റിയാദ്:മെട്രോ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ കൂടുതൽ റോഡുകളിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതോടെ വാഹനവുമായി നിരത്തിലിറങ്ങുന്നവർ കൂടുതൽ നേരത്തെ ഇറങ്ങിയാൽ ബു്ദ്ധിമുട്ടൊഴിവാക്കാം. വൺ വേ ട്രാഫികിലൂടെ ഗതാഗത ക്രമീകരണം നടത്തിയിരിക്കുന്നത് നഗരത്തെ കൂടുതൽ ട്രാഫിക് കുരുക്കിന് കാരണമാക്കുമെന്ന് ഉറപ്പാണ്.

സലാഹുദ്ദീൻ അയ്യൂബി റോഡ് ഉൾപ്പെടെ പ്രധാന നിരത്തുകളിൽ ആണ് വെള്ളിയാഴ്‌ച്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്.മെട്രോ പദ്ധതിയുടെ അഞ്ചാമത് പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായാണ് പുതിയ ഗതാഗത നിയന്ത്രണങ്ങൾ. സിത്തീൻ റോഡ് എന്നറിയപ്പെടുന്ന സലാഹുദ്ദീൻ അയ്യൂബി റോഡിലും ഇതിന് സമാന്തരമായുള്ള അൽഹസ റോഡിലുമാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ഇരുദിശകളിലേക്കും സഞ്ചരിക്കാവുന്ന റോഡ് വെള്ളിയാഴ്‌ച്ചയോടെ വൺവേ ആയി മാറും. സലാഹുദ്ദീൻ അയ്യൂബി റോഡിൽ തെക്ക് ദിശയിലേക്ക് മാത്രമായിരിക്കും ഗതാഗതം അനുവദിക്കുക. എതിർ ദിശയിൽ സഞ്ചരിക്കേണ്ടവർ അൽ ഹസ റോഡ് ഉപയോഗപ്പെടുത്തണം. അലി ഇസ്സത്ത് ബെഗോവിച്ച് റോഡ് മുതൽ അലി അൽ നഈം റോഡ് വരെയുള്ള ഭാഗങ്ങളിലാണ് ഈ നിയന്ത്രണം.

അൽ ഹസ റോഡിൽ നിന്ന് സിത്തീൻ റോഡിലേക്കും തിരിച്ച് ഖുറൈസ് റോഡ് വഴി സിത്തീൻ റോഡിൽ നിന്ന് അൽ ഹസ റോഡിലേക്കും വൺവേ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരു റോഡുകളെയും ബന്ധിപ്പിക്കുന്ന ജരീർ റോഡും വൺവേ മാത്രമായി പരിമിതപ്പെടും. അതേസമയം ഉമർ ബിൻ അബ്ദുൽ അസീസ് റോഡിൽ ഇരു ദിശകളിലേക്കും ഗതാഗതം അനുവദിക്കും. അലി അൽ നഈം റോഡ് മലസ് സ്റ്റേഡിയത്തിനും, കിംങ് അബ്ദുല്ല പാർക്കിനും വലയം വെക്കുന്ന രീതിയിലാണ് ക്രമീകരിച്ചത്. റിയാദ് നഗരസഭ പുറത്തിറക്കിയ റോഡ് ആപ്‌ളിക്കേഷനായ ദലീലത്തുറിയാദിൽ പുതിയ നിയന്ത്രണങ്ങൾ ലഭ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വെള്ളിയാഴ്‌ച്ചയോടെ കൂടുതൽ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം പ്രാബല്യത്തിലാകുന്നോടെ നഗരത്തിലെ താൽക്കാലിക ഗതാഗത കുരുക്ക് ഇനിയും വർധിക്കും.

നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്ക് കുറച്ചുകൊണ്ടുവരാൻ യാത്രക്കാർ റോഡ്‌നിയന്ത്രണങ്ങൾ മുൻകൂട്ടി അറിയാനുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.