എം ജി ആറിനും രജനീകാന്തിനും ശേഷം തമിഴ്മക്കളുടെ രക്ഷകനായി അവതരിക്കുന്ന നടനാണ് ജോസഫ് വിജയ് ചന്ദ്രശേഖരൻ എന്ന വിജയ്. എം ജി ആർ, രജനി ചിത്രങ്ങളിലേതുപോലെ ഏത് വിജയ് ചിത്രങ്ങളിലും നായകന്റെ സഹായം തേടിവരുന്ന പതിനായിരങ്ങളുണ്ടാവും. അവർക്ക് ചികിത്സയ്ക്ക് പണം നൽകിയും ഭക്ഷണം നൽകിയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചും ആറാം തമ്പുരാനെപ്പോലെ ഇളയ ദളപതി തലയുയർത്തി നിൽക്കും. തമിഴ്‌നാടിനെയും തമിഴ് ഭാഷയയെും അണ്ണൻ നിരന്തരം പുകഴ്‌ത്തിക്കോണ്ടിരിക്കും. പാട്ടിലും ഡയലോഗിലും എല്ലാം തമിഴ് മയം.

നമ്മുടെ ഇളയ ദളപതിയെ സാക്ഷാൽ ദളപതിയായിത്തന്നെ അവരോധിക്കുകയാണ് മെർസൽ. ഇത്രയും കാലമായുള്ള ആരാധകരുടെ ഇളയദളപതിയെന്ന വിളി ഇനി ദളപതിയെന്ന് മാറ്റിപ്പിടിക്കേണ്ടിവരും. പോസ്റ്ററുകളിലും ട്രെയിലറുകളിലും സിനിമയിലുമെല്ലാം വിജയ് ദളപതിയാണ്. യുവതാരത്തിൽ നിന്ന് തമിഴ്‌നാട്ടിലെ താരചക്രവർത്തിയിലേക്കുള്ള വിജയുടെ അവരോധം തന്നെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മിഥുനത്തിൽ നെടുമുടി വേണു പറയുന്നത് പോലെ 'ഇപ്പം പൊട്ടും ഇപ്പം പൊട്ടും' എന്ന് പറഞ്ഞ് രാഷ്ട്രീയ പ്രവേശനക്കാര്യത്തിൽ ആരാധകരെ അക്ഷമരാക്കുന്ന കമൽഹാസനും രജനീകാന്തിനും അജിത്തിനും ശേഷം, തമിഴ് മക്കളെ നയിക്കാൻവരുമെന്ന് പറഞ്ഞു കേൾക്കുന്ന നടനാണ് വിജയ്. ആ സാധ്യത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഡയലോഗുകളാണ് മെർസലിന്റെ പ്രത്യേകത. കമൽഹാസനൊഴികെ മറ്റൊരു നടനും (അതുപോലും സംശയം) പറയാൻ ധൈര്യപ്പെടാത്ത ഡയലോഗുകൾ ദളപതി സ്വതസിദ്ധമായ ശൈലിയിൽ പറയുന്നത് ആവേശത്തോടെ കേൾക്കാമെന്നതാണ് മെർസലിന്റെ പ്രത്യകേത.ആഹ്‌ളാദകരമായ നടുക്കം എന്നാണ് മെർസലിന്റെ അർത്ഥം. ഇതിൽ ആകെ ആഹ്‌ളാദമായിതോന്നിയത് എക്കാലവും രാഷ്ട്രീയ ചോദ്യങ്ങളോട് മൗനംപാലിച്ച് തമിഴ് കമേർഷ്യൽ സിനിമ ഇത്തവണ കൃത്യമായ ചില പൊളിറ്റിക്കൽ ചോദ്യങ്ങൾ ചോദിക്കുന്നുവെന്നതാണ്.

