തിരുവനന്തപുരം: മേഘ്‌ന വിൻസന്റിനോട് ഇനി ഇലക്ഷൻ പ്രചരണത്തിന് പോകുന്നുണ്ടോ എന്ന് ചോദിച്ചാൽ പറയും അയ്യോ... ഞാനില്ലേ... എന്നെ വിട്ടേക്ക് എന്ന്. ബിജെപിക്ക് വേണ്ടി അരുവിക്കര തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയതിന്റെ ക്ഷീണം ഇനിയും തീർന്നിട്ടില്ല മേഘ്‌നയെന്ന സീരിയൽ താരത്തിന്. എന്നാൽ, താൻ ഇതിന്റെ പേരിൽ ദുഃഖിച്ചിരിക്കാൻ താനില്ലെന്നാണ് മേഘ്‌ന പറയുന്നത്. കാറിൽ ഇരുന്ന് കണ്ണെഴുതാൻ സാധിക്കില്ലെന്ന പരാമർശത്തിന്റെ പേരിൽ മേഘ്‌നയെ സോഷ്യൽ മീഡിയ ശരിക്കും കളിയാക്കിയിരുന്നു. എന്നാൽ സീരിയലിൽ നിന്നും ലഭിക്കുന്ന പബ്ലിസിറ്റിയേക്കാൾ പ്രശസ്തി ആ ഒറ്റ ദിവസം കൊണ്ട് കിട്ടിയെന്നാണ് മേഘ്‌ന വനിതയ്ക്ക് നൽകി അഭിമുഖത്തിൽ ഇതേക്കുറിച്ച് പറഞ്ഞത്. അരുവിക്കരയെന്ന് കേൾക്കുമ്പോൾ തനിക്ക് ചിരിയാണ് വരുന്നതെന്നും സീരീയൽ താരം പറയുന്നു.

അരുവിക്കരയിൽ ഇലക്ഷൻ പ്രചാരണത്തിന് പോയപ്പോൾ കേരളത്തിലെ േറാഡിന്റെ അവസ്ഥ വിശദമാക്കാൻ ഒരുദാഹരണമാണ് താൻ പറഞ്ഞതെന്നാണ് മേഘ്‌ന പറയുന്നത്. പക്ഷേ, സോഷ്യൽ മീഡിയ നന്നായി ആഘോഷിച്ചു. സീരിയലുകൊണ്ട് കിട്ടുന്നതിലും പബ്ലിസിറ്റി കിട്ടി ആ ഒറ്റ ദിവസം കൊണ്ട്. പ്രസംഗത്തിനിടെ ഞാൻ പറഞ്ഞത് എഡിറ്റ് ചെയ്ത് വന്നപ്പോ കാര്യങ്ങൾ കൈവിട്ടു പോകുകയാിരുന്നു. ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും മുഴുവൻ എനിക്കിട്ടാ പണി കിട്ടിയത്. മോദിജി കഴിഞ്ഞ ഒരു വർഷം കുറച്ച് നല്ല കാര്യങ്ങൾ ചെയ്യാൻ നോക്കിയിട്ടുണ്ട് എന്നു പറയാനാണ് ഞാൻ വിചാരിച്ചത്. എല്ലാവർക്കും മനസ്സിലാവുന്നപോലെ പറയാൻ നോക്കിയതാ സംഗതി ഒടുവിൽ പ്ലിങ്.....എല്ലാം പോസിറ്റീവായെടുക്കാനാ എനിക്കിഷ്ടം- മേഘ്‌ന അഭിമുഖത്തിൽ പറഞ്ഞു.

തൽക്കാലം അതേക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല, സീരിയലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമമെന്നും മേഘ്‌ന പറയുന്നു. തിരുവനന്തപുരത്ത് ഇലക്ഷൻ പ്രചരണത്തിന് വന്നെങ്കിലും എറണാകുളത്തു കാരിയാണ് മേഘ്‌ന വിൻസെന്റ്. പഠിച്ചത് എസ്എച്ച് തേവരയിലും. ഡിഗ്രി ഡിസ്റ്റിങ്ഷനോടുകൂടി പാസ്സായി. അതിനു നന്ദി പറയേണ്ടത് കൂട്ടുകാരോടാണ്. അവർ നോട്ടെഴുതിയെടുത്ത് പഠിപ്പിച്ചു തന്നതുകൊണ്ടാണ് ഇത്ര മാർക്കൊക്കെ കിട്ടിയതെനനാണ് മേഘ്‌നയുടെ പക്ഷം.

പരസ്യ ചിത്രങ്ങളിൽ ബാലതാരമായിട്ടാണ് അഭിനയ രംഗത്ത് മേഘ്‌ന തുടക്കം കുറിച്ചത്. പോപ്പി, ദീപം കുടകളുടെയും പെരിയാർ റൈസിന്റെയും പരസ്യങ്ങളിൽ മുഖം കാണിച്ചു. അമ്മയും ആർട്ടിസ്റ്റായിരുന്നു. അമ്മ ഡാൻസ് സ്‌ക്കൂൾ നടത്തുകയാണ്. ജില്ലാതലത്തിൽ കലാതിലകമായിരുന്നു. പരസ്യങ്ങളിലെ അഭിനയം കണ്ടാണ് സീരിയലിലേക്ക് വിളിക്കുന്നത്. റിയാലിറ്റി ഷോയിലൂടെയാണ് ചന്ദനമഴയിലേക്കുള്ള കടന്നുവരവും.

