കോഴിക്കോട്: മുസ്സീം സ്ത്രീകൾ മുഖംമൂടിയ പർദ്ദ ധരിക്കുന്നതിനെ എതിർക്കുന്നുവെന്ന നിലപാട് വ്യക്തമാക്കിയ എംഇഎസ് അധ്യക്ഷൻ ഡോ. ഫസൽ ഗഫൂർ ഇക്കാര്യം കഴിഞ്ഞദിവസം മറുനാടൻ മലയാളിയോടും ഇക്കാര്യം ആവർത്തിച്ച് വ്യക്താക്കിയിരുന്നു. പർദവിവാദത്തിൽ ന്യൂനപക്ഷ കമ്മീഷന്റെ നടപടികളോടും കേരളത്തിൽ വിവിധ ഇടങ്ങളിൽ നടന്ന ചുംബന സമരത്തെകുറിച്ചും സദാചാര പൊലീസിംഗിനോടുമാണ് അദ്ദേഹം തന്റെ അഭിമുഖത്തിൽ തുടർന്ന് വ്യക്തമാക്കിയത്. എം.ഇ എസിന്റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹം അഭിമുഖത്തിലൂടെ. എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂറുമായി മറുനാടൻ മലയാളി ലേഖകൻ എംപി റാഫി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം:

  • ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയ വിവരങ്ങളുടെ പിൻബലത്തോടെയാണോ താങ്കൾ വസ്ത്ര ധാരണയെ സംബന്ധിച്ച കാഴ്ചപ്പാട് രൂപപ്പെടുത്തിയത്?

തീർച്ചയായം അങ്ങിനെ തന്നെയാണ്, ഒരിക്കൽ ഞാൻ ദുബായിൽ പോയ സമയത്ത് ഒരു പേഷ്യന്റ് എന്റടുത്ത് വന്നിരുന്നു അവർക്ക് ഭയങ്കരമായ എല്ലുവേദനയായിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ഇതിനെ കുറിച്ച് പരിശോധിച്ചപ്പോഴാണ് അറിയുന്നത് ഇത് വൈറ്റമിൻ ഡി യുടെ കുറവ്മൂലം ഉണ്ടായതാണെന്ന്. ഇത്തരത്തിൽ മൂടിപ്പുതച്ച് നടക്കുന്നതു കൊണ്ടാണ് വൈറ്റമിൻ ഡിയുടെ കുറവ് ഇത്തരം സ്ത്രീകളിൽ അനുഭവപ്പെടുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം നിങ്ങൾക്ക് വേണമെങ്കിൽ സേർച്ച് ചെയ്യാവുന്നതാണ്.

  • എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ ഇത്രയധികം പർദ്ദ സംസ്‌കാരം വർദ്ധിച്ചു വരുന്നത്?

അത് കണ്ടു പിടിക്കാൻ വളരെ എളുപ്പമാണ്. ഗൾഫിലേക്ക് നമ്മുടെ നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ പോകുന്നത് ഏതുതരം ക്ലാസിൽ പെട്ടവരാണെന്ന് പരിശോധിച്ചാൽ മതി. അത് ഉറപ്പാണ് ലേബർ ക്ലാസിൽപ്പെട്ടവരാണ് ഗൾഫിലേക്ക് പോകുന്നവരിലധികവും. ഇവരരെല്ലാം ദൈനംദിനം കാണുന്നത് അറബികളുടെ വസ്ത്രവും ജീവിത രീതിയുമാണ്. അതുകൊണ്ട് അവർ അതിനെ അറിയാതെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയാണ്. ഇത് അറബി നാട്ടിലേക്ക് നമ്മുടെ ആളുകൾ പോയതുകൊണ്ടാണ് ഈ വസ്ത്ര ധാരണ നമുക്ക് ഇത്രയും വർദ്ധിച്ചു വരുന്നത്. നിങ്ങൾ ഒരുകാര്യം ചിന്തിച്ചാൽ മതി, നമ്മൾ എന്തുകൊണ്ടാണ് പാന്റ്‌സും ഷർട്ടും ഇടുന്നത് അത് ഇവിടെ ബ്രിട്ടീഷുകാർ വന്നതുകൊണ്ടാണ്. ബ്രിട്ടീഷുകാർ ഇവിടെ കുറെ കാലം ഭരിച്ചില്ലായിരുന്നെങ്കിൽ എല്ലാവരും മുണ്ടും ഷർട്ടുമായിരിക്കും ധരിക്കുക.