തെറി എന്ന സൂപ്പർഹിറ്റിന് ശേഷം സംവിധായകൻ ആറ്റ്‌ലിയും വിജയും ഒന്നിച്ചിട്ടും, എ ആർ റഹ്മാൻ സംഗീതമൊരുക്കിയിട്ടും,ബാഹുബലിയുടെ കഥാകൃത്ത് വിജയേന്ദ്രപ്രസാദ് രചന നിർവ്വഹിച്ചിട്ടും, കോടികൾ ചെലവഴിച്ചത്തെിയ ഈ ചിത്രം അത്രയൊന്നും ആഹ്‌ളാദമോ വിസ്മയമോ പകർന്നു നൽകുന്നില്ല. എന്നാൽ രാജ്യം ഭരിക്കുന്ന സാക്ഷാൽ നരേന്ദ്ര മോദിയെയും, എതിരഭിപ്രായമുള്ളവരെ പാക്കിസ്ഥാനിലേക്ക് കെട്ടികെട്ടിക്കാൻ നടക്കുന്ന ബിജെപിക്കാരെയും, താജ്മഹൽ ഇടിച്ചു നിരത്താൻ നടക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെയുമെല്ലാം, ധൈര്യപൂർവ്വം വിമർശിക്കാൻ സംവിധായകൻ ആറ്റ്‌ലിയും ആ ഡയലോഗുകൾ ധൈര്യമായി പറയാൻ വിജയും ചങ്കൂറ്റം കാണിക്കുന്നു. ആ ആർത്ഥത്തിൽ മെർസൽ സമ്മാനിക്കുന്നത് ആഹ്‌ളാദകരമായ നടുക്കം തന്നെയാണെന്നും പറയാം.

തമിഴകത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ വെച്ചുനോക്കുമ്പോൾ ഇത് അതിശയം തന്നെയാണ്. ( കേരളത്തിനിന്ന് നമുക്ക് എന്ത് അഭിപ്രായവും പറയാം. ആരെയം വിമർശിക്കാം.പക്ഷേ തമിഴ്‌നാട്ടിൽ രാഷ്ട്രീയക്കാരെ വിമർശിച്ചാൽ വിവരമറിയും) അതുകൊണ്ട് തന്നെയാണ് ഫേസ്‌ബുക്ക് സംഘികൾ മാത്രമല്ല തമിഴ്‌നാട്ടിലെ ബിജെപി നേതാക്കൾവരെ ചിത്രത്തിനെതിരെ രംഗത്തത്തെിയിട്ടുണ്ട്. പക്ഷേ ആ വിമർശനങ്ങളെല്ലാം ചിത്രത്തിൽ ബോക്‌സോഫീസിൽ ഗുണം ചെയ്യുകായാണ്.പക്ഷേ കലാപരമായിനോക്കുമ്പോൾ വിജയിയുടെ പതിവ് ചിത്രങ്ങളെപോലെ പക്കാമസാലമാത്രമാണിതും.

ട്രിപ്പിൾ റോളിൽ ആൺലിമിറ്റഡ് വിജയ്

ആറ്റ്‌ലിയുടെ കഴിഞ്ഞ ചിത്രമായ തെറി, അവസാനം പതിവ് വിജയ് കത്തികളിലേക്ക് കൂപ്പുകുത്തുന്നുണ്ടെങ്കിലും, ആദ്യ പകുതി ലളിത സുന്ദരമായി കഥ പറയാൻ ശ്രമിച്ച ചിത്രമായിരുന്നു. എന്നാൽ മെർസലിൽ അത്തരം അവതരണ ഭംഗിക്കൊന്നും ആറ്റ്‌ലി ശ്രമിച്ചിട്ടില്ല. തെറിക്കുശേഷം തിയേറ്ററിലത്തെിയ ഭൈരവ വേണ്ടത്ര വിജയമാകാതെ പോയതുകൊണ്ടാവും, വിജയിയെ ആരാധിക്കുന്നവർക്ക് മുമ്പിലേക്ക് താരത്തിലെ എല്ലാ ഊർജ്ജത്തോടും കൂടി കെട്ടഴിച്ചു വിടാനാണ് സംവിധായകന്റെ ശ്രമം. ഒന്നല്ല മൂന്നുവേഷത്തിലാണ് വിജയ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. ആരാധകർക്ക് ഇതിലും വലിയൊരു ദീപാവലി വെടിക്കെട്ട് എവിടെക്കിട്ടാൻ. എന്നാൽ വെടിക്കെട്ടിന് തീപകരുന്നതിനിടയിൽ തിരക്കഥയോ, സംവിധാനമോ ഒന്നും സംവിധായകൻ ശ്രദ്ധിച്ചിട്ടില്ലന്നെ് വ്യക്തമാണ്. ( സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡൽഹിക്കാർ പടക്കമില്ലാതെ ദീപാവലി ആഘോഷിച്ചപോലെ) കഥയും തിരക്കഥയും പുതുമയുമെല്ലാം മാറ്റിവച്ചാൽ ആട്ടവും പാട്ടും വർണ്ണപ്പൊലിമയുമെല്ലാമായി മൂന്നു മണിക്കൂറോളം നീളുന്ന തനി അണ്ണൻ ഷോ. അതാണ് മെർസൽ.

