ജിദ്ദ: മെർസ് (Middle East Respiratory Syndrome Coronav-irsu) രോഗബാധിതരുടെ എണ്ണം ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെക്കാൾ കൂടുതലെന്ന് വ്യക്തമാക്കിക്കൊണ്ട് ഡോക്ടർമാരുടെ സംഘം. ഒരാഴ്ചയ്ക്കുള്ളിൽ മെർസ് പിടിപെട്ട് റിയാദിൽ മരിച്ചവരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നതെന്നും ഇത് ഏറെ ഭീതി വിതയ്ക്കുന്നുവെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

ഈ മാസം തന്നെ ഇതുവരെ 58 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ചൊവ്വാഴ്ച ഒരു ദിവസം തന്നെ പത്തു കേസുകളാണ് രേഖപ്പെടുത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മെയ്‌ മാസത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയേറെ കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. റിയാദിൽ കൊറോണ വൈറസ് രോഗ കേസുകളുടെ പൊടുന്നനെയുള്ള വർധനയെ തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിച്ചു. തലസ്ഥാനത്തെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ അടിയന്തര ചികിൽത്സ വിഭാഗത്തിലും ഔട്ട് പേഷ്യന്റ് വിഭാഗത്തിലും 24 മണിക്കൂർ ജാഗ്രത പ്രഖ്യാപിച്ചതായി നാഷനൽ ഗാർഡ് മന്ത്രാലയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹനാൻ ബിൻത് ഹസൻ അൽ ബൽകി അറിയിച്ചു. മെർസ് കേസുകൾ കൈകാര്യം ചെയ്യാനായി മൂന്നു വേർതിരിച്ച വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം രോഗബാധിതരുടെ എണ്ണം പ്രസിദ്ധപ്പെടുത്താനുള്ള അനുവാദം മന്ത്രാലയത്തിനു മാത്രമാണുള്ളതെന്ന് മന്ത്രാലയത്തിന്റെ നാഷണൽ ഗാർഡ് വിഭാഗം ഡയറക്ടർ ഹനൻ അൽ ബൽഖി പറഞ്ഞു. പല രോഗികളിലും കഴിഞ്ഞിടെ നടത്തിയ മെഡിക്കൽ പരിശോധനകളിൽ രോഗബാധ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ നാഷണൽ ഗാർഡ് ഹോസ്പിറ്റലിൽ പല ജോലിക്കാർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.

നിലവിലുള്ള പ്രതിസന്ധിയെ തരണം ചെയ്യാൻ കൂടുതൽ ജാഗ്രതപാലിക്കാനുള്ള നിർദ്ദേശം ഹോസ്പിറ്റലുകൾക്ക് നൽകിക്കഴിഞ്ഞു. ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം അടച്ചിട്ട് രോഗികളെ മറ്റ് ഹോസ്പിറ്റലുകളിലേക്ക് അയയ്ക്കാനാണ് ആലോചിക്കുന്നത്. അത്യാഹിത വിഭാഗവും ഒപിയും പൂർണ്ണമായും അടച്ചിട്ടതായും അധികൃതർ അറിയിച്ചു. ഇവിടെ എത്തുന്ന രോഗികളുടെ തിരക്കിനിടെ രോഗം എല്ലാവരിലേക്കും പടർന്നുപിടിക്കാനുള്ള സാധ്യത അധികമാണെന്നതാണ് ഇതിന് കാരണമെന്നും ഹനൻ അൽ ബൽഖി വ്യക്തമാക്കി.