ഇടുക്കി: പൊലീസുകാരനെക്കൊണ്ടു കുട ചൂടിച്ചുനിന്നതിന് മെറിൻ ജോസഫ് എന്ന യുവ ഐപിഎസ് ഓഫീസറെ ശിക്ഷാനടപടിയുടെ ഭാഗമായി മൂന്നാർ എഎസ്‌പിയായി നിയമിച്ചെന്ന പ്രചാരണം തെറ്റി. വാസ്തവത്തിൽ പണി കിട്ടിയത് മൂന്നാർ ഡിവൈഎസ്‌പിയായിരുന്ന പ്രഭുല്ലചന്ദ്രനായിരുന്നു. മൂന്നാർ സമരം ക്രമസമാധാനപ്രശ്‌നങ്ങളില്ലാതെ പര്യവസാനിപ്പിക്കാൻ പൊലീസിനു നേതൃത്വം നൽകിയെന്ന ബഹുമതി പ്രഭുല്ലചന്ദ്രനു നൽകുമ്പോഴും തീവ്രവാദസ്വഭാവമുള്ള സമരത്തെ കൈകാര്യം ചെയ്തതിലുള്ള വീഴ്ചയുടെ പേരിൽ അദ്ദേഹത്തെ മൂവാറ്റുപുഴയിലേയ്ക്ക് മാറ്റുകയും മൂന്നാറിനെ സംരക്ഷിക്കാൻ മെറിൻ ജോസഫിനെ സർക്കാർ പ്രത്യേക താൽപര്യമെടുത്തു നിയോഗിക്കുകയുമായിരുന്നെന്നു വെളിവായി. ഒൻപത് ദിവസത്തോളം മൂന്നാറിനെ സ്തംഭിപ്പിച്ചു റോഡ് ഉപരോധിച്ച് സമരം നടത്തിയ പെമ്പിളൈ ഒരുമൈയെന്ന സ്ത്രീസംഘടനക്കാർ ഇനിയും തെരുവിലിറങ്ങിയാൽ അവരെ സ്ത്രീ പൊലിസിനെക്കൊണ്ടു കൈകാര്യം ചെയ്യിക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് മെറിന്റെ നിയമനം.

നിവിൻ പോളിക്കൊപ്പം നിൽക്കുന്ന ചിത്രം ഹൈബി ഈഡൻ എംഎൽഎയെക്കൊണ്ടു എടുപ്പിച്ചെന്ന പേരിൽ വിവാദത്തിലായതിനു പിന്നാലെയാണ് പൊലിസ് പരിശീലനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ മെറിൻ പൊലിസുകാരനെക്കൊണ്ട് കുട ചൂടിച്ചു നിൽക്കുന്ന മെറിന്റെ ചിത്രം പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയ ആഘോഷിച്ചത്. ഇതിനു പിന്നാലെ, അവരെ ശിക്ഷാനടപടിയുടെ ഭാഗമായി മൂന്നാറിലേയ്ക്ക് സ്ഥലം മാറ്റിയെന്ന പ്രചാരണവും കൊഴുപ്പിച്ചു. കൊച്ചിയിൽ എ. സി. പിയാകും മുമ്പേ, പരിശീലനത്തിനിടെ സോഷ്യൽ മീഡിയ മെറിനെ അവരെ 'അസിസ്റ്റന്റ് കമ്മിഷണ'റാക്കി പോസ്റ്റുകൾ ഇട്ടിരുന്നു. പിന്നീടും അവരെ നോട്ടപ്പുള്ളിയാക്കി പിന്തുടർന്നു. എസിപി റാങ്കിൽ എറണാകുളം റൂറലിൽ നിയമിതയായ ഈ ഐപിഎസ് സുന്ദരി തിരുവനന്തപുരത്ത് പൊലിസ് ട്രേയിനിങ്ങിനിടെയാണ് പൊലിസുകാരന്റെ കുടക്കീഴിൽ കൈകെട്ടി നിൽക്കുന്ന ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.