ഒരേ അച്ചിൽ വാർത്തവയാണ് ഭൂരിഭാഗം വിജയ് ചിത്രങ്ങളും. കമൽഹാസനെപ്പോലെയോ സൂര്യയോപ്പോലെയോ വേറിട്ട കഥകളോ കഥാപാത്രങ്ങളോ വേണമെന്ന് അദ്ദഹത്തേിന് നിർബന്ധവുമില്ല. ആ പതിവ് തെറ്റിക്കാത്ത ഒരു ചിത്രം കൂടിയാണ് മെർസൽ. രജനി, വിജയ് ചിത്രങ്ങളിൽ കണ്ടു പരിചയിച്ച പല രംഗങ്ങളും ഇവിടെയും അതുപോലെ തുടരുന്നു. നായകന്റെ മഹത്വങ്ങൾ ഇടയ്ക്കിടെ വാഴ്‌ത്തിപ്പാടുന്ന പാവങ്ങൾ, നായകന് പ്രണയിക്കാൻ വേണ്ടി മാത്രം രൂപപ്പെടുത്തിയ നായികമാർ..

ദളപതി, ഡോക്ടർ മാരൻ, മജീഷ്യൻ വെട്രി എന്നിവരാണ് ചിത്രത്തിലെ വിജയ് കഥാപാത്രങ്ങൾ. മാരനിൽ തുടങ്ങി വെട്രിയിലൂടെ ദളപതിയിലത്തെി.. ആരാണ് ഇവർ. എന്താണ് ഇവരുടെ ബന്ധം എന്ന് അന്വേഷിക്കുകയാണ് ചിത്രം. അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങളാണ് അടുത്തിടെ ഇറങ്ങുന്ന പല ബിഗ് ബജറ്റ് തമിഴ് ചിത്രങ്ങളുടെയും പ്രമേയം. മരുന്ന് മാഫിയ, മരുന്ന് പരീക്ഷണം, വിദ്യാഭ്യാസ രംഗത്തെ തട്ടിപ്പുകൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങൾ അങ്ങനെ തുടരുന്നു. ഇവിടെ ആശുപത്രിയികളിലെ ചൂഷണങ്ങളെക്കുറിച്ചാണ് കഥ.

സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചൂഷണങ്ങൾ തുറന്നു കാട്ടുകയാണ് ചിത്രം. രാജ്യത്തെ ആരോഗ്യ രംഗം ചൂഷണം നിറഞ്ഞ കച്ചവടമായി മാറിപ്പോകുന്നതിന്റെ ആശങ്കകളും അതിനെതിരെ നായകൻ നടത്തുന്ന ചെറുത്തു നിൽപ്പുകളും ചിത്രത്തിൽ നിറയുന്നു. ഒഡീഷയിൽ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ഭാര്യയുടെ മൃതദേഹവമായി ഭർത്താവ് കിലോമീറ്ററുകൾ നടന്നുപോയ ഞെട്ടിക്കുന്ന കാഴ്ചയും ഒരു ചോദ്യമായി പ്രേക്ഷകർക്ക് മുമ്പിലത്തെിക്കുന്നു.

