മെൽബൺ: മെൽബണിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവമായിരുന്നു കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഭാര്യ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സംഭവം. പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാം (34) കൊല്ലപ്പെട്ട കേസിൽ ഭാര്യ സോഫിയ, ഇവരുടെ കാമുകൻ അരുൺ കമലാസനൻ എന്നിവർക്കുള്ള ശിക്ഷ വിക്ടോറിയൻ സുപ്രീം കോടതി ജൂൺ 21നു പ്രഖ്യാപിക്കും. സാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ഇരുവരും കുറ്റക്കാരാണെന്നു ഫെബ്രുവരിയിൽ കോടതി വിധിച്ചിരുന്നു. ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തിൽ എന്തു വിധിയാകും കോടതി പുറപ്പെടുവിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. ലോക മാധ്യമങ്ങളിൾ അടക്കം വലിയ തോതിൽ വിഷയം ശ്രദ്ധിക്കപ്പെട്ടിരുന്നു..

ശിക്ഷ സംബന്ധിച്ച പ്രതിഭാഗം അഭിഭാഷകരുടെ വാദം പൂർത്തിയായി. അരുണിനു മനോദൗർബല്യമുണ്ടെന്ന വാദമാണ് അഭിഭാഷകൻ ഉന്നയിച്ചത്. ഏറെ നാളായി ഭാര്യയിൽനിന്നും നാലുവയസ്സുള്ള മകനിൽനിന്നും പിരിഞ്ഞുകഴിയുകയാണ്. കുടുംബത്തിന് ഓസ്ട്രേലിയയിലെത്തി അരുണിനെ കാണാൻ സാധിക്കുന്നുമില്ല. ജയിലിൽ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നതും കണക്കിലെടുത്തു കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം വാദിച്ചു.

കേസിൽ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയ ഭാര്യ സോഫിയ കുറഞ്ഞ ശിക്ഷക്കായി കേഴുകയുണ്ടായി. തനിക്കു കുറഞ്ഞ ശിക്ഷ നൽകണമെന്നു സോഫിയ കോടതിയിൽ അപേക്ഷിച്ചു. ഒൻപതു വയസ്സുകാരനായ മകന്റെ ഭാവിയെ കരുതിയും ശിക്ഷാ ഇളവ് വേണമെന്നാണ് ആവശ്യം. ഇതിനു മുമ്പ് ഒരു കേസിലും ഉൾപ്പെട്ടിട്ടില്ല എന്നതു പരിഗണിച്ചും ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണം എന്നാണ് അപേക്ഷിച്ചത്. വിധി പ്രസ്താവിക്കുമ്പോൾ സോഫിയയുടെ പശ്ചാത്തലം കൂടി കണക്കിലെടുക്കണമെന്നും അഭിഭാഷകൻ വാദിക്കുകയുണ്ടായി. പഠനമികവും, തൊഴിൽമേഖലയിൽ മികച്ച മൂല്യങ്ങളും കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് സോഫിയ. ഒരു തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലവും സോഫിയയ്ക്കില്ല. സോഫിയ ഇപ്പോഴും ഇന്ത്യൻ പൗരത്വമുള്ളയാളാണെന്നും, കടുത്ത ശിക്ഷ വിധിച്ചാൽ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടാനുള്ള സാധ്യതകളുണ്ടെന്നും സോഫിയയ്ക്കു വേണ്ടി ഹാജരായ ബാരിസ്റ്റർ ജസ്റ്റിൻ ഹാന്നർബറി ചൂണ്ടിക്കാട്ടി.

ഇപ്പോൾ കടുത്ത ശിക്ഷ വിധിച്ചാൽ ഒമ്പതു വയസുകാരനായ മകന് തിരികെ ഇന്ത്യയിലേക്ക് പോകേണ്ടി വന്നേക്കും. അക്കാര്യം കൂടി കോടതി പരിഗണിക്കണമെന്നും അദ്ദേഹം വാദിച്ചിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് സോഫിയയ്ക്ക് ശിക്ഷ കുറച്ചു നൽകണം എന്നാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്. അതേസമയം സോഫിയയുടെ അഭിഭാഷകന്റെ വാദങ്ങൾ ഖണ്ഡിച്ചു കൊണ്ടാണ് പ്രോസിക്യൂഷൻ സംസാരിച്ചത്. കൊല നടന്നത് മകൻ കിടന്ന കട്ടിലിൽ എന്നാൽ കൊലപാതകം നടക്കുമ്പോൾ സോഫിയയ്ക്ക് മകന്റെ കാര്യത്തെക്കുറിച്ച് ഒരു ചിന്തയും ഇല്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

കൊലപാതകത്തെക്കുറിച്ച് സോഫിയയ്ക്ക് മുൻകൂട്ടി അറിയാമായിരുന്നു എന്നതും, മകൻ കിടന്ന കട്ടിലിൽ വച്ചാണ് കൊലപാതകം നടത്തിയതെന്നും ഉള്ള ഘടകങ്ങൾ കണക്കിലെടുത്ത് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സോഫിയയ്ക്ക് ജീവപര്യന്തം തടവുശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും പ്രോസിക്യൂട്ടർ കെറി ജഡ് വ്യക്തമാക്കി. എന്നാൽ ജീവപര്യന്തമല്ലാതെ മറ്റു കടുത്ത ശിക്ഷക്കായി പരിഗണിക്കേണ്ട കുറ്റകൃത്യമാണെന്ന് അവർ വാദിച്ചു. സാം ഏറ്റവും സുരക്ഷിതമെന്ന് കരുതിയ സ്വന്തം വീട്ടിനുള്ളിൽ വച്ചാണ് കൊല ചെയ്യപ്പെട്ടതെന്നും, ആറു വയസുള്ള മകൻ ഉണരുമ്പോൾ തൊട്ടടുത്ത് അച്ഛൻ മരിച്ചു കിടക്കുന്നത് കാണുമെന്നും ഉള്ള കാര്യം പ്രതികൾ കണക്കിലെടുത്തില്ല. ഇതുവരെയും സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുമില്ലെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

