മെൽബൺ: ലോകത്ത് ജീവിക്കാൻ ഏറ്റവും സുഖകരമായ നഗരങ്ങളിൽ ഒന്നാം സ്ഥാനം മെൽബണ്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്‌സ് 140 നഗരങ്ങളിൽ നടത്തിയ സർവേ അനുസരിച്ചിച്ചാണ് തുടർച്ചയായി നാലാം വർഷവും മെൽബൺ ഒന്നാം സ്ഥാനം നേടിയത്. ഹെൽത്ത്‌കെയർ, എഡ്യൂക്കേഷൻ, കൾച്ചർ, പരിസ്ഥിതി, സ്റ്റബിലിറ്റി, ഇൻഫ്രാസ്ട്രക്ടചർ എന്നിവയെ അടിസ്ഥാനമാക്കിയാണ് ജീവിക്കാൻ സുഖമുള്ള നഗരത്തെ തെരഞ്ഞെടുക്കുന്നത്.    

ഹെൽത്ത് കെയർ, എഡ്യൂക്കേഷൻ, ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ നൂറിൽ നൂറും മാർക്കും നേടി മൊത്തം 97.5 സ്‌കോറിങ് ആണ് മെൽബൺ നേടിയെടുത്തത്. ആദ്യ പത്തിൽ ഓസ്‌ട്രേലിയൻ നഗരങ്ങൾ തന്നെയായ അഡലൈഡ്, സിഡ്‌നി, പെർത്ത് എന്നിവ ഇടംപിടിച്ചിട്ടുണ്ട്. യഥാക്രമം 96.6, 96.1, 95.9 എന്നിങ്ങനെയാണ് ഈ നഗരങ്ങളുടെ സ്‌കോറിങ്. മെൽബണിന്റെ ഈ വിജയത്തിൽ താൻ ഏറെ സന്തുഷ്ടനാണെന്നാണ് വിക്‌ടോറിയൻ പ്രീമിയർ ഡെന്നീസ് നാപ്തീൻ അറിയിച്ചത്.

നഗരങ്ങളിൽ ചെയ്യുന്ന വികസന പ്രവർത്തനങ്ങൾക്ക് ഫലമുണ്ടെന്ന് ഇതു തെളിയിച്ചിരിക്കുകയാണെന്നും ഡോ. നാപ്തീൻ വ്യക്തമാക്കി. മെൽബണെ ലോകത്തെ ഏറ്റവും ബെസ്റ്റ് നഗരമാക്കിത്തീർക്കുന്നതിൽ നമ്മളുടെ യജ്ഞം വിഫലമായില്ലെന്നും ഡോ.നാപ്തീൻ പറയുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നി ഒട്ടുമിക്ക മേഖലകളിലും നൂറിൽ നൂറു ശതമാനം സ്‌കോറിങ് നേടിയെങ്കിലും സ്റ്റബിലിറ്റി (90), കൾച്ചർ, പരിസ്ഥിതി (90.4) എന്നീ മേഖലകളിൽ പിന്നോക്കം പോകുകയായിരുന്നു.

ഓസ്ട്രിയയിലെ വിയന്ന, കാനഡയിലെ വാൻകൂവർ എന്നിവയെ പിന്തള്ളിയാണ് മെൽബൺ ഒന്നാം സ്ഥാനം കൈയടക്കിയത്. വിയന്നയ്ക്ക് 97.4 ശതമാനവും വാൻകൂവറിന് 97.3 ശതമാനവുമായിരുന്നു സ്‌കോറിങ്.

അതേസമയം വിദേശങ്ങളിൽ നിന്ന് ഒട്ടേറെ സന്ദർശകരെ മെൽബൺ ആകർഷിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിലുള്ള ടൂറിസ്റ്റുകളുടെ കാര്യത്തിൽ കഴിഞ്ഞ വർഷത്തേക്കാളും 15 ശതമാനം വർധനയാണ് രേഖപ്പെടുത്തുന്നത്. എല്ലാ പ്രതീക്ഷകളേയും മറികടന്നാണ് വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് നഗരത്തിലേക്ക് ഉണ്ടാകുന്നത്. മെൽബണിലെ ജീവിതശൈലി ഉയർത്തുന്നതിൽ മ്യൂസിക്കൽ, ആർട്ട് എക്‌സിബിഷനുകൾ, കായികമേളകൾ എന്നിവ പ്രധാന പങ്കുവഹിക്കുന്നതായും ഡോ.നാപ്തീൻ വ്യക്തമാക്കി.