ഹൈദരാബാദ്: രാഷ്ട്രീയക്കാരെയും സിനിമാ പ്രവർത്തകരെയും വെട്ടിലാക്കിയ മീടൂ മൂവ്‌മെന്റ് മാധ്യമ ലോകത്തെയും പിടിച്ചു കുലുക്കിയിരുന്നു. നിരവധി മാധ്യമപ്രവർത്തകർക്കെതിരെ സഹപ്രവർത്തകർ ആയിരുന്നവർ ആരോപണം ഉന്നയിച്ചു രംഗത്തുവന്നു. ഇതോടെ പലരും രാജിവെച്ച് പടിയിറങ്ങി. ചിലർ ഇപ്പോഴും തൽസ്ഥാനത്ത് തുടരുന്നുണ്ട്. ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് ദിനപത്രത്തിലെ എഡിറ്റർ ഇൻ ചീഫ് ജിഎസ് വാസുവിനെതിരെ മീടൂ ആരോപണങ്ങളുമായും വനിതാ മാധ്യമപ്രവർത്തകർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എങ്കിലും ആരോപണങ്ങളുടെ പശ്ചാത്തലത്തിലും എഡിറ്റർ സ്ഥാനത്തു തന്നെയാണ് ജിഎസ് വാസു തുടരുന്നത്. ഇതോടെ ഇനിയും ഇദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന മാധ്യമപ്രവർത്തകർ രാജിവെച്ചു.

തെലലുങ്കാനയിലെ അസിസ്റ്റന്റ് റെസിഡന്റ് എഡിറ്റർ വിക്രം ശർമ്മയാണ് രാജിവെച്ചത്. ഇക്കഴിഞ്ഞ നവംബർ 20നാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ലൈംഗിക ആരോപണ വിധേയനായ വ്യക്തിക്കൊപ്പം ജോലി ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് ശക്തമായ ഭാഷയിലാണ് വിക്രം ശർമ്മയുടെ രാജിക്കത്ത്. ഇമെയിൽ വഴി നൽകിയ രാജിക്കത്ത് മാധ്യമ രംഗത്തെ മീ ടൂ ആരോപണങ്ങൾ പുറത്തു കൊണ്ടുവന്ന സന്ധ്യാ മേനോനാണ് രാജികത്ത് പുറത്തുവിട്ടത്. വാസുവിനെ അഡ്രസ് ചെയ്തു കൊണ്ടായിരുന്നു രാജിക്കത്ത്.

താങ്ങളുടെ പേര് മീടു ആരോപണത്തിൽ ഉയർന്നുവന്നപ്പോൾ അതിശയമാണ് ഉണ്ടായതെന്നാണ് രാജിക്കത്തിൽ വിക്രം ശർമ്മ ചൂണ്ടിക്കാട്ടിയത്. ആരോപണം ഉയർത്തിയ ഒരു യുവതി പറഞ്ഞ കാര്യങ്ങൾകേട്ട് താങ്കളോടുള്ള ബഹുമാനം നഷ്ടമായെന്നും വിക്രം ചൂണ്ടിക്കാട്ടി. പത്രത്തിന്റെ ഹൈദരാബാദ് എഡിറ്ററായിരുന്ന മഞ്ജു ലതാ കലാനിധി ഉന്നയിച്ച ആരോപണങ്ങളാണ് വിക്രം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. വാസുവിന്റെ പേര് ഉന്നയിക്കാതെയാണ് മഞ്ജുലതാ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചത്. ഇത്രയും കാലം ഇങ്ങനെയുള്ള ആർക്കൊപ്പം എങ്ങനെ കഴിയേണ്ടി വന്നുവെന്ന് അറിയില്ലെന്നും വനിതാ മാധ്യമപ്രവർത്തക പറയുകയുണ്ടായി.

