കോട്ടയം: എം ജി സർവകലാശാലയിൽ പരീക്ഷാ അസിസ്റ്റന്റ് കൈക്കൂലി വാങ്ങിയത് വിദ്യാർത്ഥിനി ജയിച്ച പരീക്ഷ തോറ്റെന്ന് കള്ളം പറഞ്ഞ്.ഏറ്റുമാനൂരിലെ കോളജിൽ എംബിഎ കോഴ്‌സിൽ പഠിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണു പരാതിക്കാരി. എംജി സർവകലാശാലയിലെ എംബിഎ 4 സെമസ്റ്ററിലും 8 വിഷയങ്ങളിൽ പെൺകുട്ടി പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ട വിഷയങ്ങളിൽ സപ്ലിമെന്ററി പരീക്ഷ എഴുതി. ഫലം അറിയുന്നതിനാണു സെക്ഷൻ ചുമതലയുള്ള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ. എൽസിയെ സമീപിച്ചത്. സപ്ലിമെന്ററി പരീക്ഷയിൽ വിദ്യാർത്ഥിനി പരാജയപ്പെട്ടുവെന്ന് എൽസി പറഞ്ഞു.

പരീക്ഷയിൽ വിജയിപ്പിച്ചു നൽകാമെന്നും അതിന് ഒന്നര ലക്ഷം രൂപ വേണമെന്നും ഇവർ ആവശ്യപ്പെട്ടു. കഴുത്തിലെ മാല ഒരു പണയം വച്ചാണ് ഒരു ലക്ഷം രൂപ സംഘടിപ്പിച്ചത്. ഈ തുക ബാങ്ക് വഴി എൽസിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. തുടർന്ന് 25000 രൂപ കൂടി വേണമെന്ന് പറഞ്ഞതിനെ തുടർന്ന് 10000 രൂപ നൽകി. ഇതിനിടെ വിദ്യാർത്ഥിനി സ്വന്തം നിലയിൽ പരിശോധിച്ചപ്പോൾ പരീക്ഷയിൽ വിജയിച്ചതായി കണ്ടു. ഇതോടെയാണ് താൻ സ്വന്തം നിലയിൽ പഠിച്ച് വിജയിച്ച പരീക്ഷയിൽ തോറ്റതായി തെറ്റിദ്ധരിപ്പിച്ച് എൽസി പണം തട്ടി എടുക്കുകയായിരുന്നെന്നു ബോധ്യപ്പെട്ടത്. ഇതോടെയാണ് ഇവർ വിജിലൻസിൽ പരാതി നൽകാൻ തയാറായത്.

പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു 15000 രൂപ വേണമെന്ന് എൽസി വീണ്ടും ആവശ്യപ്പെട്ടതോടെയാണ് വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നൽകിയ നോട്ടുകളും സർവകലാശാല സെഷനിൽ എത്തി എൽസിക്കു കൈമാറി പ്രോവിഷണൽ സർട്ടിഫിക്കറ്റ് കൈപ്പറ്റിയതിനു പിന്നാലെ വിജിലൻസ് ഉദ്യോഗസ്ഥർ എൽസിയെ വളഞ്ഞ് അറസ്റ്റു ചെയ്യുകയായിരുന്നു. വിദ്യാർത്ഥിനിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യം കൂടി മുതലെടുത്താണ് എൽസി പണം പറ്റിയത്.സർവകലാശാല ഓഫീസിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് എൽസി പിടിയിലായത്.

സംഭവം ഇങ്ങനെ:

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എംബിഎ വിദ്യാർത്ഥിയിൽ നിന്നും മാർക്ക് ലിസ്റ്റും പ്രഫഷനൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടർന്നു ഇവർ 1.25ലക്ഷം രൂപ കൈക്കൂലിയായി ബാങ്ക് വഴി നൽകി.എന്നിട്ടും ബാക്കി 30000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു.ഇതിനെ തുടർന്ന് വിദ്യാർത്ഥിനി വിജിലൻസിന് പരാതി നൽകി.

തുടർന്ന് ബാക്കി തുകയിൽ 15000 രൂപ വിദ്യാർത്ഥിയുടെ പക്കൽ നിന്നും സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.വിജിലൻസ് റേഞ്ച് ഡിവൈഎസ്‌പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജീവനക്കാരിയെ പിടികൂടിയത്.എം.ജി സർവകലാശാല എം.ബി.എ സെക്ഷനിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റാണ് എൽസി.