കൊട്ടിഘോഷിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനത്തെയും ജി എസ് ടിയെയും ചിത്രം പരിഹസിക്കുന്നു. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ഉയർന്ന ജി എസ് ടിയ്‌ക്കെതിരെയും ഗോരഖ്പൂരിലടക്കമുള്ള സർക്കാർ മെഡിക്കൽ കോളെജുകളിലെ ദയനീയ അവസ്ഥയെക്കുറിച്ചുമെല്ലാം അണ്ണൻ അടിച്ചു കാച്ചുന്നുണ്ട്. തമിഴ്‌നാട് രാഷ്ട്രീയത്തെയും തുറന്ന് വിമർശിക്കാൻ സിനിമ ധൈര്യം കാണിക്കുന്നുണ്ട്. ടിവിയും മിക്‌സിയുമെല്ലാം സൗജന്യമായി കൊടുക്കുന്ന സർക്കാറെന്തേ മരുന്ന് സൗജന്യമായി കൊടുക്കാൻ തയ്യറാവാത്തതെന്നും അണ്ണൻ ചോദിക്കുന്നു.കത്തിയിൽ വെള്ളമൂറ്റുന്ന കോർപ്പറേറ്റ് കമ്പനികളോടായിരുന്നു അണ്ണന്റെ പോരാട്ടം. ഏതായാലും രജനി അണ്ണന് ശേഷം ഇത്തരം പോരാട്ടങ്ങൾ ഏറ്റടെുത്ത് നടത്താൻ ഒരാളുണ്ടല്ലോ എന്ന് ഓർത്ത് നമുക്ക് ആശ്വസിക്കാം.

കൈവിടാതെ തമിഴ് സങ്കുചിത ദേശീയതയും

കാര്യങ്ങൾ ദേശീയ തലത്തിലേക്കോക്കെ കുതിക്കുന്നുണ്ടെങ്കിലും തമിഴ് ഭാഷയോടുള്ള കടുത്ത പ്രണയവും തമിഴരെ ആവേശപ്പെടുത്താനായി കുത്തിത്തിരുകുന്ന തമിഴ്ഭാഷാ അഭിമാനങ്ങളും പതിവുപോലെ ഇവിടെയും പിന്തുടരുന്നു. തമിഴ്ഭാഷയയെും സംസ്‌ക്കാരത്തെയുമെല്ലാം പ്രകീർത്തിച്ചുകൊണ്ട് കയ്യടി നേടിയെടുക്കുവാനാണ് വിജയുടെയും സംവിധായകന്റെയും ശ്രമം.

അഞ്ചു പൈസ ഡോക്ടർ എന്നു വിശേഷിപ്പിക്കുന്ന സാമൂഹ്യ പ്രതിബന്ധതയുള്ള ഡോ: മാരൻ പുരസ്‌ക്കാരം സ്വീകരിക്കാനായി യൂറോപ്പിലത്തെുന്നു. ഇതിനിടയിൽ ഇയാൾ പ്രതിഭാശാലിയായ മാജിക്കുകാരനുമാവുന്നുണ്ട്. ഒരു തുടർ കൊലപാതക പരമ്പരയിൽ അയാൾ അറസ്റ്റിലാകുന്നു. ആശയക്കുഴപ്പങ്ങളിൽ പെട്ട് പ്രേക്ഷകർ നിൽക്കുമ്പോൾ തന്നെ പിടികൂടിയ പൊലീസ് ഓഫീസറോട് (സത്യരാജ്) അയാൾ സംസാരിക്കുന്നു. അങ്ങനെ കഥ മാരനിൽ നിന്ന് വെട്രിയിലേക്കും ദളപതിയിലേക്കുമെല്ലാമത്തെുന്നു. ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെങ്കിലും ത്രില്ലിങ് ആണ് സിനിമ ഈ ഘട്ടത്തിൽ. കിടിലൻ ട്വിസ്റ്റാേടു കൂടിയ ഇന്റർവെല്ലും കൂടിയാകുമ്പോൾ പ്രതീക്ഷ വാനോളം ഉയരും. ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോൾ തന്റെ സ്ഥിരം നമ്പറുകളുമായി അണ്ണൻ വീണ്ടുമത്തെും. ഇതോടെ അണ്ണന്റെ അസഹനീയമായ പല ചിത്രങ്ങളുടെയും കാഴ്ചകളിലൂടെ ഫ്‌ളാഷ് ബാക്ക് സീനുകൾ കടന്നുപോകും.

