- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണം; ചോക്സി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി അംഗീകരിക്കാനാവില്ല; പരിഗണിക്കേണ്ടതില്ലെന്ന് ഡൊമിനിക്കൻ സർക്കാർ കോടതിയിൽ; ഇന്ത്യൻ പൗരനെന്ന വാദം നിലനിൽക്കില്ലെന്ന് ചോക്സിയുടെ അഭിഭാഷകർ
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുൽ ചോക്സി കഴിഞ്ഞ ദിവസം അറസ്റ്റിലായതിനു പിന്നാലെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഡൊമിനിക്കൻ സർക്കാർ കോടതിയിൽ.
ചോക്സി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി അംഗീകരിക്കാനാവുന്നതല്ലെന്നും അതിനാൽ പരിഗണിക്കേണ്ടതില്ലെന്നും ഡൊമിനിക് പബ്ലിക് പ്രോസിക്യൂഷൻ സർവീസ്, ഡൊമിനിക്കൻ ഹൈക്കോടതിയിൽ പറഞ്ഞു.
ചോക്സിയെ ഡൊമിനിക്കയിൽനിന്ന് നേരെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന ആവശ്യമാണ് ആന്റിഗ്വയും ഉന്നയിക്കുന്നത്. ആന്റിഗ്വയിലെയും ഡൊമിനിക്കയിലെയും പ്രതിപക്ഷങ്ങൾ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സർക്കാരുകൾ ചോക്സിയെ സഹായിക്കുന്നുവെന്നാണ് ഇരുരാജ്യത്തെയും പ്രതിപക്ഷം ആരോപിക്കുന്നത്.
ഡൊമിനിക്കയിൽ അറസ്റ്റിലായതിനു പിന്നാലെ കഴിഞ്ഞയാഴ്ചയാണ് ചോക്സിയുടെ അഭിഭാഷകർ കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചത്. ചോക്സിയെ തട്ടിക്കൊണ്ടുപോവുകയും ബലംപ്രയോഗിച്ച് ഡൊമിനിക്കയിൽ എത്തിക്കുകയുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്.
അതേസമയം ചോക്സിയെ ഇന്ത്യൻ പൗരനാണെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് ചോക്സി ഡൊമിനിക്കയിൽ പിടിയിലാവുന്നത്. ഇന്ത്യക്ക് കൈമാറുന്നതിൽനിന്ന് രക്ഷപ്പെടാൻ ആന്റിഗ്വയിൽനിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെ ആയിരുന്നു ഇത്. വാദത്തിൽ വീഡിയോ കോൺഫറൻസ് മുഖാന്തരമാണ് ചോക്സി പങ്കെടുത്തത്. ആന്റിഗ്വയിൽനിന്ന് തട്ടിക്കൊണ്ടുപോയതിനിടെ ഉണ്ടായ പരിക്കുകളെ തുടർന്ന് ചോക്സി ആശുപത്രിയിൽ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു.
ചോക്സിയെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം. ഈ വാദം കോടതി അംഗീകരിച്ചാൽ ചോക്സിയെ ആന്റിഗ്വയിലേക്ക് മടക്കി അയക്കും. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിനു പിന്നാലെ ഇന്ത്യ വിട്ട ചോക്സി, ദ്വീപുരാഷ്ട്രമായ ആന്റിഗ്വയിൽ പൗരത്വം സ്വീകരിച്ചിരുന്നു.
ചോക്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അംഗങ്ങൾ ഉൾപ്പെട്ട എട്ടംഗ സംഘം ഡൊമിനിക്കയിലുണ്ട്. ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും ഡൊമിനിക്കയിലേക്ക് അയച്ചിട്ടുണ്ട്. തെറ്റായ സത്യവാങ്മൂലം നൽകിയാണ് ചോക്സി ആന്റിഗ്വ പൗരത്വം നേടിയതെന്നും അതിനെ ഇന്ത്യ എതിർക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ ഒമ്പതാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് ചോക്സിയുടെ അഭിഭാഷകരുടെ പ്രതിരോധം. ഒരു പൗരൻ എന്തിന്റെ അടിസ്ഥാനത്തിൽ ആണെങ്കിലും വിദേശരാജ്യത്തിന്റെ പൗരത്വത്തിനായി അപേക്ഷിക്കുന്ന പക്ഷം അയാളുടെ ഇന്ത്യൻ പൗരത്വം റദ്ദാകുമെന്നാണ് ഒൻപതാം അനുച്ഛേദം പറയുന്നത്. അതിനാൽത്തന്നെ ഇന്ത്യയുടെ വാദം നിലനിൽക്കില്ലെന്നും ചോക്സിയുടെ അഭിഭാഷകർ പറയുന്നു.
ന്യൂസ് ഡെസ്ക്