  • സ്ത്രീ മുഖം മറച്ചുകൊണ്ടുള്ള പർദ്ദ ധരിക്കുന്നത് ഇസ്ലാമികം അല്ല എന്ന അഭിപ്രായം താങ്കൾക്കുണ്ടോ?

മുഖം മറക്കൽ ഇസ്ലാമികം അല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കാരണം നമ്മുടെ മുൻകാലങ്ങളിൽ ജീവിച്ചിരുന്നവരൊന്നും അത് ധരിച്ചിട്ടില്ല. കഴിഞ്ഞ ദിവലസം ഒ അബ്ദുള്ള തേജസിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞപോലെ കർളാവിയുടെ ഭാര്യ വരെ മുഖം മറച്ചിരുന്നില്ല. പിന്നെ എന്തിനാണ് ഈ വിഷയത്തിൽ മതത്തിന്റെ ആധികാരികമായ പിൻബലം. നിസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ കർമ്മങ്ങളൊഴിച്ചാൽ ഇസ്ലാമിൽ ഓരോ കർമ്മങ്ങളിലും പല അഭിപ്രായങ്ങളുണ്ട്. എന്നാൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൊണ്ടുവന്ന് വച്ചിട്ടുള്ള കേശം ഇസ്ലാമികമാണോ അല്ലയോ എന്നൊരു ചർച്ച വച്ചാൽ ഏറ്റവും കൂടുതൽ അല്ല എന്ന് പറയുക ഇ.കെ വിഭാഗം സുന്നികളായിരിക്കും. ഇനി മുജാഹിദ് പ്രസ്ഥാനം മൂന്ന് കഷ്ണമായതും അഭിപ്രയ ഭിന്നതയാണ്. എന്നാൽ എം.ഇ.എസ് കഷ്ണമായില്ലല്ലോ.. അതുകൊണ്ട് തന്നെ മുസ്ലിം സ്ത്രീ മുംഖം മറക്കണമെന്ന് പറയുന്നത് ഇസ്ലാമിക രീതിയല്ല. അറബിനാടുകളിൽ പോയാൽ അറിയാം അവിടെ എല്ലാ സ്ത്രീകളും മുഖം മറച്ചുകൊണ്ടല്ല നടക്കുന്നത്.[BLURB#1-H] 

  • ഈ വാദത്തെ എതിർക്കുന്നവർ പറയുന്നത് ശരീരം മറയ്ക്കാൻ സ്ത്രീക്ക് ഏറ്റവും അനുയോജ്യമായ വസ്ത്രം പർദ്ദ ആണെന്നാണ്, യഥാർത്ഥത്തിൽ സ്ത്രീ ഏതു തരം വസ്ത്രം ധരിക്കണമെന്നാണ് താങ്കളുടെ കാഴ്ചപ്പാട് ?

