ലണ്ടൻ: മനുഷ്യശരീരത്തിൽ 79-ാമത്തെ അവയവം കൂടി സ്ഥിരീകരിച്ചു. കുടലിനെ ഉദരഭിത്തിയോടു ചേർത്തു നിർത്തുന്ന പെരിറ്റോണിയ (ഉദരസ്തരം)ത്തിൽ ഉള്ള മെസന്റെറിയെയാണ് അവയവമായി ശാസ്ത്രലോകം സ്ഥിരീകരിച്ചത്.

ഗ്രേയ്'സ് അനാട്ടമി എന്ന ശരീരശാസ്ത്രം സംബന്ധിച്ച ആധികാരിക പാഠപുസ്തകത്തിൽ മെസന്റെറിയെ സംബന്ധിച്ച പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. അവയവത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾ ഉൾപ്പെടുത്തി പരിഷ്‌കരിച്ച പതിപ്പിലാണ് മെസന്റെറിയെ അവയവമായി സ്ഥിരീകരിക്കുന്ന വിവരം.

കഴിഞ്ഞവർഷംതന്നെ ചില സർവകലാശാലകളും മെഡിക്കൽ കോളജുകളും മെസന്റെറിയെ അവയവമായി അംഗീകരിച്ചു പഠിപ്പിച്ചു തുടങ്ങിയിരുന്നു. അയർലൻഡിലെ ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ജെ. കാൽവിൻ കോഫിയാണ് ഈ കണ്ടെത്തൽ നടത്തിയ ഗവേഷകസംഘത്തിന്റെ തലവൻ. ഗവേഷണ പ്രബന്ധം ദ ലാൻസെറ്റ് ഗസ്സ്‌ട്രോ എന്ററോളജി ആൻഡ് ഹെപ്പാറ്റോളജി എന്ന ആധികാരിക പ്രസിദ്ധീകരണത്തിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.

വൻകുടലിനോടും ചെറുകുടലിനോടും ചേർന്നു കാണപ്പെടുന്നതാണ് ഈ അവയവം. പെരിറ്റോണിയത്തിലെ ഇരട്ട മടക്കിലുള്ള ഇതു പല കഷണങ്ങളല്ലെന്നും ഒരൊറ്റ അവയവമാണെന്നും സൂക്ഷ്മദർശിനിയിലൂടെയുള്ള നിരീക്ഷണത്തിൽ ഐറിഷ് സംഘം മനസിലാക്കി. ലെയണാർദോ ഡാവിഞ്ചിയുടെ കാലം മുതൽ ശരീര പഠനങ്ങളിൽ ഇതേപ്പറ്റി പരാമർശമുണ്ടെങ്കിലും പ്രസക്തമായ എന്തെങ്കിലും ചെയ്യുന്ന ഒന്നായി ഇതിനെ കണ്ടിരുന്നില്ല.

അഞ്ചുവർഷത്തെ ഗവേഷണഫലമായാണ് ഐറിഷ് സംഘം മെസന്റെറിയെ അവയവ നിലവാരമുള്ള ഭാഗമായി വിശദീകരിച്ചത്. ദഹനപ്രക്രിയയിൽ ഇതിന്റെ പങ്ക് ഇനിയും കണ്ടെത്തണം. അതുവഴി ഉദരരോഗങ്ങളിലെ ഇതിന്റെ പങ്കും മനസിലാക്കാം.

പല പാളികളായി വേർതിരിഞ്ഞുകിടക്കുന്നതുപോലെ തോന്നിപ്പിച്ച മെസന്റെറി മറ്റേതൊരു അവയവം പോലെയും ഏകീകൃത ഘടനയുള്ളതാണെന്നു ശാസ്ത്രജ്ഞർക്കു ബോധ്യമായി. മെസന്റെറിയെ അവയവമെന്ന നിലയിൽ സമീപിക്കുന്നതോടെ രോഗനിർണയത്തിലും പുതിയ തരംതിരിവു വേണ്ടിവരും. ഈ അവയവം ഇടയാക്കുന്ന രോഗങ്ങൾ മറ്റ് ആമാശയ രോഗങ്ങളിൽ നിന്നു വേർതിരിച്ചെടുക്കേണ്ടിവരും. ഗസ്സ്‌ട്രോഎന്ററോളജി, ന്യൂറോളജി, കൊളോപ്രോക്ടോളജി എന്നിവ പോലെ തന്നെ മെസന്റെറിക് സയൻസ് എന്നൊരു പുതിയ പഠനശാഖ ഇനി രൂപപ്പെടും എന്നാണു ശാസ്ത്രലോകം കരുതുന്നത്. മെസന്റെറി സംബന്ധിച്ചു കൂടുതൽ പഠനം നടത്തുന്നതോടെ ശസ്ത്രക്രിയകളുടെ ആവശ്യം കുറഞ്ഞേക്കാം. ചികിത്സയിലെ സങ്കീർണതകൾ കുറയും. അതിവേഗം രോഗമുക്തി ലഭിക്കാനും അങ്ങനെ ചികിത്സാച്ചെലവു കുറയാനും പുതിയ കണ്ടെത്തൽ സഹായകമാകുമെന്നാണു വിലയിരുത്തൽ.