ഷില്ലോങ്: മേഘാലയയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ കോൺഗ്രസ് മുന്നേറുന്നു. ഭരണം നിലനിർത്താൻ ആവശ്യമായി കേവല ഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ് നീങ്ങിയിട്ടില്ലെന്നത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. 60 അംഗ സഭയിൽ വോട്ടെടുപ്പ് നടന്ന 59 മണ്ഡലങ്ങളിലെ ഫലസൂചനകൾ പുറത്തുവന്നിട്ടുണ്ട്. ലീഡ് നില അറിവായപ്പോൾ 21 സീറ്റിലും കോൺഗ്രസാണ് മുന്നിട്ട് നിൽക്കുന്നത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ ഇറക്കി വൻ പ്രചാരണം കാഴ്ചവെച്ചിട്ടും ആറ് സീറ്റിൽ മാത്രമാണ് ബിജെപിക്ക് ഇതുവരെ മുന്നേറാനായത്.

അതേസമയം പ്രതിപക്ഷമായ എൻപിപി 11 സീറ്റിൽ മുന്നിലുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പാർട്ടികളെ ചേർത്ത് ബിജെപി രൂപവത്കരിച്ച നാഷണൽ ഡെമോക്രാറ്റിക് സഖ്യത്തിന്റെ ഭാഗമാണ് എൻപിപി. ആർക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാതെ വരുകയാണെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയും എൻപിപിയും കൈകോർക്കാനാണ് എല്ലാ സാധ്യതയും. ഏവരേയും ഞെട്ടിച്ചുകൊണ്ട് യുഡിപിയുടെ നേതൃത്വത്തിലുള്ള മൂന്നു പാർട്ടികളുടെ സഖ്യം ഏഴ് സീറ്റിൽ മുന്നിലെത്തി. എട്ട് മറ്റ് കക്ഷികൾ വിജയിച്ചിട്ടുണ്ട്.

മേഘാലയയിൽ കേരള നേതാക്കൾ അടക്കം കോൺഗ്രസിന് വേണ്ടി പ്രചരണം നടത്തിയിരുന്നു. ഉമ്മൻ ചാണ്ടിയും കെ സി ജോസഫും അടക്കമുള്ളവരാണ് ഇവിടെ പ്രചരണത്തിന് എത്തിയിരുന്നു. ഇറ്റലിക്ക് പോലും തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയെന്ന പോലും കത്തോലിക്കാ ഭൂരിപക്ഷ സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞു കേട്ടിരുന്നു.