മില്യണയറായ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതിനേക്കാളും അത്ഭുതം അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ ട്രംപ് വൈറ്റ് ഹൗസിലെ ഫസ്റ്റ് ലേഡി ആയതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ ജനിച്ച് വളർന്ന മെലാനിയ അമേരിക്കയുടെ പരമോന്നത സ്ഥാനത്തെത്തിയത് ഒരു സിനിമാക്കഥയെ വെല്ലുന്ന സസ്പെൻസോടെയാണ്.കമ്മ്യൂണിസ്റ്റ് യൂഗോസ്ലാവിയയിൽ കാർ പാർട്സ് സെയിൽസ്മാനായ വിക്ടറായിരുന്നു മെലാനിയയുടെ പിതാവ്. അമ്മയായ അമലിജയ്ക്ക് വസ്ത്രനിർമ്മാണ കമ്പനിയിലായിരുന്നു ജോലി. അതിലൂടെയാണ് മകൾ മോഡലിങ് രംഗത്തെത്തിയത്. തയ്യൽ പണി ചെയ്ത സ്ലോവാനിയൻ പെൺകുട്ടിയായ മെലാനിയ വൈറ്റ് ഹൗസിൽ ഫസ്റ്റ് ലേഡി ആയ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്.

പരിമിതമായ ജീവിതസാഹചര്യങ്ങളിൽ ജനിച്ചിട്ടും ആഡംബര പൂർണമായ ഒരു ജീവിതം സ്വപ്നം കണ്ട് കൊണ്ടായിരുന്നു മെലാനിയ ക്നാവ്സ് എന്ന പെൺകുട്ടി വളർന്നിരുന്നത്. യൂഗോസ്ലാവ് സ്വേച്ഛാധിപതിയായിരുന്ന മാർഷൽ ടിറ്റോയുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവ അംഗമായിരുന്നു വിക്ടർ.ഇന്ന് സ്ലോവേനിയയുടെ ഭാഗമായ വ്യവസായ പട്ടണമായ സെവ്നികയിലായിരുന്നു മെലാനിയ തന്റെ ബാലകാലം ചെലവഴിച്ചിരുന്നത്. വളർച്ചക്കിടെ മെലാനിയ അച്ഛനമ്മമാരോടൊപ്പം ചെറിയ അപ്പാർട്ട്മെന്റുകളിലായിരുന്നു കഴിഞ്ഞിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനാണെങ്കിലും മുതലാളിത്ത സ്വപ്നങ്ങളും നല്ലൊരു ജീവിതവും ആഗ്രഹിച്ച വ്യക്തിയായിരുന്നു വിക്ടർ. അച്ഛന്റെ ആ പാരമ്പര്യത്താലായിരിക്കാം തളരാതെ മുന്നോട്ട് കുതിച്ച മെലാനിയെ വൈറ്റ് ഹൗസ് വരെ എത്തിച്ചിരിക്കുന്നത്.

കാർ പാർട്സ് സെയിൽസ്മാനെന്ന നിലയിൽ വിക്ടർ ചിലപ്പോൾ മെർസിഡസ് കാറുകൾ വരെ ഓടിച്ചിരുന്നു.മെലാനിയയ്ക്ക് 16 വയസായപ്പോഴേക്കും വിക്ടർ സെവ്നികയിൽ വീട് വച്ചിരുന്നു. വീക്കെൻഡ് ഹൗസ് എന്ന നിലയിലായിരുന്നു സാവ നദിക്കരയിലെ ഈ വീട് അവർ ഉപയോഗിച്ചിരുന്നത്. ടെക്സ്റ്റൈൽ ഫാക്ടറിയിലെ എക്സിക്യൂട്ടീവെന്ന നിലയിൽ മെലാനിയയുടെ അമ്മ മിലാനിയേക്കും പാരീസിലേക്കും ബിസിനസ് ട്രിപ്പുകൾക്ക് പോയിരുന്നു. അവർ പറഞ്ഞ് കൊടുത്ത കഥകളിൽ നിന്നും ആവേശം ഉൾക്കൊണ്ടായിരുന്നു മെലാനിയയ്ക്ക് തന്റെ പേര് ഇന്റർനാഷണൽ ഫാഷനിൽ കേൾപ്പിക്കണമെന്ന ആഗ്രഹമുദിച്ചത്. ആദ്യം ഡിസൈനറായി മാറിയ മെലാനിയ പിന്നീട് മോഡലിങ് രംഗത്ത് സജീവമാവുകയായിരുന്നു. ഇതിലൂടെയാണ് അവർക്ക് ട്രംപിന് അടുത്തെത്താനും പരിചയപ്പെടാനും ജീവിതപങ്കാളിയായിത്തീരാനും സാധിച്ചത്.

പുസ്തകങ്ങളെ സ്നേഹിച്ച , പഠനത്തിന് പ്രാധാന്യം നൽകിയ പെൺകുട്ടിയായിരുന്നു മെലാനിയ എന്നാണ് സ്‌കൂൾ കാലത്തെ സഹപാഠികൾ ഓർക്കുന്നത്. കലയെയും ഡിസൈനിനെയും സ്നേഹിച്ചിരുന്ന വിദ്യാർത്ഥിനിയായിരുന്നു മെലാനിയ എന്നാണ് അവരുടെ കുട്ടിക്കാലത്തെ അയൽക്കാരിയും സുഹൃത്തുമായ മിർജന ജെലാൻകിക് ഓർക്കുന്നത്. പഴയ എന്തിനെയും പുതുക്കാൻ മെലാനിയക്ക് സവിശേഷമായ കഴിവുണ്ടായിരുന്നുവെന്നും അവർ ഓർക്കുന്നു. മെലാനിയക്ക് 14 വയസുള്ളപ്പോൾ അച്ഛനമ്മമാരോടും സഹോദരിയോടും കൂടി അവർ സ്ലോവാനിയയുടെ തലസ്ഥാനത്തുള്ള അപാർട്ട്മെന്റിലേക്ക് താമസം മാറിയിരുന്നു. തുടർന്ന് നഗരത്തിലെ സ്‌കൂൾ ഓഫ് ഡിസൈൻ ആൻഡ് ഫോട്ടോഗ്രാഫിയിൽ ചേരുകയും ചെയ്തു. എന്നാൽ സെവ്നികയുമായുള്ള ബന്ധം മെലാനിയയുടെ കുടുംബം അപ്പോഴും നിലനിർത്തിയിരുന്നു.നിലവിൽ മെലാനിയയുടെ മാതാപിതാക്കൾ ന്യൂയോർക്കിലാണ് താമസിക്കുന്നത്.