മെൽബൺ: ഓസ്‌ട്രേലിയയിലെ മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു മെൽബണിലെ സാം എബ്രഹാം കൊലക്കേസ്. കാമുകനുമായുള്ള അവിഹിത ബന്ധം തുടരാൻ വേണ്ടി ഭാര്യയായ സോഫി ഭർത്താവിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയെന്ന വാർത്തയെ ഇവിടുത്തെ മലയാളി സമൂഹം അവിശ്വസനീയതയോടെയാണ് നോക്കി കണ്ടത്. ഇപ്പോഴിതാ തീർത്തും ദുരൂഹതകൾ നിറഞ്ഞ ഒരു മരണവും ഇവിടുത്തെ മലയാളികളെ ആശങ്കയിലാക്കുന്നു. തിരുവല്ല സ്വദേശിയായ മലയാളി ദന്തഡോക്ടർ ടിനു തോമസിന്റെ(28) മരണത്തിലെ ദുരൂഹതകളാണ് ഈ ആശങ്കയ്ക്ക് ഇടയാക്കുന്നത്.

തിരുവോണ ദിവസം കാണാതായ മെൽബൺ സ്വദേശിയായ യുവ ഡോക്ടറുടെ മൃതദേഹം വീടിന് സമീപത്തെ തെരുവിലാണ് കാണപ്പെട്ടത്. അതേസമയം ടിനുവിന്റെ മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ മൊബൈൽ ഉള്ളത് മറ്റൊരിടത്താണെന്നും ബോധ്യമായി ഇതാണ് സ്വാഭാവിക മരണമല്ലെന്ന ആശങ്ക ശക്തമാക്കാൻ ഇടയാക്കിയത്. ഓസ്‌ട്രേലിയൻ സമയം ഇന്ന് രാവിലെ വീടിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതൽ ടിനുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

തിരുവോണ ദിവസമായ ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ മെൽബണിലെ റോവില്ലയിലെ വീട്ടിൽ നിന്നും പുറത്തുപോയ ടിനു പിന്നെ തിരിച്ചുവന്നില്ല. വ്യാഴാഴ്ച രാവിലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ടിനുവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് മെൽബൺ പൊലീസ് അന്വേഷണം നടത്തി. അപ്പോൾ ലഭിച്ച വിവരം ഫോൺ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ്. എന്നാൽ രാത്രി വൈകുന്നതുവരെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുവാൻ പൊലീസിനായില്ല.

ഇതിനിടയിലാണ് ഇന്ന് രാവിലെയാണ് വീടിന് സമീപമുള്ള സ്ട്രീറ്റിൽ ടിനുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ടിനു തോമസ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. തോമസ് ജോർജിന്റെയും (സന്തോഷ് ) ആനിയുടെയും ഏക മകനാണ് അവിവാഹിതനായ ടിനു തോമസ്. ദന്ത ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്ന ടിനു.

മെൽബണിലെ റോവില്ല സ്വദേശിയാണ് ടിനു. തിരുവോണ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് അദ്ദേഹം വീടീന് പുറത്തേക്ക് പോയത്. ടിനുവിനെ കാണാതായപ്പോൾ മുതൽ വിക്ടോറിയ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇൻവെസ്റ്റിഗേറ്റർമാർ ടിനുവിന്റെ ചിത്രം പുറത്ത് വിടുകയുണ്ടായി. ഒരു ബ്ലാക്ക് ടോപ്പും ഗ്രേ ട്രാക്ക്‌സ്യൂട്ട് പാന്റ്‌സുമായിരുന്നു കാണാതാകുമ്പോൾ ടിനു ധരിച്ചിരുന്നത്. ഇതിന് പുറമെ കറുത്ത റബർ ചെരുപ്പുകയും ധരിച്ചിരുന്നു. 1HR2OS എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള 2007 ്രേഗ മിത്സുബിഷി 380 സെഡാൻ ഇയാൾ ഡ്രൈവ് ചെയ്താണ് പോയിരുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇങ്ങനെ കാണാതായ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട ്അന്വേഷണം നടത്തുന്നതിനിടെയാണ് വീടിന് സമീപം തന്നെ മൃതദേഹം കാണപ്പെട്ടത്. സംഭവത്തിൽ വിക്ടോറിയാ പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നുണ്ട്. അതേസമയം ടിനുവിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനുണ്ടെന്ന സൂചനയാണ് കുടുംബം നൽകിയത്. ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ടുള്ള സ്വാഭാവിക മരണമാണോ അതോ അസ്വഭാവിക മരണമാണോ എന്നതിയാൻ വിശദമായ അന്വേഷണം തന്നെ വേണ്ടി വന്നേക്കും. ഏതാനും ആഴ്‌ച്ചകൾക്ക മുമ്പ് മെൽബണിൽ നിന്നും മറ്റൊരു മലയാളി യുവാവിനെയും കാണാതായിരുന്നു എന്നാൽ, ഇയാൾ പിന്നീട് തിരികെ എത്തുകയും ചെയ്തു.

മെൽബൺ മാർത്തോമ പള്ളി ഇടവകാംഗമായ ടിനു തോമസ് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. തിരുവല്ല സ്വദേശികളായ തോമസ് ജോർജ്ജിന്റെയും ആനി ജോർജ്ജിന്റെയും ഏകമകനാണ് ടിനു. മെൽബൺ പള്ളിവികാരി റവ. കെ ജെ ഫിലിപ്പിന്റെ നേതൃത്വത്തിൽ സംസ്‌ക്കാര ചടങ്ങുകൾക്കായി ഒരുക്കം തുടങ്ങിയിട്ടുണ്ട്.