ന്യൂകാമ്പ്: ബാഴ്സയോട് വിട പറഞ്ഞ സൂപ്പർ താരം മെസി ഇന്ന് മാധ്യമങ്ങളെ കാണും.ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30നാണ് മെസി മാധ്യമങ്ങൾക്ക് മുൻപിലേക്ക് എത്തുക. മെസിയും ക്ലബും വേർപിരിയാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാർത്താ സമ്മേളനം എന്നതും ശ്രദ്ധേയമാണ്.

പുതിയ ക്ലബിനെ കുറിച്ച് മെസി ഇവിടെ വ്യക്തമാക്കിയേക്കും എന്നാണ് സൂചന. പിഎസ്ജിയിലേക്ക് മെസി ചേക്കേറുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സജീവം. കരാർ സംബന്ധിച്ച് മെസിയും പിഎസ്ജിയും തമ്മിൽ ധാരണയിലെത്തിയതായും പ്രഖ്യാപനം നടത്തുക എന്നത് മാത്രമാണ് ഇനി മുൻപിലുള്ളതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കരാർ സംബന്ധിച്ച് ധാരണയിൽ എത്തിയെന്ന വാർത്തകൾ പിഎസ്ജി നിഷേധിച്ചു.

മെസിയെ സ്വന്തമാക്കാനായി ട്രാൻസ്ഫർ വിപണിയിൽ ഇറങ്ങില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. ജാക്ക് ഗ്രീലിഷിനെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കുന്നതോടെയാണ് മെസിക്കായി മാഞ്ചസ്റ്റർ സിറ്റി മുന്നിട്ടിറങ്ങാത്തത് എന്നാണ് സൂചന. ഹാരി കെയ്നും സിറ്റിയുടെ മുൻപിൽ നിൽക്കുന്നു.

പ്രതിഫലം 50 ശതമാനം കുറച്ച് അഞ്ച് വർഷത്തേക്ക് മെസിയുമായി ബാഴ്സ പുതിയ കരാർ ഒപ്പിടും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ സാമ്പത്തിക കാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ബാഴ്സയ്ക്കും മെസിക്കും വേർപിരിയേണ്ടി വരികയായിരുന്നു.