നോയിഡ : 11 പുരുഷന്മാരെ വിവാഹ തട്ടിപ്പിനിരയാക്കിയ മലയാളി യുവതി പിടിയിലായി. മേഘ ഭാർഗവ് എന്ന യുവതിയെ ആണ് കേരള പൊലീസും നോയിഡ പൊലീസും സംയുക്തമായ നീക്കത്തിനൊടുവിൽ പിടികൂടിയത്. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വിവാഹ തട്ടിപ്പ് പതിവാക്കിയ ഇൻഡോറിൽ നിന്നുള്ള മേഘ ഭാർഗവിനെ(28)യാണ് കേരള പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

വിവാഹം കഴിച്ച് വരന്റെ പണവും സ്വർണാഭരണങ്ങളുമായി മുങ്ങുന്നതാണ് യുവതിയുടെ രീതി. ഇവർക്കൊപ്പം രണ്ടു സഹായികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കൊച്ചി സ്വദേശിയും യുവതിയുടെ ഭർത്താവുമായിരുന്ന ലോറെൻ ജസ്റ്റിൻ ഒക്ടോബറിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹത്തിനുശേഷം ഇയാളുടെ 15 ലക്ഷം രൂപ വില വരുന്ന സ്വർണാഭരങ്ങളുമായി യുവതി മുങ്ങിയിരുന്നു. തുടർന്ന് കേരള പൊലീസ് നടത്തിയ അന്വേഷണത്തിൽ ജസ്റ്റിൻ കേരളത്തിൽ യുവതിയുടെ നാലാമത്തെ ഭർത്താവാണെന്നും നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ച് കടന്നിട്ടുണ്ടെന്നും കണ്ടെത്തി.

നോയിഡ പൊലീസിന്റെ സഹായത്തോടെ കൊച്ചി കടവന്ത്ര പൊലീസാണ് നോയിഡയിലെ സെക്ടർ 120ൽ നിന്ന് അറസ്റ്റ് ചെയ്തത്. നോയിഡയിൽ മേഘയ്ക്കൊപ്പം കഴിഞ്ഞിരുന്ന ദേവേന്ദ്ര ശർമ, മേഘയുടെ സഹോദരി പ്രാചി എന്നിവരും അറസ്റ്റിലായി. മൂന്നു പേരെയും ഇവിടെ കോടതിയിൽ ഹാജരാക്കിയ ശേഷം കൊച്ചിയിലേക്കു കൊണ്ടുവന്നു. തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണിയായ മഹേന്ദ്രയ്ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. മുംബൈ, പുണെ, ഇൻഡോർ തുടങ്ങിയിടങ്ങളിൽ നിന്നെല്ലാമായാണ് ആകെ 11 പേരെ മേഘ വിവാഹം കഴിച്ചത്. എല്ലാവരിൽ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

കേരളം, മുംബൈ, പൂണെ, രാജസ്ഥാൻ, ഇൻഡോർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നു 11 പേരെ യുവതി വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്നായി ലക്ഷക്കണക്കിന് രുപയുടെ പണവും സ്വർണവും തട്ടിയെടുത്തു. വിവാഹ മോചിതരായ പുരുഷന്മാരെയും ഭിന്നശേഷിയുള്ളവരെയുമാണ് സ്ത്രീ ലക്ഷ്യമിട്ടിരുന്നത്. വിവാഹത്തിനു ഏതാനും ദിവസങ്ങൾക്ക് ശേഷം ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി മയക്കിയശേഷം പണവും ആഭരണങ്ങളുമായി കടന്നുകളയുന്നതായിരുന്നു യുവതിയുടെ രീതി.

ലോറെൻ ജസ്റ്റിനെ ഒരു വിവാഹ ചടങ്ങിൽ വച്ച് പരിചയപ്പെട്ട മേഘ ഇടനിലക്കാരൻ വഴി വിവാഹാലോചന നടത്തുകയായിരുന്നു. സംസാര വൈകല്യമുള്ളയാളെ വിവാഹം കഴിക്കുന്നതിനു പകരമായി 15 ലക്ഷം രൂപയും 25 പവൻ സ്വർണവും വിവാഹവസ്ത്രങ്ങളും ആവശ്യപ്പെട്ടു. ഇൻഡോറിലെ വീട്ടിൽ പോയി സംസാരിച്ചശേഷം ആവശ്യപ്പെട്ടതെല്ലാം നൽകിയാണു വിവാഹം നടത്തിയത്. കൊച്ചി പാലാരിവട്ടത്തെ ക്ഷേത്രത്തിൽ മതാചാരപ്രകാരമായിരുന്നു വിവാഹം. 17 ദിവസം ഒരുമിച്ചു കഴിഞ്ഞു. പിന്നീട് പ്രാചി കൊച്ചിയിലെത്തി മേഘയെ ഇൻഡോറിലേക്കു കൊണ്ടുപോയി.

തിരികെ കൊണ്ടുവരാൻ ഇൻഡോറിലെത്തിയെങ്കിലും ഒപ്പം പോരാൻ മേഘ തയാറായില്ല. ഇൻഡോറിൽ നിന്നു താമസം മാറുകയും ചെയ്തു. ഇതെത്തുടർന്നാണു പൊലീസിൽ പരാതി നൽകിയത്. ഇതോടെയാണ് കള്ളക്കളി പൊളിഞ്ഞത്.