കോഴിക്കോട്: സ്ത്രീ സുരക്ഷയെ കുറിച്ച് കേരളം ഗൗരവമായി ചർച്ച ചെയ്യുന്ന സമയമാണ് ഇപ്പോൾ. ഒരു നഗരത്തിൽ സ്ത്രീ തനിച്ച് സഞ്ചരിക്കുമ്പോൾ എന്തുസംഭവിക്കും എന്ന ചോദ്യം പലപ്പോഴും ഉയരുന്നതാണ്. നമ്മുടെ നഗരങ്ങൾ ഒട്ടും വനിതാ സൗഹൃദമല്ലെന്നാണ് പൊതുവേ ഇതേക്കുറിച്ച് പറയാറ്. എന്നാൽ, അടുത്തിടെ ആളുകളുടെ മനോഭാവത്തിൽ മാറ്റു വന്നു തുടങ്ങിയോ? സ്ത്രീ സുരക്ഷയെ കുറിച്ച് കേരളം ചർച്ച ചെയ്യുമ്പോൾ മലയാളികളുടെ മനോഭാവത്തിലും കാര്യമായ മാറ്റം വന്നുകൊണ്ടിരിക്കുന്നു എന്നാണ് മാതൃഭൂമി പത്രം മുൻകൈയെടുത്ത് ഡിസിപി മെറിൻ ജോസഫ് ഐപിഎസിനെയും വനിതാ പൊലീസുകാരെയും അർദ്ധരാത്രിയിൽ കോഴിക്കോട് നഗരം ചുറ്റിച്ചപ്പോൾ വ്യക്തമായത്.

ചെറിയൊരു വിഭാഗം സാമൂഹ്യ വിരുദ്ധരുണ്ടെങ്കിലും സഹായിക്കാൻ സന്നദ്ധരായി എന്തുകൊണ്ടാണ് ഒരു സ്ത്രീ തനിച്ച് നഗരത്തിലായി പോയത് എന്നു ചോദിച്ച് സഹായം ചെയ്യാൻ സന്നദ്ധമായാണ് നല്ലൊരു ശതമാനം ആളുകൾ പോലും രംഗത്തെത്തിയത്. യൂണിഫോം ഉപയോഗിച്ച് സാധാരണ വേഷത്തിലായിരുന്നു മെറിൻ ജോസഫും വനിതാ പൊലീസുകാരും കോഴിക്കോട് നഗരത്തിൽ രാത്രി സഞ്ചാരം നടത്തിയത്. മാതൃഭൂമി മുൻപ് നടത്തിയ ഒരു പരീക്ഷണത്തിന്റെ തുടർച്ചയായാണ് വീണ്ടും രാത്രിയാത്ര സംഘടിപ്പിച്ചത്.

മെറിൻ ജോസഫ് ഐപിഎസ് ചുവന്നകുർത്തയും ജീൻസും ധരിച്ചാണ് നഗരത്തിന്റെ പലയിടങ്ങളിലായി കറങ്ങിയത്. കോഴിക്കോട്ടെ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട മുഖമായതിനാൽ ചിലർ ഡിസിപിയാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ, പൊലീസുകാർ പോലും മെറിൻ ജോസഫ് ഐപിഎസാണ് റോഡിൽ നടന്നു പോകുന്നതെന്ന് തിരിച്ചറിഞ്ഞില്ലെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. രാത്രി 9.30 മുതൽ പുലർച്ചെ ഒന്നര വരെ മെറിൻ ജോസഫും വനിതാ പൊലീസുകാരും നഗരത്തിൽ പ്രദക്ഷിണം വെച്ചു. ചിലർ ഒറ്റയ്ക്കു നിൽക്കുന്ന സ്ത്രീയെ കണ്ട് കൂടെ പോരുന്നോ എന്ന ചോദ്യവും ഉയർത്തി. ഒരു യുവാവ് മാത്രമാണ് ഇങ്ങനെ ചോദിച്ചതെന്നും പത്രവാർത്തയിൽ പറയുന്നു. മറ്റു ചിലരാകട്ടെ സഹായം വാഗ്ദാനം ചെയ്തു കൊണ്ടാണ് രംഗത്തെത്തിയതെന്നും. മെറിൻ ജോസഫിന്റെയും സഹപ്രവർത്തകരുടെയും രാത്രിയാത്രയെ കുറിച്ച് പത്രം വിശദീകരിക്കുന്നത് ഇങ്ങനെ:

തിങ്കളാഴ്ച രാത്രി 9.30 ന് കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളിനു സമീപത്ത് സിവിൽ പൊലീസ് ഓഫീസർമാരായ സബിതയും സൗമ്യയും ഹോട്ടലിനു പുറത്ത് അല്പം നേരം നിന്നപ്പോൾ തന്നെ തൊട്ടടുത്തുള്ള വാഹനത്തിൽനിന്ന് പാളിനോട്ടങ്ങളും എന്താണ് രണ്ട് സ്ത്രീകൾ ഇങ്ങനെ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നതെന്ന മുഖഭാവവും പലരിൽ നിന്നും വന്നുതുടങ്ങി. പക്ഷേ നോട്ടമല്ലാതെ അവർ ഒന്നും ചോദിച്ചില്ല. പുതിയപാലത്ത് എത്തിയപ്പോൾ സമയം 10.30. ബൈക്കുകളിൽ ചീറിപ്പായുന്ന യുവാക്കളുടെ ബഹളങ്ങൾക്കിടെ ഒരാൾ തൊട്ടുമുൻപിൽ വാഹനം നിർത്തി. ഒരു സ്ത്രീ ഒറ്റയ്ക്ക് നിൽക്കുന്നതുകണ്ട് നിർത്തിയതാണെന്ന് തോന്നി. പക്ഷേ, വഴിചോദിച്ച് അയാൾ ഓടിച്ചുപോയി. സൗമ്യ ബസ് യാത്രക്കാരിയായി എം.സി.സി. ബാങ്ക് ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ സമയം പതിനൊന്നുമണി കഴിഞ്ഞു. അല്പനേരം കഴിഞ്ഞ് ഒരു ഓട്ടോറിക്ഷ തൊട്ടടുത്ത് നിർത്തി എവിടേക്കാണെന്നു ചോദിച്ചു. പോവുന്നില്ലെന്ന് പറഞ്ഞപ്പോൾ ഓട്ടോ ഓടിച്ചുപോയി.

