തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ഇ ശ്രീധരൻ. സംസ്ഥാന സർക്കാർ വൈകാതെ പദ്ധതി ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ പറയുന്ന പദ്ധതിയിൽ, പ്രഖ്യാപിച്ച സ്പീഡിൽ ട്രയിൻ ഓടിച്ചാൽ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്ക് അംഗീകാരം നൽകാതെ ഭൂമി ഏറ്റടുക്കാൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപെട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി. പദ്ധതി ശരിയല്ലെന്ന് റയിൽവേ ബോർഡിന് നേരത്തെ അറിയാം. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർ ലൈൻ പദ്ധതിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നെങ്കിലും കേന്ദ്രാനുമതി സംബന്ധിച്ച ഉറപ്പൊന്നും പ്രധാനമന്ത്രിയിൽ നിന്നും ലഭിച്ചിരുന്നില്ല. മെട്രോമാന്റെ ഇടപെടൽ തന്നെയാണ് കേന്ദ്രസർക്കാരിനെ വിഷയത്തിൽ ഗൗരവമായി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് ഉയരുന്ന ജനകീയ പ്രതിഷേധം കൂടി കണക്കിലെടുത്താകും വിഷയത്തിൽ കേന്ദ്രം നിലപാട് സ്വീകരിക്കുക.

സംസ്ഥാനത്ത് സെൻട്രൽ ലൈനാണ് ആവശ്യം. സിൽവർ ലൈനിന് കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാൻ തന്നെയാണെന്ന് ഇ ശ്രീധരൻ ആരോപിക്കുന്നു. സാമൂഹികാഘാത പഠനമെന്ന പേരിൽ കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാനാണ്. സാമ്പത്തിക ചെലവ്, ഏറ്റെടുക്കേണ്ട ഭൂമി അങ്ങനെയുള്ള എല്ലാ കാര്യത്തിലും സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം കിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി 64000 കോടി രൂപയ്ക്ക് പൂർത്തിയാക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ബഫർ സോണിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഇത് ബ്രിട്ടീഷ് കാലഘട്ടമല്ല. മണ്ണിലൂടെ സെമി സപീഡിൽ ട്രയിൻ ഓടിക്കാനാവില്ല. വേഗത 30 - 40 കിലോമീറ്ററിലേക്ക് ചുരുക്കേണ്ടി വരും. സർക്കാരിന് ഹിഡൻ അജണ്ടയുണ്ട്. എന്തോ ഒരു ഉടമ്പടിയിൽ സംസ്ഥാന സർക്കാർ പെട്ടിട്ടുണ്ടെന്നും ഇപ്പോൾ പറയുന്ന സ്പീഡിൽ ട്രയിൻ ഓടിച്ചാൽ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനവും കെ റെയിൽ പദ്ധതിയും രണ്ട് പദ്ധതികളാണെന്നും ഇത് രണ്ടിനെയും ഒരു പോലെ കാണാനാവില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.

അതേ സമയം സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വളരെ സങ്കീർണമായ ഒരു പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സാങ്കേതികവും പാരിസ്ഥിതികവുമായ പല പ്രശ്‌നങ്ങളും പരിഗണിക്കേണ്ടതായിട്ടുണ്ട്. വലിയ ജനകീയ പ്രക്ഷോഭങ്ങളും പദ്ധതിക്കെതിരെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നന്നായി ആലോചിച്ചു വേണം ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ട് പോകാൻ.

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ 63,000 കോടി രൂപയുടെ ചെലവുണ്ടെന്നാണ് കേരളത്തിന്റെ കണക്ക്. എന്നാൽ ഇത് ശരിയല്ല. റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ അനുസരിച്ച് ഒരു ലക്ഷം കോടിക്ക് മേൽ പദ്ധതിക്ക് ചെലവാക്കേണ്ടി വരും. എല്ലാം വശവും പരിശോധിച്ച് കേരളത്തിന്റെ നന്മ മുൻനിർത്തിയുള്ള നല്ലൊരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുമെന്നും അതു വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും കേരളത്തിലെ എംപിമാരോട് റെയിൽവേ മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

അതേസമയം, സിൽവർ ലൈൻ വിഷയത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്ത് എത്തിയിരുന്നു. വിവിധയിടങ്ങളിൽ സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭങ്ങൾ കടുക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ രംഗത്ത് എത്തിയത്. പ്രക്ഷോഭങ്ങളെ സർക്കാർ വിലക്കെടുക്കാതിരുന്നാൽ ശബരിമലയിലെ അനുഭവം നേരിടേണ്ടി വരുമെന്നാണ് സുരേന്ദ്രൻ മുന്നറിയിപ്പ് നൽകിയത്.

കല്ല് ഇടില്ല: ഉദ്യോഗസ്ഥരുടെ യന്ത്രമടക്കം പ്രതിഷേധക്കാരുടെ കൈയിൽ;സിൽവർ ലൈനിനെതിരെ പ്രതിഷേധം ശക്തംകല്ല് ഇടില്ല: ഉദ്യോഗസ്ഥരുടെ യന്ത്രമടക്കം പ്രതിഷേധക്കാരുടെ കൈയിൽ;സിൽവർ ലൈനിനെതിരെ പ്രതിഷേധം ശക്തം

കെ റെയിലിന് ഉടൻ കേന്ദ്ര അനുമതി ലഭിക്കും എന്ന തരത്തിൽ സർക്കാർ നടത്തുന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചത് ഭീഷണിയുടെ ഭാഷയിലാണ്. ഒരു മുഖ്യമന്ത്രി കാര്യങ്ങൾ നേടാൻ ഭീഷണിയുടെ രീതി സ്വീകരിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.