സാമൂഹ്യ പ്രതിബന്ധതയുടെ കുത്തൊഴുക്കാണ് ഈ ഫ്‌ളാഷ് ബാക്ക് രംഗങ്ങളിൽ. ആശുപത്രി നിർമ്മാണവും രക്ഷാപ്രവർത്തനവും എല്ലാമായി പ്രേക്ഷകരും വശം കെടും. ഇവിടെ ചിത്രത്തിന്റെ കരുത്തും ചടുലതയും കുറഞ്ഞുവരുന്നു. ഇഴഞ്ഞു നീങ്ങുന്ന വിരസമായ കാഴ്ചകൾ കൊണ്ട് മടുപ്പിക്കുന്ന അനുഭവമാണ് ഈ ഭാഗത്ത് ചിത്രം. അതങ്ങനെ ചേട്ടാ-അനിയൻ വിളിയിലേക്കും പരിണമിക്കും. ഫ്‌ളാഷ് ബാക്കിന്റെ നീളക്കൂടുതൽ കൊണ്ട് ക്ലൈമാക്‌സൊക്കെ ഒരു അവസാനിപ്പിക്കൽ തന്നെയാണ്. അതുകൊണ്ട് കൈ്‌ളമാക്‌സ് രംഗങ്ങൾക്ക് വലിയ ത്രില്‌ളൊന്നും അനുഭവപ്പെടുത്താൻ സാധിക്കുന്നില്ല.

വലിയ പ്രതീക്ഷ സമ്മാനിച്ചുകൊണ്ട് എത്തുന്ന എസ് ജെ സൂര്യയുടെ വില്ലൻ കഥാപാത്രം വിജയ് കഥാപാത്രങ്ങളുടെ താണ്ഡവനൃത്തത്തിനിടയിൽ ഒന്നുമല്ലാതായിപ്പോകുന്നു. സത്യരാജ് സ്‌റ്റൈലൻ തുടക്കം കാഴ്ച വെക്കുന്നുണ്ടെങ്കിലും ഈ കഥാപാത്രത്തിനും കാര്യമായി ഒന്നും ചെയ്യനില്ല. വിജയ് പറയുന്നത് കേട്ടിരിക്കാൻ മാത്രമാണ് ഈ അന്വേഷണ ഉദ്യോഗസ്ഥന് യോഗം. മലയാളിയായ ഹരീഷ് പേരടിയും വില്ലൻ കഥാപാത്രമായി ചിത്രത്തിലുണ്ട്. ഏറെ നാളുകൾക്ക് ശേഷം വിജയ് ചിത്രത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ട വടിവേലുവിനെയും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന കോവൈ സരളയെയും അധികം ഇളകിയാട്ടങ്ങൾക്ക് സംവിധായൻ വിട്ടിട്ടില്ല എന്നത് വലിയൊരാശ്വാസം. വിജയ് ചിത്രങ്ങളുടേത് പോലെ കഥയുമായി ബന്ധമില്ലാത്ത കോമഡി ട്രാക്കും ഇവിടെ സൃഷ്ടിച്ചിട്ടില്ല. മൂന്നു വിജയ് നായകന്മാർക്കായി കാജൽ അഗർവാൾ,സാമന്ത, നിത്യാ മേനോൻ എന്നീ നായികമാരുമുണ്ട്. പതിവുപോലെ പാട്ടും പാടി പോവാനാണ് കാജലിനും സാമന്തയ്ക്കും യോഗം. നിത്യാമേനോന്റെ കഥാപാത്രത്തിന് മാത്രമാണ് ചിത്രത്തിൽ കുറച്ചങ്കെിലും പ്രാധാന്യമുള്ളത്.

