മെൽബൺ: ഓസ്‌ട്രേലിയൻ ജനതയിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ പെരുകുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2012 - 2013 സാമ്പത്തിക വർഷത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ചികിത്സിക്കാനായി 16 ദശലക്ഷം കൺസൾട്ടേഷനുകൾ ജിപിമാർ നടത്തിയിട്ടുണ്ടെന്നാണ് ദി ഓ്‌സ്‌ട്രേലിയൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ(എഐഎച്ച്ഡബ്ല്യൂ) റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ജിപിമാരുടെ മൊത്തം കൺസൾട്ടേഷന്റെ 12.3 ശതമാനമാണിത്.

ഇതിന് തൊട്ടുമുമ്പത്തെ വർഷം ഇത് 11.7 ശതമാനമായിരുന്നു. മാനസികാരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരുടെ എണ്ണത്തിലുള്ള വർധനവിനെയാണിത് സൂചിപ്പിക്കുന്നത്. ഉത്കണ്ഠമൂലമാണ് ഈ കൺസൾട്ടേഷനുകളിലെ 16 ശതമാനം പേരും ജിപിമാരുടെയടുത്തെത്തുന്നത്. ഇത്തരക്കാരുടെ പൊതുവായ പ്രശ്‌നം വിഷാദമാണ്. മൂന്നിലൊരുഭാഗം പേരും വിഷാദരോഗികളാണ്. ഈ കൺസൾട്ടേഷനുകളിൽ 12 ശതമാനം പേർ എത്തിയിരിക്കുന്നത് ഉറക്കതടസം മൂലമാണ്.

മാനസികാരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള മുഖ്യപ്രതിവിധി മെഡിക്കേഷനാണ്.  ആന്റിഡിപ്രെസന്റ്‌സുകളാണ് സാധാരണയായി ഇതിനുപയോഗിക്കുന്നത്. 2008 -2009 മുതൽ വർഷം തോറും  മാനസികപ്രശ്‌നവുമായി ബന്ധപ്പെട്ട് ജിപിമാരെ കാണുന്നവരുടെ എണ്ണം 4.7 ശതമാനം എന്ന തോതിൽ വർധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.