പത്തനംതിട്ട: വിവിധ കോഴ്സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ എംജി യൂണിവേഴ്സിറ്റി സമാഹരിക്കുന്നത് കോടികളാണ്. പക്ഷേ, ആ കോഴ്സിന് ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥികളോട് കാണിക്കുന്നതാകട്ടെ ചിറ്റമ്മ നയവും. പരീക്ഷ കൃത്യമായി നടത്തില്ല. നടന്നാൽ തന്നെ റിസൽട്ട് വരാൻ വർഷങ്ങൾ കാത്തിരിക്കണം. ഇനി അഥവാ വന്നാലോ പരീക്ഷാർഥികളെ കൂട്ടമായി തോൽപ്പിക്കും. പേപ്പർ നോക്കുന്നത് സ്വാശ്രയ കോളജ് അദ്ധ്യാപകരും. പ്രതിഷേധിച്ചിട്ടൊന്നും കാര്യമില്ല. ധാർഷ്ട്യത്തിന്റെ കാര്യത്തിൽ സർവജ്ഞ പീഠം കയറിയിരിക്കുകയാണ് യൂണിവേഴ്സിറ്റി അധികൃതർ.

പിജി പ്രൈവറ്റ് പരീക്ഷ കഴിഞ്ഞ് ഒന്നര വർഷം കാത്തിരുപ്പിന് ശേഷം ഫലം വന്നപ്പോൾ എംഎസ്സി മാത്തമാറ്റിക്സിൽ കൂട്ടത്തോൽവി. മൂല്യ നിർണയത്തിലെ പിഴവെന്ന് വിദ്യാർത്ഥികൾ പറയുന്നു. 2016 നവംബറിൽ നടന്ന പിജി (പ്രൈവറ്റ്) എംഎസ്സി മാത്തമാറ്റിക്സ് ഒന്നും രണ്ടും സെമസ്റ്ററുകളുടെ ഫലം ഒന്നര വർഷം കഴിഞ്ഞു പ്രസിദ്ധീകരിച്ചപ്പോഴാണ് കൂട്ടത്തോൽവി നേരിട്ടിരിക്കുന്നത്. ആദ്യ തവണ പരീക്ഷ എഴുതിയ 32 ൽ 28 പേരുംതോറ്റു.

സപ്ലിമെന്ററി എഴുതിയ 62 പേരിൽ 17 പേർ മാത്രം ജയിച്ചു. ഒന്നാം സെമസ്റ്ററിലെ ലീനിയർ ആൾജിബ്രാ എന്ന പേപ്പറാണ് തോറ്റവർക്കെല്ലാം പണി കൊടുത്തത്. മറ്റെല്ലാ പേപ്പറിനും കൂടി 65 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങിയവരും പൊതുവേ വിഷമം ഇല്ലാതിരുന്ന ലീനിയർ ആൾജിബ്രായ്ക്ക് തോറ്റിരിക്കുകയാണ്. പിജിക്കു ഇരട്ട മൂല്യ നിർണയം നടത്തണമെന്ന വ്യവസ്ഥ പാലിക്കാത്തതാണ് വിദ്യാർത്ഥികളെ കണ്ണീർ കുടിപ്പിക്കുന്ന കൂട്ടത്തോൽവിക്കു കാരണം.

2016 ജൂലൈയിലെ പിജി (പ്രൈവറ്റ് )പരീക്ഷകൾ നവംബറിലാണ് നടത്തിയത്. ഒന്നരവർഷം കഴിഞ്ഞിട്ടും ഫലം പൂർണമായി പ്രസിദ്ധീകരിച്ചിട്ടില്ല. പരാതികളെ തുടർന്ന് പെട്ടെന്ന് തട്ടിക്കൂട്ടിയ ഫലത്തിലാണ് വീഴ്ച വന്നിരിക്കുന്നത്. ഇനിയും പ്രസിദ്ധീകരിക്കാനുള്ള എംകോം, എംഎ ഫലം കാത്തിരിക്കുന്നവരും ഇതോടെ കൂടുതൽ ആശങ്കയിലാണ്. മുൻ വർഷങ്ങളിൽ എംഎ.ഹിസ്റ്ററി, എംകോം എന്നീ കോഴ്സുകളിലെ ചില പേപ്പറുകളിലെ മൂല്യ നിർണയത്തിലും ഇത്തരം ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാലും കാരണക്കാരായ സ്വാശ്രയ കോളജിലെ അദ്ധ്യാപകർക്ക് കടുത്ത ശിക്ഷ കിട്ടില്ല.

പ്രൈവറ്റ് വിദ്യാർത്ഥികളെ മനഃപൂർവം തോൽപ്പിക്കുവാൻ സ്വാശ്രയ ലോബി നടത്തുന്ന ശ്രമമാണ് ഈ കൂട്ടത്തോൽവിയെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. പ്രൈവറ്റ് രജിസ്ട്രേഷന്റെ നടത്തിപ്പിലൂടെ ഓരോ വർഷവും കോടികൾ ലാഭമുണ്ടാക്കുന്ന സർവകലാശാല കുറഞ്ഞ പക്ഷം വിദ്യാർത്ഥികളുടെ പരീക്ഷയും ഫലപ്രഖ്യാപനവുമെങ്കിലും സമയ ബന്ധിതതമായി നടത്തണമെന്നും മൂല്യനിർണയം സർക്കാർ / എയ്ഡഡ് അദ്ധ്യാപകരെക്കൊണ്ട് ചെയ്യിക്കണമെന്നും ആവശ്യപ്പെട്ട് പ്രൈവറ്റ് വിദ്യാർത്ഥികളും ജില്ലാ വിദ്യാഭ്യാസ സംഘവും സേവ് എഡ്യുക്കേഷൻ കമ്മറ്റിയും വൈസ് ചാൻസലർക്കും കേരളാ ഗവർണർക്കും പരാതി നൽകി.