കൊച്ചി: സിനിമാ താരം നിവിൻ പോളിയോടൊപ്പം നിന്ന് എ.എസ്‌പി മെറിൻ ജോസഫ് ഐ.പി.എസ് ഫോട്ടോയെടുത്ത സംഭവത്തിൽ അച്ചടക്ക നടപടി ഉണ്ടായേക്കും. കടുത്ത നടപടികളുണ്ടാകില്ലെങ്കിലും യുവ ഐപിഎസുകാരിക്ക് താക്കീതും ശാസനയുമെങ്കിലും നൽകുമെന്നാണ് സൂചന. പൊലീസിന്റെ അന്തസ്സിന് ചേരാത്ത പ്രവർത്തനങ്ങൾ ഇനി ഉണ്ടാകരുതെന്ന കർശന നിർദ്ദേശവും നൽകും. ഫോട്ടോ എടുത്തതുമാത്രമല്ല മെറിനെതിരായ കുറ്റം. യൂണിഫോം ധരിക്കുമ്പോൾ വേണ്ട ഡ്രെസ് കോഡ് ഉപയോഗിച്ചില്ലെന്നാണ് വിമർശനം.

യൂണിഫോമിൽ നിൽക്കുമ്പോൾ തലമുടി കെട്ടിവയ്ക്കണമെന്നാണ് ചട്ടം. നിവിൻ പോളിക്കൊപ്പം ചടങ്ങിനെത്തിയപ്പോൾ മുടി അഴിച്ചിട്ട നിലയിലായിരുന്നു. ഇതും ഐപിഎസുകാരിക്ക് തിരിച്ചടിയാണ്. ആ വിഷയത്തിൽ ഡി.ജി.പിയോട് ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാൽ ഉടൻ നടപടിക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. എഡിജിപി ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്തില്ലെന്ന വിവാദം കത്തുമ്പോഴാണ് മെറിന്റെ ഫോട്ടോ എടുക്കലും ചർച്ചയായത്. കൊച്ചിയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് നിവിൻ പോളിയോടൊപ്പം നിന്ന് ചിത്രമെടുത്തത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

ഹൈബി ഈഡൻ എംഎ!ൽഎയെ കൊണ്ട് ചിത്രമെടുപ്പിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനെതിരെയാണ് എ.എസ്‌പി. മെറിൻ ഫേസ്‌ബുക്കിൽ വിശദീകരണവുമായെത്തി. മാദ്ധ്യമങ്ങളെ കടന്നാക്രമിക്കുന്നതായിരുന്നു ഈ വിശദീകരണം. ഇതും പുലിവാല് പിടിക്കുന്ന അവസ്ഥയിലാണ്. തെറ്റ് ചെയ്തിട്ടും പരസ്യമായി തെറ്റിനെ ന്യായീകരിച്ച ഭാഷ ശരിയായില്ലെന്നാണ് വിമർശനം. ഈ സാഹചര്യത്തിലാണ് വിശദീകരണം ചോദിച്ച് നടപടി എടുക്കാനുള്ള നീക്കം. യുവ ഐപിഎസുകാരുടെ തെറ്റുകൾ ഇപ്പോഴേ തിരുത്തണമെന്നാണ് പൊലീസിലെ ഉന്നതരുടേയും നിലപാട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഇതേ നിലപാടാണ് ഉള്ളത്.

മാദ്ധ്യമ ധർമത്തെപ്പറ്റി അറിയാത്തവരാണ് പ്രോട്ടോക്കോൾ പഠിപ്പിക്കാൻ വരുന്നതെന്നും ഇത്തരം വാർത്തകൾ സൃഷ്ടിക്കപ്പെടുന്നത് മാദ്ധ്യമ പ്രവർത്തനത്തിന്റെ അധഃപതനമാണെന്നും മെറിൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്നതാണ് തന്റെ നിലപാട്. എന്നാൽ സംഭവിച്ചതെന്തെന്ന് വിശദമാക്കാൻ ആഗ്രഹിക്കുന്നു. ചടങ്ങിൽ താൻ ഔദ്യോഗിക ഉത്തരവാദിത്വത്തോടെയല്ല പങ്കെടുത്തത്. അതിഥിയായി മാത്രം പോയതാണെന്നും പറഞ്ഞു. എന്നാൽ ഇതൊന്നും ആഭ്യന്തര വകുപ്പിന് ബോധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിശദീകരണം ചോദിക്കൽ.

ആഭ്യന്തരമന്ത്രി അടക്കമുള്ളവർ വേദി വിട്ടുപോയ ശേഷമാണ് ഫോട്ടോയെടുത്തതും. വെറുതെയിരിക്കുമ്പോൾ ഫേസ്‌ബുക്കിൽ ഫോട്ടോ അപ് ലോഡ് ചെയ്യാൻ പാടില്ലെന്നുണ്ടോയെന്നും മെറിൻ ചോദിച്ചിരുന്നു. ഹൈബി ഈഡൻ എംഎ!ൽഎയുടെ അനുമതി വാങ്ങിയ ശേഷമാണ് ചിത്രം എടുപ്പിച്ചത്. എന്നാൽ ധാർമികതയില്ലാത്ത ചില മാദ്ധ്യമങ്ങൾ ഈ വിഷയത്തെ വില കുറഞ്ഞ വിവാദമാക്കി മാറ്റിയെന്നും മെറിൻ വിമർശിക്കുന്നു. കൊച്ചിയിലെ ട്രെയ്‌നിങ് പൂർത്തിയാക്കിയ മെറിൻ ജോസഫ് കൊച്ചി റൂറലിലാണ് ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത്. ഈ വിഷയത്തിൽ ഡിജിപി മെറിനോട് വിശദീകരണം ചോദിക്കുമെന്നാണ് സൂചന.

ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും ഡിജിപി ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകുക. ഇനി ഇത്തരം വിവാദങ്ങളിൽപ്പെടരുതെന്ന താക്കീത് മെറിന് നൽകും. അതിനപ്പുറം ഒന്നും ഉണ്ടാകില്ലെന്നാണ് സൂചന. എന്നാൽ വിശദീകരണം നൽകുമ്പോഴും തന്റെ നിലപാടിൽ മെറിൻ ഉറച്ചു നിൽക്കുകയും മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്താൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നാണ് സൂചന.