ബർലിൻ: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അഭയാർഥി പ്രശ്‌നത്തിന് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നതിനിടെ സൈബീരിയയിൽ നിന്നും അഭയാർഥികളുടെ ഒഴുക്ക് ആരംഭിച്ചു. യൂറോപ്യൻ യൂണിയനിലേക്ക് കഴിഞ്ഞ ദിവസമാണ് സൈബീരിയയിൽ നിന്നും ഒരു സംഘം അഭയാർഥികൾ എത്തിയത്. ഇതോടെ രൂക്ഷമായിരിക്കുന്ന അഭയാർഥി പ്രശ്‌നത്തിൽ ഏകീകൃത പ്രശ്‌നം പരിഹാരം വേണമെന്നുള്ള ആവശ്യവുമായി ജർമനിയും ഫ്രാൻസും മുന്നോട്ടു വന്നു. യൂറോപ്പിലേക്ക് കടക്കുന്ന അഭയാർഥികളെ പരിമിതമായി സ്വീകരിക്കാൻ ഇരുരാജ്യങ്ങളും തയാറാകുമ്പോൾ മറ്റു യൂറോപ്യൻ രാജ്യങ്ങൾ ഇതിനു തടയാൻ ശ്രമിക്കുന്നതാണ് ജർമനിയും ഫ്രാൻസും പ്രശ്‌നപരിഹാരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അഭയാർഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ മാറ്റി നിർത്തി ഏകീകൃത പരിഹാരം കൊണ്ടുവരാനാണ് യൂറോപ്യൻ യൂണിയനോട് ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഒലന്തേയും  ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ചില പരിഷ്‌ക്കാരങ്ങൾ നിർദേശിച്ചിട്ടുണ്ടെങ്കിലും മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള കടുത്ത എതിർപ്പ് ഇതിന് തടസം നിൽക്കുകയാണ് ഇപ്പോഴും.

ഇതിനിടെ അഭയാർഥികളുടെ ഒഴുക്ക് അനിയന്ത്രിതമായി തുടരുകയാണ്. ആയിരത്തിലധികം അഭയാർഥികളാണ് ഇയു അംഗരാജ്യമായ ഹംഗറിയിലേക്ക് തിങ്കളാഴ്ച എത്തിച്ചേർന്നത്. കഴിഞ്ഞാഴ്ച യൂറോപ്പിലേക്കുള്ള യാത്രാ മധ്യേ ഏഴായിരത്തോളം അഭയാർഥികളെ തടഞ്ഞുവച്ചിട്ടുമുണ്ട്. അഭയാർഥി പ്രവാഹം ശക്തമായതിനെ തുടർന്ന് മാർസിഡോണ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും മൂന്നു ദിവസത്തേക്ക് ഇതിന്റെ ഗ്രീക്ക് അതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു. അഭയാർഥി പ്രവാഹത്തിന് തടയിടുന്നതിനായി മിക്ക യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ അതിർത്തിയിൽ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കുകയും ചെയ്തിരിക്കുകയാണ്.

ഈ വർഷം തന്നെ ജർമനിയിലേക്കുള്ള അഭയാർഥി പ്രവാഹം എട്ടു ലക്ഷം കവിയുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മുൻ കണക്കുകൂട്ടൽ അനുസരിച്ച് ഇതു നാലര ലക്ഷമായിരുന്നെങ്കിലും നിലവിലുള്ള സാഹചര്യം കണക്കിലെടുത്താണ് അഭയാർഥിപ്രവാഹം എട്ടു ലക്ഷം കവിയുമെന്ന് വിലയിരുത്തുന്നത്. ഇത്തരത്തിൽ ഒന്നോ രണ്ടോ രാജ്യത്തേക്ക് മാത്രം അഭയാർഥികളുടെ ഒഴുക്ക് ഉണ്ടാകാതെ യൂറോപ്യൻ അംഗരാജ്യങ്ങൾക്കിടയിൽ അഭയാർഥികളെ വീതിക്കണമെന്നാണ് ജർമനി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.