- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംജി സർവകലാശാല പിവിസിക്കെതിരെ അദ്ധ്യാപകർ രംഗത്ത്; യോഗ്യത സംബന്ധിച്ച് കേസ് നിലനിൽക്കുന്നയാളെ പിവിസിയായി നിയമിച്ചതിന് പിന്നിൽ ദുരൂഹതയെന്ന് ആരോപണം; യൂണിവേഴ്സിറ്റി തലപ്പത്തിരുന്ന് സ്വന്തം കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആക്ഷേപം
തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാല പിവിസിയുടെ നിയമനം അനധികൃതമാണെന്ന പരാതിയുമായി ഒരുപറ്റം അദ്ധ്യാപകർ രംഗത്ത്. സിപിഎം അനുകൂല അദ്ധ്യാപക സംഘടനാ നേതാവും മുൻ സിൻഡിക്കേറ്റ് അംഗവുമായിരുന്ന ഡോ. സിടി അരവിന്ദകുമാറിനെ സർവകലാശാല അദ്ധ്യാപകനായി നിയമിച്ചതുതന്നെ നിയമവിരുദ്ധമായാണ് എന്ന് അവർ രേഖകൾ നിരത്തി ആരോപിക്കുന്നു. അതുകൊണ്ടുതന്നെ സർവകലാശാല പ്രോ വൈസ് ചാൻസിലർ ആയിട്ടുള്ള നിയമനവും നിലനിൽക്കില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ റീഡർ പോസ്റ്റിൽ പ്രവർത്തിച്ചിരുന്ന ഡോ. അരവിന്ദകുമാറിന്റെ ക്വാളിഫിക്കേഷൻ കെമിസ്ട്രിയിൽ എംഎസ്സിയും പിഎച്ച്ഡിയുമാണ്. 2010 ലാണ് എംജി യൂണിവേഴ്സിറ്റിയിലെ എൻവയോൺമെന്റൽ സയൻസിലേയ്ക്ക് പ്രൊഫസർ തസ്തികയിൽ അദ്ധ്യാപകരെ ക്ഷണിക്കുന്നത്. ആദ്യമിറങ്ങിയ നോട്ടിഫിക്കേഷൻ പ്രകാരം എൻവയോന്മെന്റൽ സയൻസിൽ എംഎസ്സിയും പിഎച്ച്ഡിയുമായിരുന്നു ആ തസ്തികയിലേയ്ക്കുള്ള യോഗ്യത. എന്നാൽ ആ യോഗ്യത പ്രകാരം അരവിന്ദകുമാറിന് അപേക്ഷിക്കാൻ കഴിയില്ലെന്ന് വന്നപ്പോൾ ആ നോട്ടിഫിക്കേഷൻ പിൻവലിപ്പിച്ച് യൂണിവേഴ്സിറ്റിയെ കൊണ്ട് മറ്റൊരു നോട്ടിഫിക്കേഷൻ ഇറക്കിയെന്ന് പരാതിക്കാർ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഈ തസ്തികയിലേയ്ക്ക് ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള എംഎസ്സിയും പിഎച്ച്ഡിയും മതിയെന്നായി. അങ്ങനെയാണ് ഡോ. സി.ടി അരവിന്ദകുമാറിന് അപേക്ഷിക്കാൻ കഴിയുന്നത്. തുടർന്ന് തയ്യാറാക്കിവച്ച തിരക്കഥയെന്നപോലെ ഒന്നാം റാങ്കുകാരനായി തന്നെ ആദ്ദേഹം പുതിയ ജോലിയിൽ പ്രവേശിച്ചു.
ഇതിനെതിരെ റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്ന ഡോ. സിഎം ജോയ് കോടതിയെ സമീപിച്ചെങ്കിലും ജോയ് അവസാനറൗണ്ട് വരെ ഉണ്ടായിരുന്നുവെന്നത് ചൂണ്ടിക്കാട്ടി കോടതി ആ പരാതി തള്ളുകയാണുണ്ടായത്. എന്നാൽ അതേസമയത്ത് സമാനആവശ്യവുമായി സെനറ്റ് അംഗമായിരുന്ന ജോബിൻ ജേക്കബ്ബ് കോടതിയിൽ നൽകിയ പരാതിമേൽ ഇപ്പോഴും കേസ് നടക്കുകയാണ്.
ഇതിനിടെ എൻവയോൺമെന്റൽ സയൻസിലെ നിയമനം സംബന്ധിച്ച കേസ് നിലനിൽക്കെ തന്നെ തന്റെ രാഷ്ട്രീയസ്വാധീനങ്ങൾ ഉപയോഗിച്ച് പ്രൊബേഷൻ ഡിക്ലയർ ചെയ്യിക്കാൻ അരവിന്ദകുമാറിന് സാധിച്ചെന്നും പരാതിക്കാർ പറയുന്നു.കേസ് അവസാനിച്ചിട്ടില്ലെങ്കിലും ഇപ്പോഴും എല്ലാ ആനുകൂല്യങ്ങളും അദ്ദേഹം പറ്റുന്നുണ്ടെന്നും അവർ ആരോപിക്കുന്നു. സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ ഡോ. അരവിന്ദകുമാറിന്റെ ലീൻ നിലനിൽക്കുമ്പോഴാണ് എൻവയോന്മെന്റൽ സയൻസിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്തതും. പിന്നീട് സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ അദ്ദേഹത്തിന് പകരക്കാരിയായി വന്ന താൽക്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ പ്രൊബേഷൻ അപേക്ഷയിൽ സർവകലാശാലയുടെ നിയമസഹായസെല്ലിന്റെ നിയമോപദേശത്തിൽ പറഞ്ഞിരിക്കുന്നത് കേസ് നിലനിൽക്കുന്നതുകൊണ്ട് ഡോ. സി.ടി അരവിന്ദകുമാറിന് എൻവയോന്മെന്റൽ സയൻസിലെ പോസ്റ്റ് കൺഫോംഅ അല്ലെന്നാണ്.