ഇസ്ലാമികമായി ശരീരം മറക്കാൻ ലൂസായിട്ടുള്ള പർദ്ദയാണ് ഞനും അതിനോട് യോജിക്കുന്നുണ്ട്. പക്ഷെ, ഇവിടത്തെ കാലാവസ്ഥക്കനുസരിച്ച് അനുയോജ്യമായ വസ്ത്രം സെൽവാർ കമ്മീസ് ആണ്. പർദ്ദ എന്നത് രണ്ടു വസ്ത്രമാണ് അതിനടിയിൽ വേറൊന്ന് ഇടണം. അത്തരമൊരു കലാവസ്ഥ ഇവിടെയില്ല. മാത്രമല്ല, ഇവിടെ അനുയോജ്യമായ ഉത്തമമായ വസ്ത്രം സെൽവാർ കമ്മീസ് ആണ്. ഇതും മുസ്ലിം വസ്ത്രമാണ്. അതായത് പണ്ട് ജവഹർലാൽ നെഹ്‌റുവും ജിന്നയും ഒരേ വസ്ത്രമാണ് ധരിച്ചിരുന്നത് ആ വസ്ത്രം മുസ്ലിം സൃഷ്ടിയാണ്. അതേപോലെ ഇപ്പോൾ നരേന്ദ്ര മോദി ഇട്ട് നടക്കുന്ന കുർത്ത പൈജാമ അതും മുസ്ലിംങ്ങളുടെ പൈജാമയാണ്. നിങ്ങൾക്ക് ഏത് വേണോ അതെടുക്കാം. ഇപ്പോഴത്തെ ചർച്ച നടക്കുന്നത് ഏതാണ് ഉത്തമം എന്നല്ലേ., ഏതായാലും സ്ത്രീക്ക് സാരി എന്നത് ഉത്തമമായ വസ്ത്രമല്ല, മറ്റൊന്ന് ജീൻസ് തീരെ വേണ്ട.[BLURB#2-VL] 

സാരി എന്ന വസ്ത്രം ഒരു തെറ്റിദ്ധാരണയുടെ പുറത്ത് വന്നതാണ്. ഇത് ഇന്ത്യൻ വസ്ത്രമാണെന്നാണ് പലരുടെയും ധാരണ. സാരി ശരിക്കും ഗ്രീക്ക് അംബാസഡറായിരുന്ന മെഗസ്റ്റനസിന്റെ ഭാര്യ ഹെലേന എന്ന് പറയുന്ന സ്ത്രീ കൊണ്ടു വന്നതാണ്. സാരി ഗ്രീക്ക് ഐതിഹ്യത്തിൽ നിന്നും എടുത്തിട്ടുള്ള വസ്ത്രമാണ്. നിങ്ങൾക്ക് ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിൽ പോയി നോക്കാം അവരെല്ലാം സാരി ധരിച്ചാണോ നടക്കുന്നത്. ഞാൻ പറയുന്നത് ഞാൻ പർദ്ദക്കെതിരല്ല മുഖം മറച്ചുകൊണ്ടുള്ള പർദ്ദയെയാണ് എതിർക്കുന്നത്. എന്റെ കുടുംബത്തിൽ ആരും പർദ്ദ ധരിക്കാറില്ല, എന്റെ ഭാര്യയുടെയോ ഉമ്മയുടേയോ കുടുംബങ്ങൾ ഉപയോഗിക്കുന്നില്ല. അതേ സമയം എം.ഇ.എസിൽ തന്നെയുള്ള രുപാട് പേർ പർദ്ദ ധരിക്കുന്നുണ്ട്. പർദ്ദയും മുഖം മറച്ചുള്ള പർദ്ദയും രണ്ടും രണ്ടാണ് ഇത് രണ്ടും കൂട്ടിക്കുഴച്ചതാണ് വിവാദത്തിന് വഴിവച്ചത്. ആണുങ്ങൾ ഇടുന്ന വസ്ത്രം എന്തിനാണ് സ്ത്രീകൾ ഇടുന്നത് സ്ത്രീകളുടെ വസ്ത്രം പുരുഷന്മാർ ഇടുന്നില്ലല്ലോ. വസ്ത്രത്തെ പറ്റി ഞങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സ്രത്രീക്ക് ഓടാനും ചാടാനും ഇവിടത്തെ കാലാവസ്ഥക്കനുസരിച്ചുള്ള വസ്ത്രം സൽവാറും കമ്മീസുമാണ്. ഇത് ഞങ്ങളുടെ സ്ഥാപനങ്ങളിലെല്ലാം നിർബന്ധപൂർവ്വം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ചുരിദാറും സൽവാറും രണ്ടാണ് സൽവാറെന്നത് വളരെ ഫ്രീയായി ലൂസായിട്ടുള്ളതാണ്. സ്ത്രീകൾ തന്നെയാണ് ഇതെല്ലാം കൂട്ടിക്കുഴച്ച് കുളമാക്കുന്നതും.