നേരത്തെ മന്ത്രിയടക്കമുള്ളവർ ഇരിക്കുന്ന വേദിയിൽ കാലിന്മേൽ കാൽ കയറ്റിവച്ച് മുൻനിരയിൽ യൂണിഫോമിൽ ഇരിക്കുന്ന ചിത്രവും വൈറലായി. ഇവൾക്കെന്താ കൊമ്പുണ്ടോ എന്നു തുടങ്ങി നിരവധി വിമർശനങ്ങൾക്കും മെറിന്റെ ചിത്രങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടു. മെറിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. കുട വിവാദത്തിന്റെ പിന്നാലെ മൂവാറ്റുപുഴ എ. എസ്. പിയായി നിയമിക്കാനുള്ള തീരുമാനം റദ്ദാക്കി മെറിനെ മൂന്നാറിലേക്ക് അയയ്ക്കാൻ സർക്കാർ തീരുമാനിച്ചപ്പോഴാണ് ഇതിനെ ശിക്ഷാനടപടിയായി വ്യാഖ്യാനിച്ചത്. എന്നാൽ മെറിന്റെ കഴിവിലുള്ള വിശ്വാസമാണ് നിയമനത്തിലൂടെ സർക്കാർ ഉറപ്പിക്കുന്നതെന്ന് പൊലിസ് സേനയിലെ ഉന്നതർ ചൂണ്ടിക്കാട്ടുന്നു.

മൂന്നാർ പ്രശ്‌നം പൂർണമായും പരിഹരിക്കും മുമ്പേ, ആദ്യഘട്ട സമരം വിജയിച്ചതിന്റെ മൂന്നാം നാൾ തന്നെ പൊലിസിൽ അഴിച്ചുപണിയുണ്ടായതെന്തിന്?, സമരത്തിനിടയിൽ കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടാകാതെയും സമാധാനപരമായും കൈകാര്യം ചെയ്ത പ്രഭുല്ലചന്ദ്രനെ പെട്ടെന്നു മാറ്റാൻ കാരണമെന്ത് ?, സമരം വീണ്ടുമുണ്ടായേക്കുമെന്ന വ്യക്തമായ സൂചന ലഭിച്ചിട്ടും, സമരക്കാരുടെ വിശ്വാസമാർജിച്ച ഡിവൈ. എസ്. പിയെ മാറ്റി പകരം പരിചയസമ്പന്നയല്ലാത്ത യുവതിയെ തൽസ്ഥാനത്ത് നിയമിച്ചതിനു കാരണമെന്ത് ? തുടങ്ങിയ ചോദ്യങ്ങളിലുള്ള ചർച്ചയിലാണ് മെറിന്റെ നിയമനം സർക്കാർ വ്യക്തമായ ഉദ്ദേശ്യലക്ഷ്യത്തോടെ നടപ്പാക്കിയാതാണെന്ന വിവരം ലഭിക്കുന്നത്. മൂന്നാർ സമരം തൊഴിലാളികളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയിൽനിന്നും സ്വയം ആവിർഭവിച്ചതാണെന്നും സമരത്തിന് പിന്നിൽ മറ്റാരുമില്ലെന്നുമായിരുന്നു ആദ്യദിവസങ്ങളിൽ മുതൽ പൊലിസ് സർക്കാരിന് നൽകിയ റിപ്പോർട്ട്.

ഒൻപത് ദിവസം തുടർച്ചയായി തൊഴിലാളി സ്ത്രീകൾ ദേശീയപാത ഉപരോധിച്ചു സമരം തുടർന്നിട്ടും പൊലിസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ട്രേഡ് യൂണിയനുകളെ തള്ളിപ്പറഞ്ഞു സമരം നടത്തുന്ന സ്ത്രീകൾക്ക് എല്ലാ ദിവസവും കൃത്യമായി ഭക്ഷണവും വെള്ളവും എത്തിക്കുന്നത് എന്ന് പൊലിസിനു കണ്ടെത്താൻ കഴിഞ്ഞതുതന്നെ നാല് ദിവസം കഴിഞ്ഞാണ്. കുറ്റവാളികളുടെ നീക്കങ്ങൾ മണിക്കൂറുകൾ കൊണ്ടു കണ്ടെത്താൻ കഴിയുന്ന സൈബർ സെല്ലിന്റെ സേവനം കാര്യക്ഷമമായി വിനിയോഗിക്കാമായിട്ടും മൊബൈൽ ഫോണിലൂടെയാണ് ആശയങ്ങളും നിർദ്ദേശങ്ങളും കൈമാറുന്നതെന്നു പൊലിസ് പറഞ്ഞതുപോലും നാല് ദിവസത്തിനു ശേഷമാണ്. അഞ്ചാം ദിവസത്തിലേയ്ക്ക് സമരം കടന്നതോടെ സമരത്തിനു പിന്നിലെ തമിഴ്ഭാഷാ വികാരം പൊലിസ് കണ്ടെത്തിയെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി.

