മെൽബൺ: രാജ്യത്തെ പ്രധാന എയർപോർട്ടുകളിൽ ഏറ്റവും മോശം സർവീസ് നൽകുന്ന് മെൽബൺ എയർപോർട്ടാണെന്ന് റിപ്പോർട്ട്. അടിക്കടി യാത്രക്കാരുടെ എണ്ണവും വരുമാനവും വർധിച്ചുവരുന്ന മെൽബൺ എയർപോർട്ടിൽ പക്ഷേ, യാത്രക്കാരുടെ സൗകര്യം മികച്ച രീതിയിൽ നൽകുന്നതിൽ ഏറെ പിന്നിലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 2013-14 കാലയളവിൽ എയർപോർട്ടുകളുടെ പ്രവർത്തന മികവ് നിരീക്ഷിക്കുന്ന ഒരു റിപ്പോർട്ടിലാണ് മെൽബൺ എയർപോർട്ട് എല്ലാക്കാര്യത്തിലും പിന്നോക്കം നിൽക്കുന്നുവെന്ന് പറഞ്ഞിരിക്കുന്നത്.

ദ ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (എസിസിസി) ആണ് എയർപോർട്ടുകളുടെ ഗുണനിലവാരത്തെക്കുറിച്ച് അടുത്തിടെ പഠനം നടത്തിയത്. രാജ്യത്തെ വലിയ എയർപോർട്ടുകളായ മെൽബൺ, ബ്രിസ്‌ബേൻ, പെർത്ത്, സിഡ്‌നി എന്നിവയുടെ സർവീസിനെക്കുറിച്ചാണ് എസിസിസി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. എയർപോർട്ടുകൾ സാമ്പത്തിക മെച്ചം ഉണ്ടാക്കുന്നതല്ലാതെ യാത്രക്കാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല എന്നാണ് എസിസിസി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ 11 വർഷമായി ഈ നാല് എയർപോർട്ടുകളും ലാഭത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. അതേസമയം സർവീസിൽ യാതൊരു വിധത്തിലുമുള്ള മെച്ചം വരുത്തിയിട്ടില്ലെന്ന് വ്യക്തമാകുന്നതായി എസിസിസി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം മെൽബൺ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണം കുത്തനെയാണ് വർധിച്ചത്. 31.2 മില്യണിലധികം യാത്രക്കാർ മെൽബൺ എയർപോർട്ട് ഒരു വർഷം ഉപയോഗിച്ചു. പല കാര്യങ്ങളിലും സർവീസ് ചാർജ് കൂട്ടിയെന്നല്ലാതെ സർവീസ് ഗുണമേന്മ കുറയ്ക്കുകല്ലാതെ വർധിപ്പിച്ചതായി കാണാൻ സാധിച്ചില്ലെന്ന് എസിസിസി വിലയിരുത്തുന്നു. മെൽബൺ എയർപോർട്ടിലെ സർവീസ് തൃപ്തികരം എന്നു മാത്രമാണ് യാത്രക്കാർ രേഖപ്പെടുത്തുന്നത്. ബ്രിസ്‌ബേൻ മാത്രമാണ് സർവീസ് ക്വാളിറ്റിയിൽ മെച്ചപ്പെട്ടത് എന്ന അഭിപ്രായം യാത്രക്കാരിൽ നിന്ന് നേടിയെടുക്കാൻ സാധിച്ചത്. മെൽബൺ എയർപോർട്ടിലെ പല സർവീസുകളുടേയും കാര്യം poor എന്നാണ് യാത്രക്കാർ രേഖപ്പെടുത്തിയിട്ടുള്ളത്. എയറോ ബ്രിഡ്ജ് സ്റ്റാൻഡേർഡിലും ചെക്ക് ഇൻ സർവീസിലും വളരെ മോശമായ അഭിപ്രായമാണ് മെൽബൺ എയർപോർട്ടിനുള്ളത്.

അതേസമയം സർവീസുകൾ മെച്ചപ്പെടുത്തി പുതിയ ടെർമിനൽ തുടങ്ങാൻ ഉദ്ദേശമുണ്ടെന്ന് മെൽബൺ എയർപോർട്ട് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് വുഡ്‌റഫ് വ്യക്തമാക്കിയിട്ടുണ്ട്.