  • ഇന്ത്യയിൽ തന്നെ ഹിന്ദു സമുദായത്തിനിടയിൽ ചില വിഭാഗങ്ങൾ മുഖംമറച്ച് നടക്കുന്നുണ്ട് ഇതിനെ എങ്ങിനെ വിലയിരുത്തുന്നു?

മുഖം മറക്കുന്നത് മുസ്ലിംങ്ങൾ മാത്രമാണെന്നത് തെറ്റായ ധാരണയാണ്. ഞാൻ ഇതിനെതിരിലും സംസാരിച്ചിട്ടുണ്ടല്ലോ അതൊന്നും എന്തുകൊണ്ട് ആരും പറയുന്നില്ല. ഇതേ കുറിച്ച് വളരെ വ്യക്തമായി ഞാൻ പറഞ്ഞതാണല്ലോ..അതായത് ജാട്ട്, രാജ്കൂട്ട് ഈ രണ്ട് വിഭാഗങ്ങളിലെ സ്ത്രീകളും മുഖം മറച്ചാണ് നടക്കുന്നത് ഇതേ കുറിച്ച് വലിയ വാർത്ത ഔട്ട്‌ലുക്ക് മാസികയിൽ വന്നിരുന്നു. ഇതേകുറിച്ചായിരുന്നു മുലായംസിംങ് യാദവ് ഇത് ശരിയാവില്ലെന്ന് പറഞ്ഞത്. അതായത് ഹിന്ദുക്കളുടെ ഇടയിലുള്ള ഈ സിസ്റ്റം പറ്റില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതിനർത്ഥം ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ ഇടയിലും ഈ സിസ്റ്റമുണ്ടെന്നാണ്. അവരെല്ലാം തന്നെ രാജസ്ഥാൻ ഭാഗത്തു നിന്നുള്ളവരാണ്. അവിടെ പൊടിക്കാറ്റ് അടിക്കുന്ന കാലാവസ്ഥ വളരെ അധികമാണ്. ഈ കാരണം തന്നെയാണ് അറബി നാടുകളിലും ഈ വസ്ത്രം ഇടാനുള്ള കാരണം.

  • താങ്കളുടെ നിലപാടുകൾ സമുദായത്തിനകത്ത് അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കിയെന്ന് തോന്നുന്നുണ്ടോ?

അങ്ങിനെയാണെങ്കിൽ ഞാൻ ചോദിക്കട്ടെ ഈ സമുദായത്തിനകത്തുള്ള ആളുകൾ തന്നെയല്ലേ കാന്തപുരം കൊണ്ടുവന്ന തിരു കേശത്തിനെതിരെ കൂടുതലും എതിർത്തത്. എന്തിനാണ് ഒരുകേശം കൊണ്ടു വന്നതിന് ഇത്രയധികം ബഹളം കൂട്ടിയത്. അയാളൊരു കേശം കൊണ്ടുവന്ന് ബറക്കത്തെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്‌തോട്ടെ ഇവർക്കെന്താ പ്രശ്‌നം. ഇവിടെ കാന്തപുരത്തെ പറ്റി എന്തൊക്കെ പറഞ്ഞു, അയാൾ കച്ചവടം നടത്താനാണ്, ഇല്ലാത്ത കേസമാണ് എന്നൊക്കെയല്ലേ പറഞ്ഞിരുന്നത്. ഇല്ലാത്തതാണോ ഉള്ളതാണോ എന്നൊക്കെ ഇവരെങ്ങെനെയാണ് മനസ്സിലാക്കിയത്. അവസാനമായി അയാൾ മോദിയെ പ്രകീർത്തിക്കുന്നു എന്ന് പറഞ്ഞല്ലേ ഇവർ നടക്കുന്നത്. മുമ്പൊരിക്കൽ കോട്ടക്കലിൽ വച്ച് തീവ്രവാദത്തിനെതിരെ ഒരു യോഗം ചേർന്നു ഞാനും അതിൽ പങ്കെടുത്തിരുന്നു. അന്ന് എല്ലാ മുസ്ലിം സംഘടനകളെയും വിളിച്ച് ജമാഅത്തെ ഇസ്ലാമിയെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. ഇതോടെ അവരും ഒരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കി തിരിച്ചുവന്നു. അതുകൊണ്ട് ഈ എതിർപ്പുകളെല്ലാം ഒരു നാടകമാണ്. ആ നാടകം അതിന്റെ വഴിക്ക് പോകും ഞങ്ങൾ ഞങ്ങളുടെ വഴിക്കും പോകും.

