പനാജി: കേന്ദ്രസർക്കാറിന്റെ കാശ്മീർ നയത്തെ പരോക്ഷമായി വിമർശിച്ച് കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കാശ്മീരിൽ നിന്നും ഭീകരരെ തുരത്തിയതു കൊണ്ടു മാത്രം അവിടുത്തെ പ്രശ്‌നങ്ങൽ പൂർണമായും തീരില്ലെന്ന് അദ്ദേഹം പറഞ്ഞു. സൈന്യം 200 ഭീകരരെ വധിക്കുമ്പോൾ പാക്കിസ്ഥാൻ വീണ്ടും 200 ഭീകരരെ ഇന്ത്യയിലേക്ക് അയയ്ക്കുകയാണെന്ന് മെഹ്ബൂബ ചൂണ്ടിക്കാട്ടി.

കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത് സ്വീകരിച്ചിരുന്ന നടപടികളാണ് വേണ്ടത്. അക്കാലത്തെ സമാധാന ചർച്ചകളെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു മുഫ്തിയുടെ പരാമർശമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.

സാന്ത്വന സ്പർശമാണ് കശ്മീരിന് ആവശ്യമെന്ന് അവർ പറഞ്ഞു. സംസ്ഥാനത്തുനിന്ന് ഭീകരരെ തുരത്തുന്നതുകൊണ്ട് മാത്രം അവിടുത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല. സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി ആർമിയും സുരക്ഷാ സേനയും പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ നയങ്ങളിലും മാറ്റം വരേണ്ടത് അത്യാവശ്യമാണെന്ന് മുഫ്തി പറഞ്ഞു.

ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ഇന്ത്യ ഐഡിയാസ് കോൺക്ലേവിൽ സംസാരിക്കവെയാണ് മുഫ്തി നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തിന്റെയും ആക്രമണങ്ങളുടെയും മണ്ണായാണ് കശ്മീർ അറിയപ്പെടുന്നത്. എന്നാൽ, ഈ കാഴ്ചപ്പാടാണ് നമ്മൾ മാറ്റിയെടുക്കേണ്ടത്. ഇതിനായി രാജ്യം മുഴുവൻ നമുക്കൊപ്പം നിൽക്കുമെന്നും മെഹ്ബൂബ പറഞ്ഞു.