കൊച്ചി: മെട്രോ നയത്തിൽ കേന്ദ്രം മാറ്റം വരുത്തുന്നു. ഇതോടെ തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ നിർമ്മാണത്തെയും കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തെയും പുതിയ നിർദ്ദേശം ബാധിക്കും.

രാജ്യത്ത് 35 നഗരങ്ങൾ പുതുതായി മെട്രോകൾക്ക് ആവശ്യം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ മെട്രോ പദ്ധതികൾക്കായി അധികം പണം മുടക്കാനാവില്ലെന്നും പദ്ധതികൾ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നുമാണു കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. പുതിയ മെട്രോ നയത്തിന്റെ കരടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നയം ഒരു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്നാണു സൂചന.

പത്തുലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ മെട്രോയുടെ ആവശ്യമില്ലെന്നാണു കരടു നയത്തിൽ പറയുന്നത്. മെട്രോയുടെ അനുബന്ധമായി ഫീഡർ സർവീസുകൾ, സൈക്കിൾ ട്രാക്കുകൾ, വോക്വേകൾ എന്നിവ പ്രോൽസാഹിപ്പിക്കണം.

മെട്രോ നിർമ്മാണത്തിനു വേണ്ടിവരുന്ന ഭാരിച്ച മുതൽമുടക്കു കണക്കിലെടുക്കുമ്പോൾ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏറ്റവും അവസാന മാർഗമെന്ന നിലയിലേ മെട്രോ പദ്ധതികൾ കണക്കാക്കാൻ പാടുള്ളു എന്നും കേന്ദ്രം നിർദേശിക്കുന്നു.

പുതിയ മെട്രോ പദ്ധതികൾക്കു സ്വകാര്യ പങ്കാളിത്തം തേടണമെന്ന നിർദ്ദേശം പിപിപി മോഡലിനെ എതിർക്കുന്ന കേരളത്തിനു തിരിച്ചടിയാവും. കൊച്ചി മെട്രോയുടെ മൊത്തം ചെലവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് 20% വീതം തുല്യവിഹിതവും ബാക്കി വിദേശ വായ്പയുമാണ്.

കൊച്ചി മെട്രോയുടെ 2577 കോടി രൂപയുടെ രണ്ടാംഘട്ട വികസനത്തിനുള്ള സഹായം കേന്ദ്രസർക്കാർ പരിഗണിക്കുന്ന ഘട്ടത്തിൽ മെട്രോ നയത്തിൽ മാറ്റം വരുന്നത് പദ്ധതിയെ ബാധിക്കുമെന്നാണ് ആശങ്ക. തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾ ഇതുവരെ കേന്ദ്രാനുമതിക്കായി സമർപ്പിച്ചിട്ടില്ല.

പിപിപി മോഡൽ വേണമെന്നു കേന്ദ്രം നിർബന്ധിച്ചാൽ ഈ രണ്ടു പദ്ധതികളും പ്രതിസന്ധിയിലാവും. രണ്ടു നഗരങ്ങളിലും മെട്രോനയത്തിന് അനുസൃതമായ ജനസംഖ്യയില്ലെന്നതും പ്രതിസന്ധിയുണ്ടാക്കും.