  • താങ്കൾ പർദ്ദയെ എതിർത്ത് നടത്തിയ പ്രസംഗത്തിന്റെ പേരിൽ ന്യൂനപക്ഷ കമ്മീഷൻ താങ്കൾക്ക് നോട്ടീസയച്ചതിനെ എങ്ങിനെ കാണുന്നു?

അതായത് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനത്തിരിക്കുന്ന വീരാൻകുട്ടി ഒരു വിഡ്ഡിയാണ്. ആ പഹയന് ഒരു ഇസ്ലാമും അറിയൂല, മുസ്ലിംമും അറിയൂല ഒന്നും അറിയൂല. അയാൾ സോഷ്യലിസ്റ്റിൽ നിന്നും കോൺഗ്രസിൽ വന്നതാണ്. അയാൾ രാജിവച്ച് പോയ സമയത്ത് തമാശയിൽ കരുണാകരനോട് വീരാൻകുട്ടി പോയല്ലോ എന്ന് ചോദിച്ചപ്പോൾ അവറാൻകുട്ടി പോയല്ലോ എന്നായിരുന്നു കരുണാകരന്റെ മറുപടി. ആ വീരാൻകുട്ടിയാണ് ഇപ്പോൾ എനിക്ക് നോട്ടീസ് തന്നത്. അയാൾക്ക് ന്യൂനപക്ഷത്തെ പറ്റിയോ ഇസ്ലാമിനെ പറ്റിയോ ഒന്നും അറിയില്ല.

  • ഇതിനെ നിയമപരമായി എങ്ങിനെ നേരിടും?

നോട്ടീസ് അയച്ചതുകൊണ്ട് രണ്ട് കാര്യങ്ങളാണ് സംഭവിക്കാൻ പോകുന്നത്. ഇതുവരെ എനിക്ക് നോട്ടീസ് കിട്ടിയിട്ടില്ല. നോട്ടീസ് കിട്ടിയാൽ ഒന്നാമതായി ചെയ്യുക അതിന് നിയമ സാധുതയില്ലെങ്കിൽ അത് ഞാൻ പരസ്യമായി കത്തിച്ചു കളയും. ഇനി എന്തെങ്കിലും നിയമ സാധുതയുണ്ടെങ്കിൽ ഞാൻ അതുമായി മനുഷ്യവകാശ കമ്മീഷനെ സമീപിക്കും. ഇത് ഞാൻ എന്തായാലും വിടാൻ തീരുമാനിച്ചിട്ടില്ല. ഞാൻ നിയമപരമായി നേരിടും.

  • താങ്കൾക്കെതിരെ നോട്ടീസയക്കാനുണ്ടായ നടപടി രാഷ്ട്രീയ പ്രേരിതമാണോ?

അങ്ങിനെ ഞാൻ കരുതുന്നില്ല. രാഷ്ട്രീയക്കാർ ആരും അങ്ങിനെ ഇടപെടാൻ സാധ്യതയില്ല. അവരുടെ വോട്ടിന്റെ പ്രശ്‌നമാണല്ലോ. ലീഗ് പ്രത്യേകിച്ചും ഇതിൽ ഇടപെടാൻ സാധ്യതയില്ല കാരണം ഒരു വിവാദമുണ്ടായാൽ അത് ലീഗിന് തന്നെയാണ് തിരിച്ചടിയാവുക. ലീഗിനെ സംബന്ധിച്ച് സമുദായം എല്ലാ വിഭാഗത്തിന്റെയും വോട്ട് ആവശ്യമാണ് അതുകൊണ്ട് ഇത്തരത്തിലുള്ള ഇടപെടൽ അവർ നടത്തില്ല.