വാതോരാതെ സംസാരിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് മേഘ്‌ന. കുട്ടിക്കാലത്തേ നല്ല വാചകമടിയാണ്. ടീച്ചർമാർക്ക് അമ്മയോടുള്ള ഏക പരാതിയും ഇതായിരുന്നു. നല്ലാ മാർക്കുള്ളതു കൊണ്ട് ആരും മൈൻഡ് ചെയ്തില്ലെന്ന് മാത്രം. സ്‌ക്കൂളിൽ പഠിക്കുമ്പോഴേ പ്രണയാഭ്യർത്ഥനകൾ വന്നിട്ടുണ്ടെന്നും മേഘ്‌ന തുറന്നു പറഞ്ഞു. ആദ്യമൊക്കെ ഞെട്ടുമായിരുന്നു. ഇപ്പോ ഒന്നും തോന്നാറില്ല. കെയർഫുള്ളായിട്ടാ ഇപ്പോ ഡീലിങ്‌സ്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഒരു പയ്യൻ വന്ന് ഇഷ്ടമാണെന്ന് പറയുന്നത്. പൊലീസിൽ പറഞ്ഞ് നിനക്ക് നല്ല ഇടി വാങ്ങിത്തരും സൂക്ഷിച്ചോ എന്നൊക്കെ പറഞ്ഞ് ആ പയ്യനെ വിരട്ടി.- മേഘ്‌ന പറയുന്നു.

എനിക്ക് വായിക്കാനിഷ്ടം റൊമാന്റിക് പുസ്തകങ്ങളാണ്. റൊമാന്റിക് മെലഡികളാണ് ഒഴിവ് സമയത്ത് കേൾക്കുക. മനസ്സിലാക്കുന്ന ഒരാൾ ജീവിതത്തിലേക്ക് വരണമെന്നല്ലാതെ വേറൊന്നും എനിക്ക് തോന്നിയിട്ടില്ല. അത് ലൗ മാര്യേജ് ആണെങ്കിലും അറേഞ്ച്ഡ് മാര്യേജാണെങ്കിലും. സീരിയൽ രംഗത്തും നല്ല സുഹൃത്തുക്കളാണ് തനിക്കുള്ളത്. ഞാനും ശാലുവും ചാരുവും നല്ല സുഹൃത്തുക്കളാണ്. സീരിയലിനു വേണ്ടി ഞങ്ങൾ ആഭരണങ്ങളൊക്കെ കൈമാറാറുണ്ട്. ഒരു മിഠായി കിട്ടിയാൽ പോലും ഷെയർ ചെയ്യാതെ ഞങ്ങൾ കഴിക്കാറില്ല. സ്‌ക്രീനിലെ പൊരിഞ്ഞ അടി കഴിഞ്ഞ് വന്ന് ഞങ്ങൾ കത്തിയടിയാകും. ത്രിമൂർത്തികളെന്നാണ് ഞങ്ങളെ എല്ലാവരും വിളിക്കുന്നത്.

എവിടെ ചെന്നാലും ആളുകൾ ചോദിക്കുന്നത് സാരിയെക്കുറിച്ചും ഓർണമെന്റ്‌സിനെക്കുറിച്ചുമാണ്. ഞാനും അമ്മയും കൂടിയാണ് സാരി വാങ്ങുന്നത്. ഓരോ മാസവും കുറഞ്ഞത് അഞ്ച് സാരിയെങ്കിലും വാങ്ങേണ്ടി വരും. ചിലർ ചോദിക്കും കരയാൻ ഗ്ലിസറിനിട്ട് കണ്ണ് ഒരു പരുവമായില്ലേയെന്ന്. ആ പ്രശ്‌നം പരിഹരിക്കാൻ ശാലു കുറച്ച് ടിപ്‌സ് പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ, ആരോടും പറയില്ല. അത് ടോപ്പ് സീക്രട്ട് ആണെന്നാണ് താരം പറയുന്നത്.

വെറുതെ ഇരിക്കുന്ന കാര്യം ഓർക്കാൻ പോലും എനിക്കാവില്ലെന്നാണ് മേഘ്‌നയുടെ പക്ഷം. വാചകവും പാചകവുമാണ് വീക്‌നെസ്. വീട്ടിലാണെങ്കിൽ കസിൻസിനെ വിളിച്ചു വരുത്തിയാണ് പാചക പരീക്ഷണം. ദം ബിരിയാണിയാണ് സ്‌പെഷ്യൽ. ഞാൻ ഒറ്റ കുട്ടിയാണ്. അച്ഛന് വിദേശത്താണ് ജോലി. അതുകൊണ്ട് കസിൻസാണ് എന്റെ പാചകത്തിനിരയാകുന്നത്.