മലപ്പുറം: മലപ്പുറം മേലാറ്റൂർ ഉച്ഛാരക്കടവ് ബംഗ്ലാവ് കുന്നിൽ കിടപ്പിലായ രോഗിയുടേതടക്കമുള്ള അഞ്ച് കുടുംബങ്ങളുടെ വഴി സമീപത്തെ മരമിൽ ഉടമ മരത്തടികൾ കൂട്ടിയിട്ട് തടസ്സപ്പെടുത്തിയതായി പരാതി. പ്രദേശത്ത് താമസിക്കുന്ന മുസ്തഫ കെടി, അബ്ദുൽ കരീം ടികെ, ഹബീബ കെടി, ഹരികൃഷ്ണൻ കെ തുടങ്ങിയവരാണ് വർഷങ്ങളായി തങ്ങൾക്ക് അവകാശപ്പെട്ട മൂന്നടി വഴി സ്വകാര്യ മരമിൽ ഉടമ കൈയടക്കിവെച്ചിരിക്കുന്നതായി പരാതിപ്പെട്ടിരിക്കുന്നത്.

ഇതിൽ ഹരികൃഷണൻ നടക്കാൻ പോലുമാകാതെ വർഷങ്ങളായി കിടപ്പിലായിട്ടുള്ള രോഗിയാണ്. ഇദ്ദേഹത്തിന്റെ ചികിത്സക്കായി ആശുപത്രിയിലേക്ക് പോകാൻ സമീപത്തെ മറ്റൊരു വ്യക്തിയുടെ മതിൽ ചാടി വേണം റോഡിലേക്കെത്താൻ. ഹരികൃഷ്ണനെ ആശുപത്രിയിലെത്തിക്കാൻ ചുമട്ടുതൊഴിലാളികളെ വിളിക്കേണ്ട അവസ്ഥയിലാണ് കുടുംബം. ഇവരുടെ വീടിന് സമീപത്ത് പ്രവർത്തിക്കുന്ന കെടിവി സോമിൽ ഉടമ മുസ്തഫയാണ് ഇവരുടെ വഴി വർഷങ്ങളായി കൈയേറി വെച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടിലധികം കാലമായി അദ്ദേഹം ഇത്തരത്തിൽ വഴി തടസ്സപ്പെടുത്തിയിരിക്കുയാണ്.

അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മരത്തടികളും മാലിന്യങ്ങളും വഴിയിൽ കൂട്ടിയിട്ടാണ് വഴി തടസ്സപ്പെടുത്തിയിരിക്കുന്നത്. തുടക്കത്തിൽ വീട്ടുകാർ മരത്തടികൾ ചാടിക്കടന്നുകൊണ്ട് ഈ വഴി ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ ആ രീതിയിലും വഴി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇപ്പോൾ സമീപത്ത് തന്നെയുള്ള മറ്റൊരു വ്യക്തിയുടെ പറമ്പിന് നടുവിലൂടെ അവിടെയുള്ള മതിൽ ചാടിക്കടന്നാണ് ഈ കുടുംബങ്ങൾ വീട്ടിലേക്ക് വരുന്നതും പോകുന്നതുമെല്ലാം.

പല തവണ പഞ്ചായത്ത് മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. നടപടികളെല്ലാം താഴെ തട്ടിലെത്തുമ്പോൾ പണം നൽകി മരമിൽ ഉടമ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. പരാതിയിൽ വസ്തുതകളുണ്ടെന്നും വഴിയിലെ തടസ്സം നീക്കണമെന്ന് പല തവണ പഞ്ചായത്ത് സെക്രട്ടിക്ക് കളക്റ്റ്രേറ്റിൽ നിന്ന് കത്ത് നൽകിയെങ്കിലും പഞ്ചായത്തിൽ നിന്ന് അനുകൂല നടപടിയുണ്ടായിട്ടില്ല. മാത്രവുമല്ല വഴിയിലെ തടസ്സങ്ങളെല്ലാം നീക്കിയിട്ടുണ്ടെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ തടസ്സങ്ങൾ ഇപ്പോഴും അതുപോലെ തന്നെ തുടരുന്നുണ്ട്.

ഈ കുടുംബങ്ങൾക്കുള്ള വൈദ്യുതിയും കുടിവെള്ളവുമെല്ലാം തടസ്സപ്പെടുത്തിയ ഈ വഴിയിലൂടെ തന്നെയാണ് വരുന്നത്. ഇവിടെ സ്ഥലം വാങ്ങുന്ന സമയത്ത് ഇവർക്ക് ആധാരത്തിൽ അനുവദിച്ചു നൽകിയിട്ടുള്ള വഴിയാണ് ഇത്. അക്കാര്യം റവന്യൂ വകുപ്പും വില്ലേജ് ഓഫീസ് അധികൃതരുമെല്ലാം ശരിവെക്കുകയും ചെയ്യുന്നു. വില്ലേജ് ഓഫീസിൽ നിന്നും ഓരോ കുടുംബങ്ങൾക്കും ലഭിച്ചിട്ടുള്ള രഖകളിൽ ഈ വഴി അടയാളപ്പെടുത്തിയിട്ടുമുണ്ട്. എല്ലാ രഖകൾ പ്രകാരവും ഈ കുടുംബങ്ങൾക്ക് അവകാശപ്പെട്ട വഴിയാണ് ഇപ്പോൾ ഇത്തരത്തിൽ തടസ്സപ്പെടുത്തിയിരിക്കുന്നത്. പരാതി നൽകി മടുത്തെന്നും ഇനിയാരുടെ മുന്നിലും പരാതി നൽകാൻ തങ്ങൾക്ക് ശേഷി ഇല്ലെന്നും ഈ കുടുംബങ്ങൾ നിസ്സഹായതയോടെ പറയുന്നു.

കുട്ടികൾ സ്‌കൂളിൽ പോകാനും രോഗികളുമായി ആശുപത്രിയിൽ പോകാനുമെല്ലാം മറ്റൊരാളുടെ പറമ്പിന് നടുവിലൂടെ വലിയ മതിലുകൾ ചാടിക്കടക്കേണ്ട ഗതികേടിലാണ് തങ്ങളെന്നും ഈ കുടുംബങ്ങൾ പറയുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ സ്ഥലം വാങ്ങി വീടുവെച്ചവരാണ് ഞങ്ങൾ. ഈ വഴിയിലൂടെയാണ് വീട് നിർമ്മാണത്തിന് സാമഗ്രികൾ കൊണ്ടുവന്നത്. ഞങ്ങളുടെ വീടുകളിലേക്കുള്ള വൈദ്യുതികാലുകളും കുടിവെള്ളത്തിന്റെ പൈപ്പുമെല്ലാം ഇതുവഴി തന്നെയാണ് വരുന്നത്. ഈ വഴി ഞങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് എല്ലാ രേഖകളിലും പറയുന്നു. വഴിയില്ലായിരുന്നെങ്കിൽ ഞങ്ങൾ ഇവിടെ സ്ഥലം വങ്ങില്ലായിരുന്നല്ലോ എന്നും ഈ കുടുംബങ്ങൾ പറയുന്നു.