രാജ്യത്ത് നിലവിൽ മെട്രോ സർവീസ് സംവിധാനമുള്ളത് ഒമ്പത് നഗരങ്ങളിലാണ്. ഡൽഹി, നോയ്ഡ, ലഖ്‌നൗ, ഹൈദരാബാദ്, നാഗ്പുർ, കൊച്ചി, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ. ഇതിലേറ്റവും ആദ്യം മെട്രോ തുടങ്ങിയതുകൊൽക്കത്തയിലാണ് 1984-ൽ. രാജ്യത്തെ നഗരങ്ങൾക്ക് വലിയ ആശ്വാസമായി മാറിയ മെട്രോ സർവീസുകളാകെ 370 കിലോമീറ്റർ മാത്രമേയുള്ളൂ. ഇവയുടെ നീളം കൂട്ടാനുള്ള പുതിയ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് നരേന്ദ്ര മോദി സർക്കാർ.

കൊൽക്കത്ത ഒഴികെയുള്ള എട്ട് നഗരങ്ഹൾക്കായി 313 കിലോമീറ്റർകൂടി മെട്രോ അനുവദിക്കാനാണ് നീക്കം. 2019-ഓടെ ഇത് പൂർത്തിയാകും. ഇതിൽ കൊച്ചിയടക്കം പല പദ്ധതികളും മുൻ യു.പി.എ. സർക്കാരിന്റെ കാലത്ത് അനുമതി നേടി നിർമ്മാണം തുടങ്ങിയവയാണ്. നാഗ്പുർ, അഹമ്മദാബാദ്, ലഖ്‌നൗ എന്നിവയാണ് മോദി സർക്കാർ അനുമതി നൽകിയ പദ്ധതികൾ. കൂടുതൽ മെട്രോ പാതകൾ അനുവദിക്കുമെന്ന് ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രഖ്യാപിച്ചിരുന്നു.

റോഡുകളിലെ ഗതാഗതക്കുരുക്കും ജനസംഖ്യാ വളർച്ചയും കണക്കിലെടുത്താണ് മെട്രോ സർവീസുകളുടെ നീളം കൂട്ടാൻ തീരുമാനിച്ചതെന്ന് കേന്ദ്ര ഹൗസിങ് അർബൻ അഫയേഴ്‌സ് മന്ത്രാലയം വ്യക്തമാക്കി. 2015-18 കാലയളവിൽ മെട്രോ പദ്ധതികൾക്കായുള്ള ബജറ്റ് വിഹിതം 42,696 കോടി രൂപയായി വർധിപ്പിച്ചു. 2012-15 കാലയളവിൽ ഇത് 16,565 കോടി രൂപമാത്രമായിരുന്നുവെന്നും അധികൃതർ വിശദീകരിക്കുന്നു. മെട്രോയ്ക്കുള്ള ബജറ്റ് വിഹിതത്തിൽ 258 ശതമാനം വർധനയാണ് മോദി സർക്കാർ വരുത്തിയത്.

പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ടാണ് കേന്ദ്രം മുന്നോട്ടുപോകുന്നതെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യത്ത് മെട്രോ സംവിധാനമുള്ള നഗരങ്ങളുടെ എണ്ണം 12 ആയി ഉയർത്തുമെന്നും ഹൈദരാബാദുകൂടി ഈ പട്ടികയിലേക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഖ്‌നൗ, നാഗ്പുർ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പുതിയതായി മെട്രോ വരുന്നത്. ഇതിൽ, ആദ്യം പൂർത്തിയാവുക ലഖ്‌നൗവിലെ എട്ടര കിലോമീറ്ററാണ്. രണ്ടാഴ്ചയ്ക്കകം ഇത് തുറന്നുകൊടുക്കും. കേന്ദ്രവും ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി സംയുക്ത സംരംഭമായാണ്് മെട്രോ നടപ്പിലാക്കുന്നത്. പദ്ധതിച്ചെലവിന്റെ 20 ശതമാനംകൂടി കേന്ദ്രം ഓഹരിയിനത്തിൽ നൽകുന്നുണ്ട്. മെട്രോയുടെ ആകെ പദ്ധതിച്ചെലവിൽ കേന്ദ്രത്തിന്റെ വിഹിതം ഇക്കാലയളവിൽ വർധിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.