സകലതും മസാലമയം

ചിത്രത്തിനായി വിജയിയെ മാജിക് പഠിപ്പിച്ചത് ലോകപ്രശസ്ത മജീഷന്മാരായ ജിയോഗോ റക്വിയും രമൺ ശർമ്മയും ഡാനി ബെലിവുമാണ്. എന്നാൽ ഇത്തരത്തിൽ കഷ്ടപ്പെട്ട് മാജിക്ക് പഠിച്ചതിന്റെ വിസ്മയ കാഴ്ചകളൊന്നും ചിത്രത്തിലില്ല. ഛായാഗ്രഹണം മികവുറ്റതാണെങ്കിലും എഡിറ്റിംഗിലെ പോരായ്മകൾ ചിത്രത്തിന് ദോഷകരമാകുന്നു. അനിൽ അരശ് ഒരുക്കിയ ആക്ഷൻ സീനുകളും വലിയ ആവേശം പകരുന്നതല്ല. എ ആർ റഹ്മാന്റെ മെർസൽ അരസൻ, ആലപ്പോറാന് തമിഴാ തുടങ്ങിയ തട്ടുപൊളിപ്പൻ ഗാനങ്ങൾ ഉത്സവപ്രതീതി സൃഷ്ടിച്ചു.
ആക്ഷൻ രംഗങ്ങൾക്ക് പതിവ് വിജയ് സിനിമകളെ അപേക്ഷിച്ച് ദൈർഘ്യം കുറവാണ്. മാജിക്കുകാരനായതുകൊണ്ട് സത്യരാജിന് മുന്നിൽ ചങ്ങല പൊട്ടിക്കേണ്ട ആവശ്യവും പൊലീസുകാരെ ഇടിച്ചിട്ട് ജയിൽ ചാടേണ്ട ആവശ്യവുമൊന്നും നായകനില്ല. നിന്ന നിൽപ്പിൽ തന്നെ അപ്രത്യക്ഷനാകുന്ന മാജിക്കുകാരന് എന്ത് ചങ്ങല, എന്ത് ജയിൽ. ഭാര്യയുടെ ശവവും തോളിലേറ്റ് നടന്നുപോയ ആ പാവത്തിന്റെ രംഗം ടി വിയിൽ കണ്ടിട്ടാണല്ലോ അണ്ണൻ ജയിലിൽ നിന്ന് അപ്രത്യക്ഷനായതെന്ന് ഓർക്കുമ്പോൾ അത്രയും ആശ്വാസം.

മൂന്നു വേഷത്തിലാണ് വിജയ്. ഫ്‌ളാഷ് ബാക്കിലെ വിജയുടെ പിരിച്ചുവെച്ച മീശയുംചെറിയ താടിയുമെല്ലാമാണ് ചെറിയ വ്യത്യാസമുള്ളത്. അച്ഛനും ചേട്ടാനിയന്മാരെല്ലാം രൂപത്തിലും ഭാവത്തിലും പെരുമാറ്റത്തിലും ഒക്കെ ഒന്ന് തന്നെ. അല്ലങ്കെിലും അണ്ണൻ ആരായി അഭിനയിച്ചാലും അത് അണ്ണൻ തന്നെ ആവണ്ടേ.. അല്ലാതെ കമൽഹാസനൊക്കെ അഭിനയിക്കുന്നതുപോലെ പരകായ പ്രവേശനം നടത്തിയാൽ ആരാധകർ സഹിക്കുമോ. വെട്രി ലോകത്ത് ജീവിച്ചിരിക്കുന്ന രണ്ടേ രണ്ടു ഗ്രാൻഡ് വിസാർഡിൽ ഒരാളാണാണ്. അതുകൊണ്ടാവും സംഘട്ടന രംഗങ്ങളിൽ പോലും മാജിക്ക് നിറഞ്ഞു നിൽക്കുന്നു. വെറുംചീട്ടുകൊണ്ട് ഗുണ്ടാസംഘങ്ങളെ വരെ വിജയ് അണ്ണൻ എറിഞ്ഞു വീഴ്‌ത്തുന്നുണ്ട്. അല്ലങ്കിലും പൂമാലയെ വരെ തോക്കാക്കാൻ കഴിയുന്ന അണ്ണന് ഇതിനിപ്പം മാജിക്ക് പഠിക്കേണ്ട ആവശ്യമുണ്ടോ.