തുടർന്ന് പതിനൊന്നേ മുക്കാലോടെ കോഴിക്കോട് ബീച്ചിലെത്തിയപ്പോൾ സിറ്റിപൊലീസ് ഡെപ്യൂട്ടി കമ്മിഷണർ മെറിൻ ജോസഫും ഇവർക്കൊപ്പം ചേർന്നു. വനിതാപൊലീസുകാരെ വാഹനത്തിലിരുത്തി മെറിൻ ബീച്ച് ആശുപത്രിക്കുമുന്നിൽ ഇറങ്ങിനടന്നു. ബീച്ചിന്റെ വിളക്കുകാലിനുമുന്നിൽ അല്പനേരം ഇരുന്നു. പക്ഷേ, അതുവഴി വന്നവരൊക്കെ ഒട്ടും അലോസരമുണ്ടാക്കാതെ മെറിനെ മറികടന്നുപോയി. പിന്നീട് കൂരാക്കൂരിരുട്ടിൽ വാഹനങ്ങളുടെ വെളിച്ചം മാത്രമുള്ള വഴിയിലൂടെ ഗാന്ധിറോഡ് ജംഗ്ക്ഷൻവരെ തനിച്ച് നടന്നെങ്കിലും ഒരു തുറിച്ചുനോട്ടംപോലും നേരിടേണ്ടി വന്നില്ല. കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോൾ തുറിച്ചു നോട്ടങ്ങൾ പലതുമുണ്ടായി. മാവൂർ റോഡ് ജംഗ്ഷനിലേക്ക് നടന്നുതുടങ്ങിയപ്പോൾത്തന്നെ നല്ല രീതിയിൽ വസ്ത്രം ധരിച്ച യുവാവ് എത്തി. മെറിൻ പോവുന്നിടത്തും നിൽക്കുന്നിടത്തുമൊക്കെ ചുറ്റിപ്പറ്റി നിന്നു.

പൊലീസ് വാഹനം വന്നുതൊട്ടടുത്ത് നിർത്തി ഓടിച്ചുപോയതോടെ അയാളുടെ മട്ട് മാറി. ഒന്നുപേടിച്ചു. ഒടുവിൽ ദൂരെ നിർത്തിയിട്ട ഔദ്യോഗികവാഹനം തിരികെ വന്ന് അതിൽ ഡെപ്യൂട്ടി കമ്മിഷണർ കയറിയതോടെ പിന്നെ അയാളെ കണ്ടതേയില്ല. അങ്ങനെ മൂന്നുപേരും പലയിടത്തും ഒറ്റയ്ക്കും രണ്ടുപേരൊന്നിച്ചുമൊക്കെ നിൽക്കുകയും നടക്കുകയും ചെയ്തു. ബൈക്കുകളിൽ റോന്തുചുറ്റുന്നവർ തൊട്ടുചേർന്ന് ഓടിച്ചുപോവുകയും മാറിനിന്ന് നിരീക്ഷിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ഈ സ്ഥലം അത്ര പന്തിയല്ലെന്ന് ഉപദേശിക്കുകയും ഒക്കെ ചെയ്യുകയുണ്ടായി. ഒരാൾ മാത്രം കൂടെപോരുന്നോ എന്ന് ചോദിച്ച് രംഗത്തെത്തി.

എവിടേയ്ക്കാണെന്ന് ചോദിച്ചപ്പോൾ എവിടേയ്ക്ക് വേണമെങ്കിലും പോവാം എന്നായി. ദേഷ്യത്തോടെ നോക്കിയപ്പോൾ പിന്മാറി. എന്നാൽ ആരിൽ നിന്നും മോശമായൊന്നും ഉണ്ടായില്ല. ഓട്ടോക്കാരിൽ പലരും എവിടേയ്ക്കാണ് പോവേണ്ടതെന്ന് ചോദിച്ച് എത്തി. സഹായം വേണ്ടെന്ന് പറഞ്ഞപ്പോൾ പോയി. ഏറ്റവും രസകരമായത്, ഡെപ്യൂട്ടി കമ്മീഷണർ വഴിയിലൂടെ നടന്നപ്പോൾ പട്രോളിംഗിനെത്തിയ രണ്ട് പൊലീസുകാർ മെറിനെ തിരിച്ചറിയാതെ എവിടാണ് പോവേണ്ടതെന്നും വേണമെങ്കിൽ പൊലീസ് വാഹനത്തിൽ കൊണ്ടുവിടാമെന്നും പറയുകയുണ്ടായി. ഭർത്താവ് എത്തുമെന്ന് അറിയിച്ചതോടെ അവർ വണ്ടിയോടിച്ച് പോയി. പൊലീസിന്റെ ഇത്തരത്തിലുള്ള മനോഭാവം സമൂഹത്തിന് ഉപകാരപ്രദമാണെന്ന് മെറിൻ പിന്നീട് പറയുകയും ചെയ്തു.

കടപ്പാട്: മാതൃഭൂമി നഗരം