- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസേറിയൻ മുഖേന മൂന്നു പ്രസവം കഴിഞ്ഞ സ്ത്രീക്ക് പ്രകൃതി ചികിത്സ - യോഗ സമ്പ്രദായമനുസരിച്ച് സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്തു; പ്രസവത്തിൽ കുട്ടി മരിച്ചു; ഡോക്ടറുടെ വീഴ്ച്ചയെന്ന് കണ്ടെത്തി ഉപഭോക്തൃ കമ്മീഷൻ; മഞ്ചേരിയിലെ ഇന്റർനാഷണൽ മെറ്റേർണി സ്റ്റുഡിയോക്ക് 6,24 ലക്ഷം പിഴയിട്ടു
മലപ്പുറം: സിസേറിയൻ മുഖേന മൂന്നു പ്രസവം കഴിഞ്ഞ സ്ത്രീക്ക് പ്രകൃതി ചികിത്സ- യോഗ സമ്പ്രദായമനുസരിച്ച് സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്ത് കുട്ടി മരിക്കാനിടയായ സംഭവത്തിൽ പരാതിക്കാരിക്ക് ചികിത്സാ ചെലവ് ഉൾപ്പടെ 6,24,937 രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. കുട്ടി മരിക്കാനിടയായത് ഡോക്ടറുടെ വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി.
മൂന്നു പ്രസവവും സിസേറിയൻ മുഖേനയായിരുന്നാലും സ്വാഭാവിക പ്രസവം നടക്കുമെന്ന് അറിഞ്ഞാണ് പരാതിക്കാരി സ്പ്രൗട്ട്‌സ് ഇന്റർനാഷണൽ മെറ്റേർണി സ്റ്റുഡിയോ എന്ന സ്ഥാപനത്തിൽ പ്രസവത്തിനായി എത്തിയത്. പരാതിക്കാരിയെ പരിശോധിച്ച ശേഷം സ്വാഭാവിക പ്രസവത്തിന് തടസ്സമില്ലെന്ന് പറഞ്ഞതിനാൽ അഞ്ചു മാസക്കാലം സ്ഥാപനത്തിലെ ചികിത്സാ രീതികൾ പിന്തുടർന്നു.
പ്രസവവേദനയെ തുടർന്ന് സ്ഥാപനത്തിലെത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രസവം നടക്കാത്തതിനാൽ അവശ നിലയിലായ ഇവരെ പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് കുട്ടിയെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടു. ദീർഘ കാലത്തെ ചികിത്സയ്ക്കു ശേഷവും അവശ നിലയിൽ തുടർന്നതിനാൽ പരാതിക്കാരി ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതിക്കാരിയെയും ഡോക്ടർമാരെയും കമ്മീഷൻ വിചാരണ ചെയ്തു.
സിസേറിയൻ കഴിഞ്ഞ ശേഷം സ്വാഭാവിക രീതിയിലുള്ള പ്രസവം അപകടമാണെന്ന് അറിഞ്ഞു കൊണ്ടും മതിയായ സുരക്ഷാ സംവിധാനമില്ലാതെയും ഒരു പ്രസവ വിദഗ്ധയുടെ മേൽനോട്ടമില്ലാതെയുമാണ് പരാതിക്കാരിയുടെ പ്രസവ ശുശ്രൂഷയ്ക്ക് ശ്രമിച്ചതെന്നും ഇത്തരം പരീക്ഷണം നടത്താൻ പരാതിക്കാരിയുടെ രേഖാമൂലമുള്ള സമ്മതമുണ്ടായിരുന്നില്ലെന്നും കമ്മീഷൻ കണ്ടെത്തി. സമാനമായ സംഭവങ്ങൾ ജില്ലയിൽ ആവർത്തിക്കുന്നതായും കമ്മീഷന് ബോദ്ധ്യമായി.
കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് പരാതി പരിഗണിച്ചത്. വിധിപ്രകാരമുള്ള തുക ഒരു മാസത്തിനകം പരാതിക്കാരിക്ക് നൽകണമെന്നും അല്ലാത്ത പക്ഷം പരാതി തിയ്യതി മുതൽ ഒമ്പത് ശതമാനം പലിശ സഹിതം നൽകേണ്ടതാണെന്നും വിധിയിൽ പറയുന്നു.