മെൽബണിലെ സാം എബ്രഹാം വധക്കേസിൽ സാമിന്റെ ഭാര്യ സോഫിയയും സുഹൃത്ത് അരുൺ കമലാസനനും കുറ്റക്കാരെന്ന് തെളിഞ്ഞ സാഹചര്യത്തിൽ രണ്ടു പ്രതികൾക്കും പരമാവധി ശിക്ഷ തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സാമിന്റെ അച്ഛൻ സാമുവൽ എബ്രഹാം നേരത്തെ പ്രതികരിച്ചിരുന്നു. ഇക്കാര്യങ്ങൾ കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിലെ രണ്ടാമത്തെ പ്രതിയായ അരുൺ കമലാസനന്റെ ശിക്ഷയുടെ കാര്യത്തിലുള്ള വാദം അടുത്ത മാസം നടക്കും. ശിക്ഷ വിധിക്കുന്ന തീയതിയും കോടതി പിന്നീട് തീരുമാനിക്കും. സാം വധക്കേസിൽ ജനുവരി 29 നു ആയിരുന്നു 14 അംഗ ജൂറിക്ക് മുന്നിൽ അന്തിമ വിചാരണ തുടങ്ങിയത്. രണ്ടാഴ്ച നീണ്ട വിചാരണക്കൊടുവിൽ പ്രതികളായ സോഫിയ സാമും അരുൺ കമലാസനനും കുറ്റക്കാരാണെന്ന് ജൂറി വിധിച്ചിരുന്നു.

കേസിന്റെ പിന്നാമ്പുറം ഇങ്ങനെ

2016 ഒക്ടോബറിലായിരുന്നു മെൽബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാൽ തന്റെ കാമുകൻ അരുൺ കമലാസനൊപ്പം ജീവിക്കാൻ ഇരുവരും ചേർന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോൺ വിളി എത്തിയത്. ഇതോടെ കള്ളി പൊളിഞ്ഞു. സാമിന്റെ ഭാര്യയും കാമുകനും പിടിക്കപ്പെട്ടു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഓസ്‌ട്രേലിയൻ പൊലീസിന് അജ്ഞാത ഫോൺസന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികൾ നിരീക്ഷിച്ചാൽ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.

സാമും സോഫിയയും തമ്മിൽ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവിൽ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയിൽ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്നോപാർക്കിൽ ജോലി നേടി. പിന്നീട് സാം ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ ജോലി നോക്കി. ഓസ്ട്രേലിയൻ കമ്പനിയിൽ ജോലിക്കുള്ള ടെസ്റ്റിൽ പാസായ സോഫിയ 2012ൽ അവിടേക്ക് പോയി. സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായിൽ നല്ല ജോലിയിൽ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാൽ സോഫിയക്ക് ആസ്ട്രേലിയയിലായിരുന്നു താൽപര്യം. ഇതിനെ തുടർന്ന് 2013ൽ സാം ആസ്ട്രേലിയയിലെത്തി ഒരു കമ്പനിയിൽ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തിൽ ആഴ്ചയിൽ മൂന്നുദിവസം പോയാൽ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. പ്രണയത്തിലായി. സാമിന്റെയും കുടുംബത്തിന്റെയും വില്ലനായി അരുൺ.

സാമിനെ കൊലപ്പെടുത്താൻ വേണ്ടി പ്രതികൾ ദീർഘനാളത്തെ തയ്യാറെടുപ്പു നടത്തിയിരുന്നു.വിവാഹനാളുകളിൽ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓസ്ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. പിന്നീട് സോഫിയുടെ തന്നെ ബന്ധുക്കളുടെ സഹായത്താലാണ് സാം ഓസ്ട്രേലിയയിൽ ജോലിക്ക് കയറിയത്. ഇതിനിടെയിൽ കാമുകനായ അരുണിനെ ഇവിടെയെത്തിച്ചതിലും സോഫിക്ക് പങ്കുണ്ടായിരുന്നു. അരുൺ ഓസ്ട്രേലിയയിൽ എത്തി ജോലിക്ക് കയറിയതിന് പിന്നാലെ അരുണിന്റെ ഭാര്യയും കുഞ്ഞും ഓസ്ട്രേലിയയിൽ എത്തിയിരുന്നു. പിന്നീട് അരുൺ ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തേക്കും തിരികെ അയച്ചു. ഏകദേശം ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാൻ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികൾക്കെതിരെ കുറ്റം തെളിയാൻ കാരണം ഇവരുടെ ടെലിഫോൺ സംഭാഷണങ്ങൾ ചോർന്നതായിരുന്നു.

സോഫിയുമൊത്ത് ജിവിക്കുന്നതിന് വേണ്ടി സാമിനെ വകവരുത്താൻ അരുൺ പലവട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തിൽ സാമിന് കഴുത്തിനും കൈകൾക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പൊലീസിൽ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായകമായി. സാമിന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉൾപ്പെടെ പലരും നിരീക്ഷിക്കാൻ തുടങ്ങി.

ഭർത്താവ് മരിച്ചു ദിവസങ്ങൾ കഴിയും മുൻപേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭർത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയിൽ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോൺ സംഭാഷണമെത്തിയത്. ഭർത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകൻ അരുൺ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു. ഇതാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.