2017 ൽ സർവകലാശാലയുടെ പ്രത്യേകയോഗം എല്ലാ ലീനുകളും റദ്ദാക്കിയപ്പോഴാണ് അരവിന്ദകുമാറിന്റെ ലീനും ഇല്ലാതായത്. 2019 ലാണ് അരവിന്ദകുമാറിനെ എംജി സർവകലാശാലയുടെ പിവിസി ആയി നിയമിക്കുന്നത്. അപ്പോഴും അദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച കേസ് നടക്കുകയായിരുന്നു. ആ കേസിൽ സർവകലാശാല തന്നെ ഒന്നാം കക്ഷിയായിരിക്കുമ്പോഴാണ് ആരോപണവിധേയനായ വ്യക്തിയെ സർവകലാശാലയുടെ പിവിസിയായി നിയമിക്കുന്നതും. പിവിസി ആകണമെങ്കിൽ സർവകലാശാലയിലെ സീനിയർ പ്രൊഫസറായിരിക്കണമെന്ന യുജിസി നിയമം നിലനിൽക്കുമ്പോഴാണ് പ്രൊഫസർ തസ്തികയിലെ യോഗ്യത സംബന്ധിച്ച് കേസ് നടക്കുന്ന ഒരാളെ പിവിസിയായി നിയമിച്ചതെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
വൈസ് ചാൻസിലർ കഴിഞ്ഞാൽ സർവകലാശാലയിലെ ഏറ്റവും വലിയ അധികാരകേന്ദ്രമാണ് പിവിസി. സിൻഡിക്കേറ്റിലെ സ്ഥിരം അംഗവും വൈസ് ചാൻസിലറുടെ അഭാവത്തിൽ ആ അധികാരങ്ങളുള്ളയാളുമാണ് പിവിസി. കേസ് അട്ടിമറിക്കാൻ പോലും സാധിക്കുന്ന അധികാരസ്ഥാനത്താണ് ഇന്ന് ഡോ. അരവിന്ദ കുമാർ. സർവകലാശാല ഒന്നാം കക്ഷിയായിരിക്കുന്ന കേസിലെ പ്രതിയെ സർവകലാശാലയെ തന്നെ നയിക്കേണ്ട സ്ഥാനത്ത് നിയമിച്ചവരുടെ ഉദ്ദേശമാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്.
സിപിഎം അനുകൂല കോളേജ് അദ്ധ്യാപക സംഘടനയുടെ സംസ്ഥാനനേതാവായിരുന്ന അദ്ദേഹത്തിന് ഭരണകക്ഷിയിലുള്ള സ്വാധീനവും മുതിർന്ന സിപിഎം നേതാവിന്റെ ബന്ധുത്വവുമാണ് അദ്ദേഹത്തിന്റെ വഴിവിട്ട നിയമനങ്ങൾക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഈ പരാതികൾക്ക് പിന്നിൽ രാഷ്ട്രീയ ഉദ്ദേശങ്ങളാണെന്നാണ് ഡോ. അരവിന്ദകുമാർ മറുനാടനോട് പ്രതികരിച്ചത്. എൻവയോന്മെന്റൽ സയൻസ് ഒരു ഇന്റർഡിസിപ്ലിനറി വിഷയമാണ്. അത് സയൻസ് വിഷയത്തിലും പിജിയും പിഎച്ച്ഡിയുമുള്ളവർക്കും അതിൽ അപേക്ഷിക്കാം. അങ്ങനെയാണ് യുജിസി നിയമം. ഡിപ്പാർട്ട്മെന്റിൽ തന്റെ മുൻഗാമിയും സുവോളജിയിൽ നിന്നും വന്നതാണ്. മാത്രമല്ല തന്റെ ഗവേഷണം എൻവയോൺമെന്റൽ കെമിസ്ട്രിയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. താൻ വിദേശ സർവകലാശാലകളടക്കം 15 ഓളം സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറാണ്. തന്റെ യോഗ്യതയെ പറ്റി ആർക്കും പരാതി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ സിൻഡിക്കേറ്റ് അംഗമായിരുന്ന കാലത്താണ് ഈ കേസ് ഉയർന്നുവരുന്നത്. മറ്റ് സംഘടനകളാണ് തനിക്കെതിരെ കേസ് കൊടുത്തത്. അതൊരു സർവ്വീസ് കേസാണ്. അതിലൊരു കേസ് അപ്പോൾ തന്നെ കോടതി തള്ളിയതാണ്. മറ്റേ കേസിലെ വാദിയുടെ അഡ്വക്കേറ്റ് മരിച്ചുപോയിട്ട് പകരമൊരാളെ വയ്ക്കാൻ പോലും അയാൾ ഇതുവരെ തയ്യാറായിട്ടില്ലെന്നും ഇത് മനഃപൂർവം തന്നെ അധിക്ഷേപിക്കാൻ കെട്ടിച്ചമച്ച വിവാദമാണെന്നും അദ്ദേഹം അറിയിച്ചു.