  • ഇപ്പോൾ നടക്കുന്ന സദാചാര ഗുണ്ടായിസത്തിനെതിരെയുള്ള ചുംബന സമരങ്ങളോട് എന്താണ് എം.ഇ.എസിന്റെ കാഴ്ചപ്പാട്?

ഞങ്ങൾക്ക് ഈ വിഷയത്തിലും വ്യക്തമായ കാഴ്‌ച്ചപ്പാടുണ്ട്. എം.ഇ.എസ് ഇതിന് എതിരായി ഭാരതീയ സംസ്‌കാര സംരക്ഷണ ജാഥ നടത്തിയിരുന്നു. ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് പരസ്യ ചുംബനം സംസ്‌കാരത്തിനെതിരാണ്, സദാചാര പൊലീസ് പാടില്ല, സ്വവർഗ്ഗ രതിക്കെതിരായി നിയമം കൊണ്ടുവരണം, വിവാഹത്തിന് അതീതമായി ഒരുമിച്ചുകഴിയുന്നതിന് എതിരായു അതിൽ ജനിക്കുന്ന സന്താനങ്ങൾക്കും കർശന നിയമം വേണം, ഇന്റർനെറ്റിന് കർശന നിയന്ത്രണം വേണം തുടങ്ങിയ കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുള്ള ഞങ്ങളുടെ നിലാപാട്.

  • സമരക്കാരെ കയ്യേറ്റം ചെയ്യുന്ന നടപടിയെ എങ്ങിനെ കാണുന്നു?

എന്തുകൊണ്ടാണ് സമരക്കാർക്കെതിരിൽ ഇത്തരം മതതീവ്രവാദികൾ അവിടെ വരേണ്ടി വന്നു. ഈ വിഷയത്തിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ എതിർക്കാതെ ആവശ്യമില്ലാതെ മൗനം പാലിക്കുകയാണ് ചെയ്തത്. രംഗത്ത് വരേണ്ട എസ്.എഫ്.ഐ, എം.എസ്.എഫ്, കെ.എസ്.യു ഇവരെല്ലാം മൗനത്തിലായിരുന്നു. അവസാനം കോഴിക്കോട്ട് ഹനുമാൻ സേന ഇടപെടേണ്ടി വന്നതും മുഖ്യധാരാ പാർട്ടികളുടെ കാപട്യം കൊണ്ടായിരുന്നു. ഇപ്പോഴത്തെ മുഖ്യധാര പാർട്ടികളെന്ന് പറയുമ്പോൾ അവർക്ക് നാല് വോട്ട് നഷ്ടപ്പെടരുത് എന്നതിലാണ് പേടി. ചുംബനസമരക്കാർക്കും നാല് വോട്ടുണ്ടല്ലോ എന്നതാണ് ഇവിടത്തെ പ്രശ്‌നം. ഞങ്ങൾ ഒരു തരത്തിലുള്ള പരസ്യ ചുംബനത്തെയും അനുകൂലിക്കുന്നില്ല. മോറൽ പൊലീസ് എന്നതിനോട് ഞങ്ങൾ ഒരിക്കലും യോജിക്കുന്നില്ല. സദാചാര പൊലീസിനെതിരെയുള്ള ആശയത്തെ ഈ ചുംബന സമരക്കാർ കുളമാക്കി അതാണ് ഇപ്പോൾ സംഭവിച്ചത്.

