതിയും ബ്രോക്കറുമായ മഹേന്ദ്ര ഗൗണ്ടല കീഴടങ്ങി ജാമ്യത്തിൽ പോയിരുന്നു. ഇവരിൽ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചത്. 2012 ലാണ് സംഘത്തിന്റെ തട്ടിപ്പ് ആരംഭിക്കുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. റായ്‌പ്പൂർ സ്വദേശി രാജേഷിനെ വിവാഹം കഴിച്ച് 90 ലക്ഷം രൂപ തട്ടിയെടുത്തു. 2014 ൽ ഗുജറാത്ത് സൂറത്ത് സ്വദേശി ഹേമന്ദിനെ നിന്ന് വിവാഹം കഴിച്ച് 15 ലക്ഷം രൂപ തട്ടിയ സംഘം, 2016 ലും ഗുജറാത്ത് മറ്റൊരു ഗുജറാത്തിയെ വിവാഹം കഴിച്ചു. ഇവരിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്നാണ് പൊലീസ് നൽകുന്ന വിവരം. 2015 ൽ സന്ദേശ് ചോപ്രയെന്ന യുവാവിനെ വിവാഹം കഴിച്ച് 15 ലക്ഷം രൂപ തട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. എന്നാൽ മറ്റ് സ്ഥലങ്ങളിലൊന്നും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വൈകിട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാന്റിൽ വിട്ടു.

നോയിഡ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ കൊച്ചി പൊലീസ് അവിടെയെത്തി അതിസാഹസികമായി അറസ്റ്റ് ചെയ്യുന്നത്. പൊന്നുരുന്നി സ്വദേശി ലെനിൻ ജിതേന്ദ്രയുടെ പരാതിയിന്മേലാണ് കൊച്ചി പൊലീസ് കേസെടുത്ത് ആന്വേഷണം ആരംഭിച്ചത്. മെയ് മാസം ബ്രോക്കർ വഴി ലെനിൻ ജിതേന്ദ്രയെ വിവാഹം കഴിച്ച മേഘ ജൈനമതത്തിലെ പ്രത്യേക ചടങ്ങിന്റെ ഭാഗമായി 20 ആം ദിവസം വീട്ടിൽ നിന്ന് ഒറ്റയ്ക്ക് പോകുകയായിരുന്നു. ആ സമയമാണ് വീട്ടിൽ നിന്ന് 15 ലക്ഷം രൂപയും സ്വർണ്ണവും കൊണ്ടുപോയത്. തുടർന്ന് മേഘയെ തേടി ലെനിന്റെ കുടുംബം പല തവണ മധ്യപ്രദേശിൽ പോയെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചില്ല. തുടർന്നാണ് ലെനിൻ രണ്ട് മാസങ്ങൾക്ക് മുമ്പ് പൊലീസിൽ പരാതി നൽകിയത്.