എന്നിട്ടും തങ്ങൾക്കുണ്ടായ വീഴ്ച മറയ്ക്കാൻ പൊലിസ് സത്യമായ റിപ്പോർട്ട് നൽകാൻ മടിച്ചു. ഒടുവിൽ ഏഴാം ദിവസം സർക്കാരിന് നിജസ്ഥിതി ബോധ്യപ്പെട്ടതോടെയാണ് ചടുലമായ നീക്കങ്ങളും പരിഹാരവും ഉണ്ടായത്. ഏഴാം ദിവസം സമരക്കാരെ റോഡിൽനിന്ന് നീക്കാൻ ആലോചിച്ചെങ്കിലും മണ്ണെണ്ണ നിറച്ച കുപ്പികളുമായി സമരവേദിയിൽ ഇരിക്കുന്ന സ്ത്രീകളുടെ ആത്മാഹൂതിശ്രമങ്ങൾ ഉണ്ടാകുമെന്ന ഭയത്തിൽ രണ്ട് ദിവസത്തെ ശ്രമഫലമായി രമ്യമായ പരിഹാരം ഉണ്ടാക്കുകയായിരുന്നു. സമരം വിജയിച്ചതറിഞ്ഞ് പ്രഭുല്ലചന്ദ്രനെ ഹാരമണിയിച്ച് എടുത്തുയർത്തിയാണ് സമരക്കാർ ആഹ്ലാദം പ്രകടിപ്പിച്ചത്.

ഒട്ടനവധി വീഴ്ചകളാണ് പ്രഭുല്ലചന്ദ്രനെതിരെ കണ്ടത്തിയത്. സമരത്തിന്റെ ആദ്യദിവസങ്ങളിൽ ഉപരോധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നെങ്കിൽ അടുത്ത ദിവസങ്ങളിൽ ആളുകളുടെ എണ്ണത്തിൽ കുറവുണ്ടാകുമായിരുന്നു. റോഡുപരോധത്തിന് കേസ് എടുത്തു മുമ്പോട്ടു നീങ്ങിയാൽ കേസ് ഭയന്ന് സാധാരണ സ്ത്രീകളിൽ മിക്കവരും സമരത്തിൽനിന്നു വിട്ടു നിൽക്കും. രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ സ്തംഭനത്തെ ഗൗരവമായി കണ്ട് നടപടിയെടുത്തില്ല. ട്രേഡ് യൂണിയനുകൾക്ക് മതിയായ സംരക്ഷണം നൽകാൻ തയാറാകാതെ സമരക്കാരുടെ വികാരങ്ങൾക്ക് മാത്രം സഹായകമായി പ്രവർത്തിച്ചു.

പ്രമുഖ് രാഷ്ട്രീയ കക്ഷികളുടെ ഓഫീസുകൾ എറിഞ്ഞുതകർത്തവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, അവർക്കെതിരെ കേസുമെടുത്തില്ല. ഇതേസമയം സർക്കാരിന്റെ ഫോറസ്റ്റ് ഐ. ബി തകർത്തതിന് ഏതാനും പുരുഷന്മാർക്കതിരെ മാത്രം കേസെടുത്തു. അയ്യായിരത്തിലധികം സ്ത്രീകൾ ദേശീയ പാത ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന 250 പേർക്കെതിരെ ആത്യന്തികമായി വ്യക്തമായ ഭാഷാവികാരത്തോടെ സമരം ആസൂത്രണം ചെയ്തവരുടെ വലയിൽ വീണുപോയ ഡിവൈഎസ്‌പി പ്രഫുല്ലചന്ദ്രൻ അവരുടെ ആഹ്ലാദനിമിഷങ്ങൾ മാലയേറ്റുവാങ്ങി പങ്കുവയ്ക്കുകകൂടി ചെയ്തതോടെ പതനം ഉറപ്പാക്കി.

