തൃശൂർ: ബാങ്ക് അധികൃതരുടെ അലംഭാവം മൂലം മുദ്രായോജന ലോൺ വൈകുന്നതിനെതിരെ കളക്ടർ അടക്കമുള്ള ഉന്നതാധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ. തൃശ്ശൂർ അവണൂർ വട്ടേക്കാട്ട്വളപ്പിൽ അരുൺ കുമാറാണ് ഇത് സംബന്ധിച്ച് പരാതിയുമായി ഓഫീസുകൾ കയറിയിറങ്ങി ഗതികേടിലായിട്ടുള്ളത്.

സിൻഡിക്കേറ്റ് ബാങ്കിന്റെ തൃശ്ശൂർ മുളംകുന്നത്തുകാവിലെ ബ്രാഞ്ചിലാണ് കൃഷ്ണ ട്രേഡേഴ്സ് എന്ന പേരിൽ സ്ഥാപനം ആരംഭിക്കുന്നതിന് മുദ്രായോജന പദ്ധതി പ്രകാരമുള്ള ലോണിനായി ഈ വർഷം ഓഗസ്റ്റ് 23-ന് കൊറിയർ വഴി അരുൺ അപേക്ഷ അയച്ചത്. ഈ അപേക്ഷ 28-ന് ബാങ്കിൽ സ്വീകരിച്ചതായി അരുൺ കുമാറിന് വിവരം ലഭിച്ചു. ബാങ്ക് മാനേജരുടെ നിർദ്ദേശ പ്രകാരം ഇതേ മാസം 31-ന് ഇയാൾ ബാങ്കിൽ കറന്റ് അക്കൗണ്ട് എടുക്കുകയും ചെയ്തു.

വായ്പയിൽ മറുപടി ലഭിക്കാൻ വൈകിയപ്പോൾ ബാങ്കിൽ നേരിട്ടെത്തി അന്വേഷിച്ചു. ലോൺ ഓഫീസർ ഗർഭിണിയായതിനാൽ അവധിയാണെന്നും എന്നുവരുമെന്ന് അറിയില്ലെന്നുമാണ് ജീവനക്കാരിൽ നിന്നും ലഭിച്ച വിവരം. വിവരം റീജിയണൽ ഓഫീസിൽ അറിയിച്ചപ്പോൾ പകരം ആൾ ചാർജ്ജിലുണ്ടാവുമെന്നും ബാങ്കിൽ വിവരം തിരക്കാനുമായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മറുപടി.

പലതവണ ബന്ധപ്പെട്ടപ്പോൾ സെപ്റ്റംമ്പർ 15-ന് അപേക്ഷ സ്വീകരിച്ചതായി കാണിച്ച് ബാങ്ക് അരുണിന് രസീത് നൽകി. പിന്നീട് രണ്ടാഴ്ചയോളമെത്തിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതിനാൽ അരുൺ ലീഡ് ബാങ്ക് മാനേജർക്ക് വിവരം കാണിച്ച് സെപ്റ്റംമ്പർ 28-ന് പരാതി നൽകി.

തുടർന്നും നടപടി വൈകിയതിനാൽ ഒക്ടോബർ 4-ന് മുദ്രായോജന കേരള നോഡൽ ഓഫീസർക്കും 8-ന് കളക്ടർ അനുപമയ്ക്കും പരാതി സമർപ്പിച്ചു. മുദ്രാ ലോൺ അട്ടിമറിക്കാൻ ബാങ്ക് ബോധപൂർവ്വം ശ്രമിക്കുന്നതായി കളക്ടർക്ക് നൽകിയ പരാതിയിൽ അരുൺ സൂചിപ്പിരുന്നു.


ഈ മാസം 10-ന് എസ്എൽബിസി സെല്ലിലും അരുൺ ഇത് സംമ്പന്ധിച്ച പരാതിയുമായെത്തി. ഇത്രയുമായപ്പോൾ ലോണിനായി ഏതാനും രേഖകൾ കൂടി സമർപ്പിക്കാൻ ബാങ്ക് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ബാങ്ക് ആവശ്യപ്പെട്ട രേഖകൾ ഒക്ടോബർ 16-ന് സമർപ്പിച്ചു എന്നും എന്നിട്ടും ബാങ്ക് അധികൃതർ തന്റെ ലോണിന്റെ കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കയാണെന്നും അരുൺ കുമാർ ആരോപിച്ചു.

ഈ പദ്ധതിയിൽ 5 ലക്ഷം രൂപയ്ക്കുള്ള വായ്പ രണ്ടാഴ്ചയ്ക്കുള്ളിലും 10 ലക്ഷം രൂപവരെയുള്ള വായ്പ മൂന്നാഴ്ചയ്ക്കുള്ളിലും നൽകണമെന്നാണ് മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുള്ളതെന്നും തന്റെ കാര്യത്തിൽ ബാങ്കിൽ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് ഗുരുതരമായ വീഴ്ചയാണെന്നുമാണ് അരുൺകുമാറിന്റെ വിലയിരുത്തൽ.