- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാറ്റാ മോഷണ വിവാദത്തിൽ ഫേസ്‌ബുക്ക് നേരിടുന്നത് വലിയ പ്രതിസന്ധി; കാര്യങ്ങൾ ഗുരുതരമാകും മുമ്പ് സക്കർബർഗ് വാട്സ്ആപ് വിറ്റേക്കാം; ഏറ്റെടുക്കാൻ സാക്ഷാൽ അംബാനിയും എത്തിയേക്കും; വരുമാനക്കുറവ് നികത്താൻ മാസവരി ഏർപ്പെടുത്താനും നീക്കം; ടെക്‌നോളജി മേഖലയിലെ അതികായന് ഇത് തിരിച്ചടികളുടെ കാലം
ലോസ് ഏഞ്ചൽസ്: ടെക്‌നോളജി മേഖലയിലെ അതികായനായ ഫേസ്‌ബുക്കിനും സക്കർബർഗിനും ഇത് തിരിച്ചടികളുടെ കാലമാണ്. തൊട്ടതെല്ലാം പിഴയ്ക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഡാറ്റാ മോഷണ വിവാദത്തിൽ നടപടി നേരിടുന്നതിന് പുറമേ മറ്റു വിവാദങ്ങളും ഫേസ്‌ബുക്കിനെയും മാതൃകമ്പനിയായ മെറ്റയെയും ബാധിക്കുന്നുണ്ട്. ഓഹരി വിപണിയിൽ ഫേസ്‌ബുക്കിനുണ്ടായ തകർച്ചയിൽ നിന്നും ഇനിയും കരകയറാൻ സാധിച്ചതുമില്ല. ഇപ്പോഴിതാ പ്രതിസന്ധിയിൽ ഉഴറുന്ന ഫേസ്‌ബുക്ക് തങ്ങളുടെ സഹകമ്പനിയായ വാട്ആപ്പിനെ കൈവിട്ടേക്കുമെന്നാണ് സൂചനകൾ. അല്ലാത്ത പക്ഷം മാസവരി നൽകി ഉപയോഗിക്കേണ്ട അവസ്ഥമുണ്ടാകും.
വാട്സാപ് വിൽക്കുന്ന കാര്യം കമ്പനി പരിഗണിക്കുകയാണെന്ന് ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വരുമാനം കുറവാണെന്നതു തന്നെയാണ് ഇതിന് പ്രധാന കാരണം. ഫേസ്‌ബുക് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങിയേക്കാമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വാട്സാപ് വിൽക്കുന്ന കാര്യം കമ്പനി ഉടമ മാർക്ക് സക്കർബർഗ് പരിഗണിക്കുന്നു എന്ന വാർത്ത വന്നിരിക്കുന്നത്.
അമേരിക്കയും യൂറോപ്യൻ യൂണിയനും അടക്കമുള്ള മേഖലകൾ പ്രധാന സന്ദേശ കൈമാറ്റ ആപ്പുകളെല്ലാം ഒരാൾ നിയന്ത്രിക്കുന്നതിനെതിരെ താമസിയാതെ നിലപാട് എടുക്കാനുള്ള സാധ്യതയും ഉണ്ട്. ഷോർട്ട് വിഡിയോ കൈമാറുന്ന ആപ്പായ ടിക്ടോക്കിന്റെ അപ്രതീക്ഷിത മുന്നേറ്റവും സക്കർബർഗിനെ വിറപ്പിച്ചു. ഫേസ്‌ബുക്കിന്റെ വളർച്ച പോലും മുരടിച്ചു. ഇതു കൂടാതെ ഫേസ്‌ബുക് ഇനി മെറ്റാവേഴ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതും വാട്സാപ്പിനെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്കു നയിച്ചേക്കാം. പക്ഷേ, അതിനെല്ലാം പുറമെ പണത്തിന്റെ കളികളും വാട്സാപ് വിൽക്കാൻ സക്കർബർഗിനെ പ്രേരിപ്പിച്ചേക്കാം എന്നാണ് മനസ്സിലാകുന്നത്.
കമ്പനി 2014ൽ 1900 കോടി ഡോളർ നൽകി വാങ്ങിയതാണ് വാട്സാപ്. അതിനു മുൻപ് 2012ൽ സക്കർബർഗ് വാങ്ങിയ ആപ്പാണ് ഇൻസ്റ്റഗ്രാം. അത് സ്വന്തമാക്കാൻ ഫേസ്‌ബുക് നൽകിയത് 100 കോടി ഡോളറാണ്. അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇൻസ്റ്റഗ്രാം 2019ൽ മാത്രം ഫേസ്‌ബുക് ഗ്രൂപ്പിന് സമ്മാനിച്ചിരിക്കുന്നത് 1900 കോടി ഡോളറിന്റെ വരുമാനമാണ്. മറിച്ച് വാട്സാപ്പിൽ നിന്നുള്ള വരുമാനം വളരെക്കുറവാണ്. വാട്സാപ് വാങ്ങി 8 വർഷത്തിനു ശേഷവും സക്കർബർഗിന് അതിനെ ലാഭത്തിലാക്കാൻ സാധിച്ചിട്ടില്ലെന്നുള്ളത് ആശ്ചര്യമുളവാക്കുന്ന കാര്യമാണെന്ന് ബ്ലൂംബർഗ് നിരീക്ഷിക്കുന്നു. ഇപ്പോൾ ഫേസ്‌ബുക്കിന്റെ വരുമാനത്തിൽനിന്ന് കയ്യിട്ടുവാരി പ്രവർത്തിക്കുന്ന ആപ്പാണ് വട്സാപ്.
എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആപ്പായി 2009 ലാണ് ബ്രയൻ ആക്ടണും ജാൻ കോമും ചേർന്ന് വാട്സാപ് തുടങ്ങുന്നത്. ഈ ആപ്പിന് തുടക്കത്തിൽ മാസവരി ഉണ്ടായിരുന്നു - പ്രതിമാസം 99 സെന്റ്സ്. സ്ഥാപകർ വരിസംഖ്യ ഈടാക്കാൻ കാരണം പരസ്യങ്ങൾ വേണ്ട എന്ന നിലപാടായിരുന്നു. ആപ് ഫേസ്‌ബുക് വാങ്ങിയപ്പോൾ സ്ഥാപകരും മികച്ച ശമ്പളത്തിന് അവിടെ ജോലിക്ക് എത്തുകയുമുണ്ടായി.
എന്നാൽ, ഫേസ്‌ബുക് വാട്സാപ്പിൽ പരസ്യങ്ങൾ കൊണ്ടുവരുന്ന കാര്യം പരിഗണിച്ചതോടെ സ്ഥാപകർ ഓരോരുത്തരായി കമ്പനിയിൽനിന്നു പടിയിറങ്ങി. പക്ഷേ, 2020ൽ വാട്സാപ് ഈ തീരുമാനത്തിൽനിന്നു പിന്നോട്ടു പോയി. പകരം ബിസിനസ് സ്ഥാപനങ്ങൾക്കായി വാട്സാപ് പ്രവർത്തിപ്പിച്ച് അതിൽനിന്നു ലാഭമുണ്ടാക്കാമെന്ന ആശയം അവതരിപ്പിച്ചു. സാധാരണ ഉപയോക്താക്കൾക്ക് വാട്സാപ് ഫ്രീയായി തന്നെ ഉപയോഗിക്കാൻ അനുമതിയും നൽകി.
അതേസമയം തങ്ങളുടെ ബിസിനസിൽ വാട്സാപ്പിനെ കേന്ദ്ര സ്ഥാനത്തു നിർത്തിയുള്ള മാറ്റങ്ങളാണ് ഫേസ്‌ബുക് നടത്താൻ പോകുന്നത് എന്ന സൂചനയാണ് 2021ൽ മേധാവി സക്കർബർഗ് നൽകിയത്. സ്വകാര്യതയ്ക്ക് ഊന്നൽ നൽകിയുള്ള സന്ദേശക്കൈമാറ്റ രീതിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹം അന്ന് വാചാലനായിരുന്നു. എന്നാൽ, ഇപ്പോൾ ആനി മാറിയിട്ടുണ്ട്.
പ്രധാനപ്പെട്ട സന്ദേശക്കൈമാറ്റ ആപ്പുകൾ കൈവശപ്പെടുത്തിവച്ചിരിക്കുന്നു എന്ന കാരണത്താൽ താൻ വിവിധ സർക്കാരുകളുടെ നോട്ടപ്പുള്ളിയാണെന്നും സക്കർബർഗിന് വ്യക്തമായി അറിയാം. എന്നാൽ പിന്നെ, ലാഭമുണ്ടാക്കാത്ത ബിസിനസായ വാട്സാപ്പിനെ ബലികൊടുത്ത് മുന്നോട്ടുപോയിക്കൂടെ എന്ന ചിന്ത സക്കർബർഗിനെ പിടികൂടിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു. അമേരിക്കയിൽ താമസിയാതെ തനിക്കെതിരെ വന്നേക്കാവുന്ന ആന്റിട്രസ്റ്റ് നീക്കത്തിന്റെ മുനയൊടിക്കാനും ഇത്തരം ഒരു നീക്കത്തിനു സാധ്യമായേക്കുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം.
ചൈനയിൽ ടെൻസന്റ് കമ്പനി നടത്തുന്ന വീചാറ്റ് ആപ്പിൽ നിന്ന് 2022 ജൂണിൽ മാത്രം 50 കോടി ഡോളറിലേറെ ലഭിച്ചുവെന്ന് മാർക്കറ്റ് വിശകലന കമ്പനിയായ സെൻസർ ടവർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പണമടയ്ക്കൽ, പരസ്യം, ഗെയിം മേഖലയുമായി ബന്ധിപ്പിക്കാനുള്ള ഉപാധി തുടങ്ങിയ വഴികളിലാണ് വീചാറ്റ് പൈസ കൊയ്യുന്നത്.
