മെൽബൺ: മെൽബണിൽ വീടുവിലയിൽ ഇടിവ് തുടങ്ങിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ. മെൽബണിൽ വീടുവിലയിൽ ഒമ്പതു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുമ്പോൾ സിഡ്‌നിയിൽ വീടുവില കുതിച്ചു തന്നെയെന്നാണ് റിപ്പോർട്ട്.

ഈ വർഷം തന്നെ മെൽബണിലെ വീടുവിലയിൽ സാരമായ ഇടിവ് സംഭവിക്കുമെന്നാണ് പ്രവചനം. അതേസമയം സിഡ്‌നിയിലെ വീടു വില ആറു ശതമാനത്തോളം  ഉയരും. എന്നാൽ ബ്രിസ്‌ബേൻ, പെർത്ത് എന്നിവിടങ്ങളിലും വിലയിടു തന്നെയായിരിക്കും നേരിടുക. അഡ്‌ലൈഡ്, ഹോബാർട്ട്, കാൻബറ മേഖലകളിൽ നേരിയ വില വർധനയ്ക്കും ഇടയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഏപ്രിൽ വരെയുള്ള 12 മാസക്കാലയളവിൽ മെൽബണിൽ ശരാശരി വീടുവില 7.6 ശതമാനം വർധിച്ചിരുന്നു. സമീപകാലത്തെ ഏറ്റവും വില വർധനയായിരുന്നു ഇക്കാലയളവിൽ സംഭവിച്ചത്.  എന്നാൽ ഇടയ്ക്ക് 1.6 ശതമാനം വിലയിടിവ് സംഭവിച്ചെങ്കിലും വീണ്ടും 750,350 ഡോളർ എന്ന നിലയിലേക്ക് വില കുതിക്കുകയായിരുന്നു. അതേസമയം സിഡ്‌നിയിൽ ശരാശരി വീടുവിലയിൽ 15.5 ശതമാനം വർധനയാണ് ഉണ്ടായത്. ഇടക്കാലത്ത് 0.2 ശതമാനം വിലയിടിവ് നേരിട്ടെങ്കിലും റെക്കോർഡ് വിലയായ 951,960 ഡോളർ എന്ന നിലയിലേക്ക് വില കുതിച്ചു.
ഈ രംഗത്തെ വിഗദ്ധരുടെ പ്രവചനം അനുസരിച്ച് രണ്ടോ മൂന്നോ കഴിയുമ്പോഴേയ്ക്കും വീടു വിലയിൽ ഇനിയുമൊരു കുതിച്ചുകയറ്റം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

സ്വിൻബേൺ യൂണിവേഴ്‌സിറ്റി, വെസ്‌റ്റേൺസിഡ്‌നി യൂണിവേഴ്‌സിറ്റി, കർട്ടിൻ യൂണിവേഴ്സ്റ്റി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വില സംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്. ഡിസംബർ 2014 വരെയുള്ള കണക്കുകളുടെ പിൻബലത്തിലാണ് ഇവരുടെ പ്രവചനം. ഇവരുടെ പ്രവചനം മെയ്‌ വരെയുള്ളത് ശരിയായിരുന്നു. ഇതോടെ പന്ത്രണ്ട് മാസത്തേക്ക് കൂടി പ്രവചനം നടത്തുകയാണ് ഗവേഷകർ. വിലയുടെ പൊതു ഗതിമാത്രമാണ് സൂചിപ്പിക്കുന്നത്.
പലിശ നിരക്കിൽ രണ്ടു മാസമായി മാറ്റമൊന്നും വരുത്താത്തതും സിഡ്‌നിയിലെ വീടു വിലയിൽ സാരമായ സ്വാധീനം ചൊലുത്തിയിട്ടുണ്ട്. അടുത്തകാലത്തെങ്ങും പലിശ നിരക്കിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ സിഡ്‌നി വീടുവിലയിൽ കാര്യമായ കുറവും വരാൻ സാധ്യയില്ലെന്നു തന്നെ പറയാം.