- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരമാവധി വേഗതയിൽ ഓടുമ്പോഴും പന്തിന്മേലുള്ള നിയന്ത്രണം നിലനിർത്താനുള്ള അസാമാന്യ കഴിവ്; ഫിനിഷിംഗിലും മികവ് അപാരം; ഹോർമോൺ പ്രശ്നങ്ങളിൽ ചികിൽസ തേടി കുഞ്ഞുനാളിൽ സ്പെയിനിലെത്തി ബാഴ്സലോണയുടെ മുത്തായി; ഒരുതരത്തിലുള്ള ടാക്ലിംഗിനും വിധേയനാകാതെ എതിരാളികളെ ട്രിബിൾ ചെയ്ത് മുന്നേറുമ്പോൾ സ്പെയിനിലെ അർജന്റീനിയൻ വസന്തമായി; ഇനി പടിയറക്കം; അടുത്ത ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയോ പി എസ് ജിയോ? ലെയണൽ മെസി ബാഴ്സലോണ വിടുമ്പോൾ
ബാഴ്സലോണ: ബാഴ്സലോണയിൽ നിന്ന് ലെയ്ണല്ഡ മെസി പടിയിറങ്ങുമെന്ന് ഉറപ്പായി. ക്ലബുമായുള്ള 19 വർഷത്തെ ബന്ധമാണ് മെസി അവസാനിപ്പിക്കുന്നത്. ക്ലബിനൊപ്പം തുടരാൻ താൽപര്യമില്ലെന്ന് മെസി ഫാക്സ് സന്ദേശത്തിൽ അറിയിക്കുകയായിരുന്നു. മെസിയുടെ ആവശ്യം ക്ലബ് അംഗീകരിച്ചതായി യൂറോപ്പ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ മെസി ബാഴ്സ വിട്ടുവെന്നുള്ള കാര്യം ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സീസണിൽ ഒരു കിരീടം പോലും നേടാൻ ബാഴ്സലോണയ്ക്ക് സാധിച്ചിരുന്നില്ല.ചാംപ്യൻസ് ലീഗിൽ ബയേൺ മ്യൂനിച്ചിനോട് 8-2ന്റെ കനത്ത പരാജയം ഏറ്റുവാങ്ങി. ഇതും മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചു.
മെസിയുടെ ക്ലബ് വിടാനുള്ള തീരുമാനത്തെ മുൻ പ്രതിരോധതാരം കാർലസ് പുയോൾ അഭിനന്ദിച്ചു. എന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പുയോൾ ട്വിറ്ററിൽ കുറിച്ചിട്ടു. മെസിയുടെ സഹതാരം ലൂയിസ് സുവാരസ് ആവട്ടെ പുയോളിന്റെ ട്വീറ്റിന് കയ്യടിക്കുകയും ചെയ്തു. ഇതോടെ മെസി ക്ലബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പാക്കുകയായിരുന്നു. കാറ്റലൂനിയൻ പ്രസിഡന്റ് ക്വിം ടൊറ മെസിക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. കാറ്റലൂനിയ നിങ്ങളുടെ വീടാണ്. നിങ്ങൾ പുറത്തെടുത്ത അസാധാരണ പ്രകടനങ്ങളോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച താരത്തിനൊപ്പം ഞങ്ങൾക്ക് കുറച്ച് കാലം ജീവിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടരാണ്.'' അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടു.
ബാഴ്സലോണ വിടാൻ തന്റെ റിലീസ് ക്ലോസ് നീട്ടിത്തരണമെന്ന് മെസിയുടെ വക്കീൽ ആവശ്യപ്പെട്ടാതായും റിപ്പോർട്ട് വന്നിട്ടുണ്ട്. ജൂൺ 10നാണ് താരത്തിന്റെ റിലീസ് ക്ലോസ് അവസാനിച്ചത്. അതുവരെയുള്ള ഏത് സമയത്തും മെസിക്ക് കരാർ റദ്ദാക്കി ക്ലബ് വിടാനുള്ള അവകാശമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സീസൺ അവസാനിച്ചതിനാൽ മെസി ക്ലബ് വിടണമെങ്കിൽ മേടിക്കുന്ന ക്ലബ് ഭീമൻ തുക റിലീസ് ക്ലോസ് നൽകേണ്ടി വരും. ഈയൊരു നിയമവശത്തിലൂടെ മെസിയെ ക്ലബിൽ തന്നെ നിർത്താനും ബാഴ്സ ശ്രമിക്കുന്നുണ്ട്. 700 മില്യണാണ് റിലീസ് ക്ലോസ് തുക. അതുകൊണ്ടാണ് മെസിയുടെ തീരുമാനം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്.
തിരിച്ചടികൾക്ക് പിന്നാലെ ക്ലബ് പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പ് റൊണാൾഡ് കോമാൻ ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിരുന്നു. ലൂയിസ് സുവാരസ്, ഇവാൻ റാകിടിച്ച്, ആർതുറോ വിദാൽ എന്നിവർക്ക് സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പാവുകയും ചെയ്തിരുന്നു. മെസി കോമാന്റെ ഭാവിപദ്ധതികളുടെ ഭാഗമായിരുന്നു. എന്നാൽ മെസിയുടെ തീരുമാനം മറിച്ചാണ്. എവിടേക്കാണ് താരത്തിന്റെ പോക്കെന്നുള്ള കാര്യത്തിലും ഉറപ്പായിട്ടില്ല. മുൻ ബാഴ്സലോണ പരിശീലകൻ പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയിലേക്കാവും താരമെത്തുകയെന്ന് വാർത്തകളുണ്ട്.
മെസിയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തികൂടിയാണ് ഗാർഡിയോള. എന്നാൽ പിഎസ്ജിയേക്കും താരം പോകുമെന്ന് റിപ്പോർട്ടുണ്ട്. ഉറ്റസുഹൃത്ത് നെയ്മറുമായിട്ടുള്ള ബന്ധമാണ് പിഎസ്ജിയിലേക്ക് പോകാൻ താരത്തെ പ്രേരിപ്പിക്കുന്നത്. പിഎസ്ജി കോച്ച് തോമസ് തുച്ചൽ മെസിയെ സ്വാഗതം ചെയ്തിരുന്നു. സഹകളിക്കാരിൽനിന്ന് മികച്ച പിന്തുണയും ഒത്തിണക്കവും ലഭിച്ചില്ലെങ്കിൽ മെസിക്ക് തിളങ്ങാനാകില്ല. ഇത് ബാഴ്സലോണയിൽ കുറഞ്ഞു തുടങ്ങി. ഇതാണ് മെസിയെ ക്ലബ്ബിൽ നിന്ന് അകറ്റിയത്.
അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച മെസി കുഞ്ഞുനാൾ മുതൽ പന്തു തട്ടിത്തുടങ്ങി. എന്നാൽ വളർച്ചയെ ബാധിക്കുന്ന ഹോർമോൺ പ്രശ്നം കുഞ്ഞുമെസിയെ ബാധിച്ചിരുന്നു. ഈ അസുഖത്തിന് ചികിൽസ തേടി സ്പെയിനിൽ എത്തിയതാണ് മെസിയുടെ കളിജീവിതത്തിൽ നിർണായകമായത്. ചികിൽസയ്ക്കിടെ മെസി കറ്റാലൻ ക്ലബായ ബാഴ്സലോണയുടെ സെലക്ഷൻ ട്രയൽസിൽ വിജയിച്ചു. തുടർന്ന് ഭാരിച്ച ചികിൽസാചെലവും മറ്റും നൽകി മെസിയെ ബാഴ്സ ഏറ്റെടുക്കുകയായിരുന്നു. ബാഴ്സയിലെ ആദ്യകാല പരിശീലനത്തിൽതന്നെ അത്യപൂർവ്വ പ്രതിഭയാണ് മെസിയെന്ന് പരിശീലകർ തിരിച്ചറിഞ്ഞു. 2004 ഒക്ടോബറിൽ എസ്പന്യോളിനെതിരെയാമി ബാഴ്സയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റം. 2004-05 സീസണിൽ ബാഴ്സ സ്പാനിഷ് ജേതാക്കളായപ്പോൾ അത് മെസിയുടെ ആദ്യ കിരീടമായി.
തുടർന്നുള്ള ഓരോ സീസണുകളിലും ടീമിന്റെ ചാലകശക്തിയായി മെസി മാറി. മെസി തകർപ്പൻ ഫോമിൽ കളിച്ച 2008-09 സീസണിൽ ക്ലബ് ലോകകപ്പ് ഉൾപ്പടെ ആറിൽ ആറ് കിരീടവും ബാഴ്സ നേടി. നാലുതവണ തുടർച്ചയായി ലോകത്തെ മികച്ച ഫുട്ബോളർക്കുള്ള ബാലൻ ഡീ ഓർ പുരസ്ക്കാരവും സ്വന്തമാക്കിയ മെസി, തന്റെ തലമുറയിലെ മികച്ച താരമെന്ന് വാഴ്ത്തപ്പെട്ടു. മെസിയുടെ പന്തടക്കവും വേഗതയും അതുല്യമാണ്. മദ്ധ്യനിരയിൽനിന്ന് പന്ത് കാലിൽകൊരുത്ത് മുന്നേറുന്ന മെസിയെ പലപ്പോഴും എതിർ പ്രതിരോധനിരയ്ക്ക് പിടിച്ചാൽ കിട്ടില്ല. ഒരുതരത്തിലുള്ള ടാക്ലിംഗിനും വിധേയനാകാതെ എതിരാളികളെ ട്രിബിൾ ചെയ്ത് മുന്നേറുമ്പോൾ മെസി കൂടുതൽ അപകടകാരിയാകുന്നു.
പരമാവധി വേഗതയിൽ ഓടുമ്പോഴും പന്തിന്മേലുള്ള നിയന്ത്രണം നിലനിർത്താനുള്ള അസാമാന്യ കഴിവാണ് മെസിയെ എതിരാളികളിൽനിന്ന് വേറിട്ട് നിർത്തുന്നത്. ഫിനിഷിംഗിലും മെസിയുടെ മികവ് അപാരമാണ്. ഈ മികവാണ് ബാഴ്സലോണയ്ക്ക് നഷ്ടമാകുന്നത്.
മറുനാടന് ഡെസ്ക്