- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും മെല്ലെപ്പോക്ക്; രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ വേണ്ടത് നാലു കൊല്ലം; എന്നിട്ടും അഞ്ചു കോടിയുടെ ചാൻസലേഴ്സ് അവാർഡ് തുടരെ കൊടുത്ത് എംജി സർവകലാശാലയ്ക്ക് ആദരം
പത്തനംതിട്ട: കോഴ്സ് പൂർത്തിയാക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വമ്പൻ പരാജയമായ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് തുടർച്ചയായ മൂന്നാം തവണയും ചാൻസലേഴ്സ് അവാർഡ് നൽകി ആദരം. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട ബിരുദാനന്തര ബിരുദ കോഴ്സിന് നാലു വർഷം വരെ എടുക്കുന്ന സർവകലാശാലയ്ക്കാണ് മികവിനുള്ള ഈ അവാർഡ് എന്നതാണ് ഏറെ രസകരം.
2018 ലും 19 ലും പിജിക്ക് സർവകലാശാലയിൽ ചേർന്ന പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾ കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ വിഷമ വൃത്തത്തിലാണ്. 2018 അഡ്‌മിഷൻകാർക്ക് 2020 മാർച്ചിലും 2019 കാർക്ക് 2021 മാർച്ചിലുമാണ് കോഴ്സ് പൂർത്തിയാകേണ്ടിയിരുന്നത്. എന്നാൽ അവർക്ക് അതിന് കഴിഞ്ഞില്ല. കോഴ്സ് പൂർത്തിയാക്കാൻ കഴിയാത്ത കാൽലക്ഷത്തോളം വിദ്യാർത്ഥികളാണ് അക്കാദമിക വർഷം നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്നത്.
അഞ്ചു കോടി പ്രൈസ് മണിയുള്ള ഇത്തവണത്തെ ചാൻസലേഴ്സ് അവാർഡ് എം.ജി സർവകലാശാലക്ക് കിട്ടിയത് അത്ഭുതപ്പെടുത്തിയെന്ന് വിദ്യാഭ്യാസ പ്രവർത്തകനും പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെആർ അശോക് കുമാർ പറയുന്നു. 2018 അഡ്‌മിഷൻ പിജിക്കാരുടെ 2020 ഏപ്രിലിൽ തീരേണ്ട കോഴ്സുകളുടെ അവസാന സെമസ്റ്റർ അഭിമുഖ പരീക്ഷ നടന്നിട്ടില്ല. വാല്യുവേഷനും നടക്കണം. തുടർന്ന് ഫലം പ്രഖ്യാപിക്കണം. ഇപ്പോൾ തന്നെ ഇവരുടെ രണ്ട് അക്കാദമിക വർഷം സർവകലാ ശാലയുടെ നിലവിലെ മെല്ലെപ്പോക്ക് കാരണം നഷ്ടപ്പെട്ടു.
ഇനി ഒരു വർഷം കൂടി നഷ്ടപ്പെടുമെന്നാണ് കുട്ടികൾ ഭയക്കുന്നത്. 2019 ൽ ചേർന്ന പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളും സമാന സാഹചര്യമാണ് നേരിടുന്നത്. റഗുലർ വിദ്യാർത്ഥികളോടൊപ്പം പരീക്ഷ നടത്തുമെന്ന് വാഗ്ദാനം ചെയ്താണ് കുട്ടികളെ സർവകലാശാലയിലേക്ക് ആകർഷിച്ചത്. റെഗുലർ വിദ്യാർത്ഥികളുടെ നാല് സെമസ്റ്റർ പരീക്ഷകളും കഴിഞ്ഞ് ഫലവും വന്നു തുടങ്ങി. എന്നാൽ പ്രൈവറ്റ് വിദ്യാർത്ഥികളുടെ മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾ ആരംഭിച്ചിട്ടില്ല.
ഈ പരീക്ഷകളുടെ വിവരങ്ങൾ സർവകലാശാല പുറത്തു വിടാതിരുന്നതിനാൽ വിവരാവകാശം വഴി കാര്യം ആരാഞ്ഞിട്ടും സാങ്കേതിക തടസങ്ങൾ പറഞ്ഞ് മറുപടി നിഷേധിക്കുന്നു. വിദ്യാർത്ഥികളുടെ ഭാവി തന്നെ തുലാസിലാക്കുന്ന നടപടികളാണ് അധികൃതർ കൈക്കൊള്ളുന്നതെന്ന് വിദ്യാഭ്യാസ പ്രവർത്തകർ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്