സക്കർബർഗ് വാട്സാപ് വാങ്ങിയത് അത് പ്രവർത്തിപ്പിച്ച് ലാഭമുണ്ടാക്കിയേക്കാമെന്നു കരുതി ആയിരുന്നില്ല. വാട്സാപ് തന്റെ അരുമക്കുഞ്ഞായ ഫേസ്‌ബുക്കിന് ഭീഷണിയായിത്തീരാമെന്നു കണ്ടതോടെയാണ് അതു വാങ്ങാൻ സക്കർബർഗ് തീരുമാനിച്ചത്. ഫേസ്‌ബുക്കിനോട് മത്സരിക്കുന്നത് ഒഴിവാക്കുക എന്ന പ്രാഥമിക ലക്ഷ്യമായിരുന്നു സക്കർബർഗിന്റെ മനസ്സിൽ. ഫേസ്‌ബുക്കിനെതിരെ അമേരിക്കയിലെ ഫെഡറൽ ട്രേഡ് കമ്മിഷൻ ഇപ്പോൾ നടത്തിവരുന്ന അന്വേഷണത്തിൽ ഇതിനുള്ള തെളിവുകളും ശേഖരിച്ചു കഴിഞ്ഞുവെന്ന് റിപ്പോർട്ടുകളുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ഭീഷണി ഒഴിവാക്കുക എന്ന ഒരു ലക്ഷ്യമൊഴികെ മറ്റൊന്നും ഇല്ലാതെ ഫേസ്‌ബുക് വാങ്ങിച്ച ആപ്പാണ് വാട്സാപ്.
അംബാനി വാട്‌സ് ആപ്പ് വാങ്ങുമോ?
ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനി വാട്‌സ്ആപ്പ് വാങ്ങുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കാര്യമായ വരുമാനമൊന്നും ഇല്ലാത്ത വാട്സാപ്പിന് ഓഹരികളിറക്കാനുള്ള സാധ്യതയും കുറവാണ്. അതേസമയം, ഒരു സ്വകാര്യ കൺസോർഷ്യത്തിന് വാട്സാപ് വിൽക്കാനുള്ള സാധ്യതയായിരിക്കും മെറ്റാ പരിഗണിക്കുക. അല്ലെങ്കിൽ മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനുള്ള സാധ്യതയും ഉണ്ട്. തങ്ങൾക്കും ഒരു മെസേജിങ് ആപ് വേണമെന്ന് മൈക്രോസോഫ്റ്റ് കുറച്ചുകാലമായി പറയുന്നു. ടിക്ടോക് ഏറ്റെടുക്കാനായി മൈക്രോസോഫ്റ്റ് ശ്രമിച്ചതുമാണ്. സോഫ്റ്റ്ബാങ്ക് വാട്സാപ് വാങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നു. വാട്സാപ്പിനെ റിലയൻസിന്റെ ജിയോ മാർട്ടിന്റെ സൂപ്പർ ആപ്പാക്കാൻ ഒരു ശ്രമം ഉണ്ടായിരുന്നു. ഫേസ്‌ബുക് വാട്സാപ് വിറ്റാൽ അത് റിലയൻസ് ഉടമ മുകേഷ് അംബാനിക്കും അതൊരു അടിയായിരിക്കും. അംബാനി വാട്സാപ് ഏറ്റെടുക്കാനുള്ള സാധ്യത ഉണ്ടോ എന്ന കാര്യവും ഇപ്പോൾ അപ്രവചനീയമാണ്.
അതേസമയം, ഏതു കമ്പനി ഏറ്റെടുത്താലും വരിസംഖ്യ ഏർപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. പ്രതിമാസം 50-100 രൂപ വരെ ഇട്ടേക്കാം. ഇങ്ങനെ വരിസംഖ്യ ഇട്ടാൽ എത്രപേർ ഇന്ത്യയിലൊക്കെ തുടർന്ന് വാട്സാപ് ഉപയോഗിക്കുമെന്നുള്ള കാര്യം കണ്ടറിയണം. മറ്റൊരു പ്രധാന കാര്യം വാട്സാപ്പിന് ഉപയോക്താക്കൾ കൂടുതലുള്ളത് ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലാണ്. അമേരിക്കയിൽ ആപ്പിളിന്റെ ഐമെസേജ് ആണ് ആധിപത്യം. ആപ്പിളിന്റെ കുത്തക തകർക്കാൻ ഫേസ്‌ബുക്കിന് സാധിച്ചില്ല. വരിസംഖ്യ ഇടാനുള്ള സാധ്യത ഉണ്ടെങ്കിലും അത് വാട്സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം കുത്തനെ കുറയാൻ ഇടവരുത്തിയേക്കും. മറ്റൊരു സാധ്യത പരസ്യങ്ങൾ കാണിക്കുക എന്നതാണ്.
മറുനാടന് ഡെസ്ക്