സമരവിജയത്തിന്റെ പിറ്റേന്നുതന്നെ ഭരണമുന്നണിയിലെ പ്രമുഖ തമിഴ് നേതാവ് ഡിവൈ. എസ്. പിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചു. മൂന്നാർ ടൗണിൽ തീവ്രവാദികൾ ബോംബിടുമ്പോൾ വീഴുന്ന ശവങ്ങളിൽ ഇടേണ്ട മാലയുടെ ആദ്യപടിയാണ് തന്റെ കഴുത്തിൽ സമരക്കാർ ഇട്ടതെന്നായിരുന്നു വിമർശനം. തന്റെ തലയിൽ തൊപ്പിയല്ല, ആ മാലയാണ് ചേരുന്നതെന്നു പരിഹസിച്ചതിന്റെ പിറ്റേന്നുതന്നെ തിരുവനന്തപുരത്ത് പ്രഭുല്ലചന്ദ്രനായി സ്ഥലംമാറ്റ ഉത്തരവ് തയാറായി കഴിഞ്ഞിരുന്നു.

ഇനിയൊരു സ്ത്രീ സമരമുണ്ടായാൽ പെണ്ണിനെ പെണ്ണിനെക്കൊണ്ടുതന്നെ തല്ലിയൊതുക്കുകയെന്ന തന്ത്രത്തിന് സർക്കാരും തയാറായി. പുരുഷന്മാരായ പൊലിസുകാർ മുമ്പിൽനിന്ന് തല്ലിയോടിച്ചാൽ അതിന് ദുർവ്യാഖ്യാനങ്ങളും തമിർക്കിടയിൽ അസ്വസ്ഥത പടരുമെന്നും സർക്കാർ വിലയിരുത്തുന്നുണ്ട്. ഇവയെ മറികടക്കാനാണ് സോഷ്യൽ മീഡിയയിലെ ഐപിഎസ് സുന്ദരിക്ക് മൂന്നാർ സൗന്ദ്യരത്തിലേയ്ക്ക് നിയമനം നൽകിയത്. ഇന്നലെത്തെ സമരത്തിൽ അത് ഫലം കണ്ടു തുടങ്ങുകയും ചെയ്തു. റോഡ് തടഞ്ഞവർക്കെതിരെ കേസുമെടുത്തു. ട്രേഡ് യൂണിയൻ നേതാക്കളുടെ സമരവേദിക്ക് സമീപം ഇരിപ്പുറപ്പിച്ച സ്ത്രീതൊഴിലാളികളെ പാലത്തിനപ്പുറത്തേയ്ക്ക് നീക്കി. സംഘർഷത്തിനു ശ്രമിച്ചവരെ ലാത്തിവീശിയോടിച്ചു.

ട്രേഡ് യൂണിയൻ നേതാക്കളെ സംരക്ഷിക്കാനാണ് പൊലിസ് കൂടുതൽ ശ്രമിച്ചത്. പ്രഭുല്ലചന്ദ്രൻ സ്ത്രീസമരക്കാരോട് കാട്ടിയ നിലപാടിന് കടകവിരുദ്ധമായ സമീപനമാണ് ഇപ്പോൾ മെറീനയുടെ പൊലിസ് സ്വീകരിച്ചിരിക്കുന്നത്. സർക്കാരും ട്രേഡ് യൂണിയനുകളും ആഗ്രഹിക്കുന്നതും അതാണ്. ഇന്ന് അധികമായി വിന്യസിച്ച പൊലിസ് സേനയിൽ പ്രഭുല്ലചന്ദ്രനുമുണ്ട്. ഒരു ചർച്ച ആവശ്യമായാൽ സ്ത്രീതൊഴിലാളികൾക്കുകൂടി സ്വീകാര്യനായ ഓഫീസറെ മുന്നിൽ നിർത്താനാണ് പ്രഭുല്ലചന്ദ്രനെ എത്തിച്ചിരിക്കുന്നത്.