വിക്രമിന്റെ രാജി ഹൈദരാബാദ് ബ്യൂറോയെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. സഹപ്രവർത്തകരിൽ അധികമാരോടും പറയാതെയാണ് വിക്രം ശർമ്മ രാജിവെച്ചത്. ബ്യൂറോയിൽ എല്ലാവർക്കും താൻ എന്തുകൊണ്ട് രാജിവെക്കുന്നു എന്ന് ആരോപണം നേരത്തെ തന്നെ ഉന്നിയിരുന്നു. അതേസമയം ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിലെ ആഭ്യന്തര കമ്മിറ്റി മീ ടൂ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അഞ്ച് യുവതികളാണ് തങ്ങളെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചു എന്നത് അടക്കമുള്ള കാര്യങ്ങളാണ് ഉന്നയിച്ചത്. കമ്മിറ്റി പ്രസിഡന്റ് ലക്ഷ്മി മേനോൻ, അഡ്വ. സുധാ രാമലിംഗം എന്നിവർ അടങ്ങുന്നവരാണ് അന്വേഷിക്കുന്നത്. അതേസമയം തെലുങ്കാന രാഷ്ട്ര സമിതിക്ക് അനുകൂലമായി വാസു വാർത്ത നൽകുന്നു എന്ന ആരോപണവും വിക്രം ഉന്നയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എഡിറ്റോയൽ ഡയറക്ടർ പ്രഭു ചവ്‌ല അടക്കമുള്ളവർ തയ്യാറായിട്ടില്ല.

നേരത്തെ സന്ധ്യാ മേനോൻ ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തിന്റെ ഹൈദരാബാദിലെ മുതിർന്ന മാധ്യമപ്രവർത്തകനായ കെആർ ശ്രീനിവാസിനെതിരെയും ആരോപണം ഉയർത്ിതയിരുന്നു. കാറിൽ ലിഫ്റ്റ് നൽകിയതിന് ശേഷം ശ്രീനിവാസ് തന്നെ കയറിപ്പിടിച്ചെന്നാണ് സന്ധ്യ ട്വിറ്ററിൽ കുറിച്ചത്. ലൈംഗികാതിക്രമങ്ങൾക്കെതിരായ പരാതികൾ നൽകാനുള്ള സ്ഥാപനത്തിലെ കമ്മിറ്റിക്ക് പരാതി കൊടുത്തെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും 'ശ്രീനിയെ വർഷങ്ങളായി തനിക്കറിയാമെന്നും അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല' എന്നുമായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷ ചുമതല വഹിച്ചിരുന്ന സ്ത്രീയുടെ പ്രതികരണമെന്നും സന്ധ്യ എഴുതിയിരുന്നു.

സന്ധ്യ മേനോന്റെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ ബാംഗ്ലൂർ മിറർ പത്രത്തിൽ ജോലി ചെയ്തിരുന്ന ഒരു മാധ്യമപ്രവർത്തകയും കെആർ ശ്രീനിവാസിനെതിരായ സമാന ആരോപണവുമായി എത്തി. ഇന്റേൺഷിപ്പിന് എത്തിയ പെൺകുട്ടിയെ ക്യാബിനിലേക്ക് വിളിച്ചുവരുത്തി ശ്രീനിവാസ് അപമര്യാദയായി പെരുമാറി എന്നാണ് പേര് വെളിപ്പെടുത്താത്ത ഈ സ്ത്രീയും വെളിപ്പെടുത്തിയത്. സന്ധ്യ മേനോൻ തന്നെയാണ് ഈ വെളിപ്പെടുത്തലിന്റെ സ്‌ക്രീൻ ഷോട്ടും പുറത്തുവിട്ടത്. ഇതിന് ശേഷമാണ് ഇപ്പോൾ ഇന്ത്യൻ എക്സ്‌പ്രസിലെ മീടൂ ആരോപണങ്ങളിലും വെളിപ്പെടുത്തലുകൾ പുറത്തുവിട്ടത്.