ബാഴ്സലോണ: മാഞ്ചസ്റ്റൽ സിറ്റി വിടുന്ന അർജന്റൈൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ ബാഴ്സലോണയുമായി കരാർ ഒപ്പുവെച്ചു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും ചാംപ്യൻസ് ലീഗ് ഫൈനലിന് ശേഷം പ്രഖ്യാപനമുണ്ടാവും. രണ്ട് വർഷത്തെ കരാർ ആണ് അഗ്യൂറോ ഒപ്പുവച്ചതെന്ന് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

ചാംപ്യൻസ് ലീഗ് ജയിച്ചാൽ ബോണസ് നൽകുന്ന വിധത്തിലാണ് അഗ്യൂറോയുമായുള്ള ബാഴ്സയുടെ കരാർ. എന്നാൽ സിറ്റിയിൽ ലഭിച്ചതിനേക്കാൽ കുറഞ്ഞ വേതനമാണ് അഗ്യൂറോയ്ക്ക് ലഭിക്കുക. ദീർഘകാലത്തെ പരിക്കിന് ശേഷം അഗ്യൂറോ സിറ്റി ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്താൻ താരത്തിന് സാധിച്ചിട്ടില്ല. താരം ഫിറ്റ്നെസ് വീണ്ടെടുത്തില്ലെന്നും വാർത്തകളുണ്ട്. ചാംപ്യൻസ് ലീഗ് ഫൈനലിർ ചെൽസിയെ നേരിടുന്നതിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

അണ്ടർ 19 തലം തൊട്ട് മെസിയുടെ അടുത്ത കൂട്ടുകാരനാണ് അഗ്യൂറോ. ഇതോടെ ക്ലബ് തലത്തിലും മെസി- അഗ്യൂറോ ദ്വയം ഒരുമിച്ചെത്തുന്നത് കാണാൻ സാധിക്കും. അഗ്യൂറോയ്ക്ക് പിന്നാലെ മെംഫിസ് ഡിപായെയും ബാഴ്സലോണ സ്വന്തമാക്കും. അഗ്യൂറോയ്ക്ക് പിന്നാലെ ഒളിംപിക് ലിയോണിന്റെ ഡച്ച് ഫോർവേഡ് മെഫിംസ് ഡിപെയും ബാഴ്സയിലെത്തുമെന്ന് റൊമാനോ ട്വീറ്റ് ചെയ്തു.