കൊച്ചി: സാമൂഹികപ്രവർത്തക ദയാ ബായിക്ക് നേരേ ട്രെയിൻ യാത്രയ്ക്കിടെ കടുത്ത അധിക്ഷേപം. എറണാകുളത്ത് നിന്നും രാജ്കോട്ടിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ദയാ ബായിയുടെ വേഷത്തെ ചൊല്ലി സഹയാത്രികർ അധിക്ഷേപ പരാമർശം നടത്തുകയായിരുന്നു.
ശിശുക്ഷേമ സമിതിയും ചൈൽഡ് ലൈനും ചേർന്ന് എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ദയാ ബായി. പരിപാടി കഴിഞ്ഞ് കൊച്ചുവേളി-പോർബന്ദർ ട്രെയിനിൽ യാത്ര ചെയ്യവെയാണ് അപമാനം നേരിട്ടത്.

തന്റെ രൂപവും വസ്ത്രധാരണവും ചൂണ്ടി സഹയാത്രികരായ ഒരു കുടുംബം അധിക്ഷേപിക്കുകയായിരുന്നുവെന്ന് ദയാ ബായി അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അധിക്ഷേപിച്ചവരെ കണ്ടെത്തി തുടർനടപടി സ്വീകരിക്കുമെന്നും റെയിൽവേ സംരക്ഷണ സേന പ്രതികരിച്ചു.

തന്റെ രൂപത്തെ ഇവർ ആക്ഷേപിച്ചെന്നും, കരഞ്ഞാണ് യാത്ര തുടർന്നതെന്നും അവർ പറയുന്നു. 'എന്റെ മുഖത്തിന് എന്താണ് കുഴപ്പം', ദയാഭായി ചോദിക്കുന്നു. 'അവളുടെ രൂപം കണ്ടില്ലേ, സ്ത്രീയാണോ പുരുഷനാണോ' എന്നെല്ലാമുള്ള ആക്ഷേപം, ദയാഭായിയുടെ മനസിനെ വല്ലാതെ ഉലച്ചു.

'എസ്3 കമ്പാർട്‌മെന്റിനുള്ളിൽ ഭാര്യയും ഭർത്താവും രണ്ടു മക്കളുമടക്കം നാലു പേരടങ്ങുന്ന ഒരു കുടുംബമാണ് ഉണ്ടായിരുന്നത്. യാത്രക്കാർ ഇല്ലാത്ത സീറ്റുകൾ പലതും അവർ കയ്യേറിയിരുന്നു. വാതിൽ അകത്തു നിന്ന് അടച്ചിരുന്നതിനാൽ ഇവരെ വിളിച്ചു തുറപ്പിക്കുകയായിരുന്നു. ഞങ്ങളെന്താ ജോലിക്കാരാണോ എന്നു ചോദിച്ചാണ് തുറന്നു നൽകിയത്. ഞാൻ ഒരു സീറ്റിൽ കൂനിക്കൂടിയിരുന്നു. എന്റെ സീറ്റിനടിയിലെ ഇവരുടെ ബാഗ് മാറ്റിത്തരാൻ ആവശ്യപ്പെട്ടു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ല.

ഫോണിൽ ആരോടെങ്കിലും സംസാരിക്കുമ്പോൾ അതിനെക്കുറിച്ചു പറഞ്ഞ് ആക്ഷേപിച്ചു. അവരോടൊപ്പമുള്ള കുട്ടി ഇതിനിടെ ഫോൺ മുഴുവൻ ശബ്ദത്തിൽ വച്ചു. ശബ്ദം കുറയ്ക്കാൻ പറഞ്ഞപ്പോൾ തുടങ്ങിയ പടയാണ്. നിങ്ങൾക്കു വേണമെങ്കിൽ ഫ്‌ളൈറ്റിൽ പോകൂ എന്നായിരുന്നു മറുപടി. മറ്റു യാത്രക്കാർക്കു ബുദ്ധമുട്ടുണ്ടാക്കും വിധം ശബ്ദം ഉറക്കെ വയ്ക്കരുത് എന്നു റെയിൽവേ റൂളുണ്ടെന്നു പറഞ്ഞപ്പോൾ അതു കാണിച്ചു തരണമെന്നായി. അതിനു പിന്നാലെയാണ് അവളുടെ രൂപം കണ്ടില്ലേ, സ്ത്രീയാണോ പുരുഷനാണോ എന്നെല്ലാം പറഞ്ഞത്. ഇവരെക്കുറിച്ചു ഫേസ്‌ബുക്കിലിടണം. പിന്നെ പുറത്തിറങ്ങാൻ കഴിയരുത് എന്നെല്ലാം പറഞ്ഞ് ആക്ഷേപിച്ചുകൊണ്ടിരുന്നു. ജാംനഗറിലാണ് ഇവർ ഇറങ്ങിയതെന്നറിയാം. ഇതിനിടെ റെയിൽവേയിൽ പരാതിപ്പെടാൻ വിളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വേഷവിധാനത്തിന്റെ പേരിൽ മുൻപും ദയാ ബായിക്ക് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ വെച്ച് ഒരു ബസ് യാത്രക്കിടെ വേഷത്തിന്റെ പേരിൽ 'നാലാം കിടസ്ത്രീ' എന്ന ആക്ഷേപം കേൾക്കേണ്ടി വരികയും ദയാ ബായിക്ക് വണ്ടിയിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വരികയും ചെയ്തിരുന്നു.

കോട്ടയം പൂവരണി സ്വദേശിനിയായിരുന്ന ദയാ ബായിയുടെ യഥാർത്ഥ പേര് മേഴ്സി മാത്യു എന്നായിരുന്നു. വടക്കേ ഇന്ത്യയിലെ അധഃസ്ഥിതർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ 16-മത്തെ വയസിൽ ബീഹാർ ഹസാരിബാഗിലെ ഹോളി കോൺവെന്റിലെത്തി. ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂർത്തിയാക്കാതെ മഠത്തിൽ നിന്നും പുറത്തുവന്നു.

പിന്നീട് ഗോത്രവർഗ മേഖലകളിൽ അദ്ധ്യാപികയായും സന്നദ്ധ പ്രവർത്തകയായും ജോലി ചെയ്തു. ഗോത്രവർഗക്കാർക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാൻ മേഴ്സി അവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വീകരിച്ചു. മേഴ്സി എന്നാൽ ദയ എന്നാണർത്ഥം. ബായി എന്നത് ഗോത്രവർഗ്ഗ സ്ത്രീകളുടെ വിളിപ്പേരാണ്. മേഴ്സി അങ്ങനെ ദയാബായി എന്ന പേരു സ്വീകരിച്ചു. മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. ഗോണ്ടു വിഭാഗക്കാർക്കിടയിൽ സജീവമായ ദയാബായ് മധ്യപ്രദേശിലെ ചിന്ദവാര ജില്ലയിലെ ബരുൽ ഗ്രാമത്തിലാണ് താമസിക്കുന്നത്.