വാഷിങ്ടൺ: ഇന്ത്യൻ വംശജൻ ശ്രീനിവാസനെ പിന്തള്ളി മെറിക് ഗാർലാൻഡിനെ സുപ്രീം കോടതി ജഡ്ജിയായി പ്രസിഡന്റ് ബാരക് ഒബാമ നിയമിച്ചു. അതേസമയം ഒബാമയുടെ നിയമനം റിപ്പബ്ലിക്കൻ പാർട്ടിയുടെ എതിർപ്പിനെ മറികടന്നാണെന്നാണ് റിപ്പോർട്ടുകൾ. സുപ്രീം കോടതി ജഡ്ജി നിയമനത്തിന് സെനറ്റിൽ ഔദ്യോഗികമായി അംഗീകാരം നൽകണമെന്നിരിക്കേ ഒബാമയുടെ നോമിനിയെ ബ്ലോക്ക് ചെയ്ത് വോട്ട് ചെയ്യുമെന്നാണ് റിപ്പബ്ലിക്കൻ നേതാക്കളിൽ ചിലർ വ്യക്തമാക്കിയിരിക്കുന്നത്.

നവംബറിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം മതി പുതിയ സുപ്രീം കോടതി ജഡ്ജി നിയമനം എന്ന് റിപ്പബ്ലിക്കൻസ് ഒബാമയോട് ആവശ്യപ്പെട്ടിരുന്നതുമാണ്. പുതിയ പ്രസിഡന്റിന്റെ നോമിനിയായിരിക്കും സുപ്രീം കോടതി ജഡ്ജി എന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ താൻ തന്നെ പുതിയ സുപ്രീം കോടതി ജഡ്ജിയെ നിയമിക്കുമെന്ന് ഒബാമയും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് 63-കാരനായ ഗാർലാൻഡിന് നറുക്കു വീഴുന്നത്. ജസ്റ്റീസ് മെറിക് ഗാർലാൻഡ്, ജസ്റ്റീസ് ശ്രീനിവാസൻ എന്നിവരെ കൂടാതെ ജസ്റ്റീസ് പോൾ വാട്‌ഫോർഡ് കൂടി ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

ഫെബ്രുവരിയിൽ ജസ്റ്റീസ് അന്റോണിൻ സ്‌കാലിയയുടെ മരണത്തെ തുടർന്നാണ് സുപ്രീം കോടതിയിൽ ഒഴിവു വന്നത്. വാഷിങ്ടൺ അപ്പീൽസ് കോടതിയിൽ ചീഫ് ജഡ്ജിയായി ഇപ്പോൾ സേവനം ചെയ്യുന്ന ജസ്റ്റിസ് ഗാർലൻഡ് മുൻ പ്രോസിക്യൂട്ടറാണ്. 1997 ൽ ഡെമോക്രാറ്റിക് പ്രസിഡന്റ് ബിൽ ക്ലിന്റനാണ് അദ്ദേഹത്തെ ആദ്യം നിയമിച്ചത്. സെനറ്റിൽ 76 23 ന് അദ്ദേഹത്തിന്റെ നിയമനത്തിന് അന്ന് അംഗീകാരം ലഭിച്ചിരുന്നു. അതിനു മുമ്പ് ക്ലിന്റൺ ഭരണകാലത്ത് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിലും അദ്ദേഹം സേവനം ചെയ്തിരുന്നു.