ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വാനോളം പുകഴ്‌ത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി . തനിക്ക് ഇന്ത്യയെന്നാൽ ഇന്ദിരയാണെന്ന് മെഹബൂബ മുഫ്തി. ഡൽഹിയിൽ കശ്മീരിനെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചാപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഞാൻ വളർന്നുവരുന്ന കാലത്ത് എന്നെ സംബന്ധിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിരയായിരുന്നു. ചിലർക്കൊക്കെ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇന്ദിരയായിരുന്നു ഇന്ത്യ. 

ആ ഇന്ത്യ കശ്മീരിന്റെ വേദനയിൽ സങ്കടപ്പെടുന്നതും എനിക്ക് കാണേണ്ടി വന്നു. ഇന്ത്യയിൽ ഒരു മിനി ഇന്ത്യ തന്നെയാണ് കശ്മീർ. കശ്മീരും ശേഷിക്കുന്ന ഇന്ത്യയും തമ്മിലുള്ള അന്തരം വർധിപ്പിക്കുന്ന രീതിയിൽ നടക്കുന്ന ടെലിവിഷൻ ചർച്ചകളെ അവർ വിമർശിച്ചു. ഞാൻ കണ്ടതും ഇപ്പോഴത്തെ ഇന്ത്യയും ഒന്നുമല്ല ടിവി അവതാരകർ പ്രതിഫലിപ്പിക്കുന്നതെന്ന് പറയാതെ വയ്യെന്നും അവർ പറഞ്ഞു.

എന്നാൽ ഈ സമയത്തെ വ്യക്തി മോദി തന്നെയാണ്. ചരിത്ര പുരുഷനായി മാറാനും അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിന്റെ നേതൃപാടവം ഒരു വലിയ മുതൽക്കൂട്ടാണ്. കശ്മീരിനെ ഈ കുഴപ്പംപിടിച്ച അവസ്ഥയിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹവുമായി കൈകോർത്ത് പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.