അവർ നടുറോട്ടിൽ തോന്ന്യാസം കാണിച്ചിട്ട് അടികിട്ടി എന്ന് പറഞ്ഞിട്ട് എന്ത് കാര്യാണുള്ളത്. അതായത് നിങ്ങൾക്കും അരാജകത്വത്തിൽ ഏർപ്പെടാം എന്നുണ്ടെങ്കിൽ സദാചാര പൊലീസായ അവർക്കും അരാജകത്വത്തിലേർപ്പെടാം എന്നാണ് അവർ പറയുന്നത്. ഇവർ ഈ ചുംബന സമരത്തിനായി പിടിച്ചു കൊണ്ടുവന്നിട്ടുള്ളത് സമൂഹത്തിലെ പാർശ്വ വൽക്കരിക്കപ്പെട്ട മിശ്രവിവഹാഹക്കാരെയും സ്വവർഗ വിവാഹക്കാരെയും ഒക്കെയാണ് ഈ ചുംബന സമരത്തിൽ പങ്കെടുത്തിട്ടുള്ളത്. ഇവരുടെ കുറെയൊക്കെ ബാക്ഗ്രൗണ്ട് എനിക്കറിയാം. അല്ലാതെ മുഖ്യധാര സാമൂഹ്യ രംഗത്തു നിന്നും ആര് പങ്കെടുത്തു. കൊച്ചിയിൽ നടന്ന സമരത്തിൽ രണ്ടു മതത്തിൻപെട്ട ആണും പെണ്ണും ചുംബിച്ചതായി പ്രചരിപ്പിച്ചിരുന്നു. ഇതിലൂടെ ഇവർ ലക്ഷ്യം വെയ്ക്കുന്നത് ഒരു മിശ്രവിവാഹം നല്ലതാണെന്ന് വരുത്തിതീർക്കലാണ്. പക്ഷെ അത് പൊളിഞ്ഞു ആപേരുകൾ വ്യാജമായിരുന്നു. ഞാൻ മറ്റൊരു കണക്ക് പറയാം ഇന്ത്യയിൽ ആയിരത്തിൽ ഒന്ന് മാത്രമാണ് മിശ്രമതങ്ങളിൽ നിന്നും വിവാഹം നടക്കുന്നത്. ഹിന്ദു സമുദായത്തിൽ നടക്കുന്ന മിശ്ര ജാതി വിവാഹങ്ങൾ ഇന്ത്യയിൽ നാലു ശതമാനമാണ്. ഇതിന്റെയെല്ലാം വ്യക്തമായ കണക്കുകളോടും പഠനങ്ങളോടും കൂടിയാണ് ഞാൻ സംസാരിക്കുന്നത്.[BLURB#3-H]

  • വരും ദിവസങ്ങളിൽ ചുംബന സമരക്കാർ ശക്തമായ സമരത്തോടെ മുന്നോട്ടു പോകുകയാണെങ്കിൽ എങ്ങിനെയായിരിക്കും നിങ്ങൾ അതിനെ നേരിടുക?

ചുംബനസമരവുമായി ഇനി വന്നാൽ ഇനി ശക്തമായി എം.ഇ.എസ് ഇതിനെ നേരിടും. എങ്ങനെ നേരിടണമെന്ന് ഞങ്ങൾ ആലോചിച്ച് ചെയ്യും ഇഷ്ടം പോലെ വിദ്യാർത്ഥികൾ ഞങ്ങളുടെ കോളേജിലും ഉണ്ട് ഞങ്ങളുടെ സംസ്‌കാരത്തിനനുസരിച്ചുള്ള ശക്തമായ സമരവുമായി ഞങ്ങൾ വരും ദിവസങ്ങളിലുണ്ടാകും. ഞങ്ങളുടെ സ്ഥാപനങ്ങളിലുള്ള ഒരു ലക്ഷം വിദ്യാർത്ഥികളിൽ 90 ശതമാനം പേരും ചുംബനസമരത്തിന് എതിരാണെന്ന് ഞങ്ങൾ നടത്തിയ വോട്ടെടുപ്പിലൂടെ മനസിലായി. ചുംബനത്തെ ഞങ്ങൾ അംഗീകരിക്കുന്നു പക്ഷെ പരസ്യ ചുംബനത്തെ ശക്തമായി എതിർക്കും. 

(അവസാനിച്ചു)