പുതുമകളൊന്നുമില്ലാത്ത ഒരു ശരാശരി ആഘോഷ ചിത്രമാണ് മെർസൽ. വിജയ് ആരാധകരെ മുന്നിൽ കണ്ട് പതിവ് ചേരുവകൾ ചേർത്തൊരുക്കിയ ചിത്രം.പുതുമയുള്ള കഥയോ കഥാസന്ദർഭങ്ങളോ പ്രതീക്ഷിക്കാതെ പോയാൽ കളർഫുള്ളായ ഒരു മാസ് ചിത്രം കണ്ടിറങ്ങാം. വിജയ് അണ്ണനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും മൂന്നുവേഷത്തിൽ അണ്ണനെ കണ്ടിരിക്കാം എന്ന പ്രത്യേകതയുമുണ്ട്.

എ ആർ റഹ്മാന്റെ പാട്ടുകൾ, സുന്ദരികളായ മൂന്നു നായികമാർ, കുറേക്കാലത്തിന് ശേഷം വടിവേലുവിന്റെ സാന്നിധ്യം,അണ്ണന്റെ തമിഴ്‌നാടിനോടുള്ള കടുത്ത കൂറ്, പാവങ്ങൾക്കായുള്ള ചികിത്സ, ആശുപത്രി നിർമ്മാണം എന്നിവക്കൊല്ലാം പുറമെ അണ്ണന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ചില സൂചനകളും ചേർത്തുവെച്ച നല്ല എരിവുള്ളതും മസാല കൂടുതലുള്ളതുമായ ബിരിയാണിയാണ് മെർസൽ. അധികം എരിവും മസാലയുമൊന്നും ഇഷ്ടമില്ലാത്തവരും നല്ല സദ്യ ഇഷ്ടപ്പെടുന്നവരും മറ്റഗ്ലേതങ്കിലും ഹോട്ടൽ തിരഞ്ഞ് പോകുന്നതായിരിക്കും നല്ലത്. മൂന്നു മണിക്കൂറോളം നീളുന്നതുകൊണ്ട് വിഭവങ്ങൾ കൂടിപ്പോയതിന്റെ സന്തോഷം മാത്രമെ കടുത്ത ആരാധകർക്കുണ്ടാകാൻ വഴിയുള്ളു.

വാൽക്കഷ്ണം: ഈ പടം വലിയ സാമ്പത്തിക വിജയമാവാം. പക്ഷേ ഒരു നടനെന്ന നിലയിൽ വിജയിക്ക് ബോറടിക്കുന്നില്ലേ എന്നാണ് സംശയം.അല്ലാ ഒരേ ടൈപ്പിൽ ഫോർമുലയിൽ എത്രനാളായി ഇയാൾ പടം ചെയ്യുന്നു. വിജയുടെ മൂന്നു വേഷവും മുമ്പ് കമൽഹാസൻ ചെയ്ത 'മൈക്കിൾ മദനിലെ' നാലുവേഷങ്ങളുമൊക്കെ ഒന്ന് താരതമ്യം ചെയ്തുനോക്കുക. എന്തൊരു ബോറാണ് വിജയുടെ അഭിനയം. വെറും ഫാൻസി ഡ്രസ്സ്. എന്നിട്ടും ഈ നടനൊക്കെ സൂപ്പർ ഹീറോയാവുന്നു. തമിഴ്‌നാട്ടിൽ മാത്രമല്ല വലിയ ബുജികളായ കേരളീയരും ഇത്തരം പടങ്ങൾക്ക് പിറകെയാണ്.വല്ലാത്തൊരു മനഃശാസ്ത്രം തന്നെയാണിത്.