മെൽബൺ: അഞ്ച് ഇന്ത്യക്കാർ അടക്കം 227 യാത്രക്കാരും 12 ജോലിക്കാരുമായി മലേഷ്യൻ എയർലൈൻസിന്റെ 370ാം നമ്പർ ബോയിങ് വിമാനം 2014 മാർച്ച് എട്ടിന് അർധരാത്രിയാണ് ക്വലാലംപൂർ ഇന്റർനാഷണൽ വിമാനത്താവളത്തിൽനിന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പറന്നുയർന്നത്. ഒരു മണിക്കൂറിനുശേഷം റഡാറിൽനിന്ന് അപ്രത്യക്ഷമായ വിമാനത്തിന് എന്തു സംഭവിച്ചുവെന്ന ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരമില്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണുവെന്നാണ് അനുമാനിക്കപ്പെടുന്നത്. വിമാനത്തിന്റെ ദുരൂഹ തിരോധനത്തിന് മൂന്നുവർഷം തികയാൻ രണ്ടു മാസം കൂടി ശേഷിക്കവേ തെരച്ചിൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ.

153 ചൈനാക്കാരും 50 മലേഷ്യൻ വംശജരും ഇന്ത്യയടക്കം മറ്റുരാജ്യങ്ങളിൽനിന്നുള്ളവരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ടേമുക്കാൽ വർഷത്തെ തെരച്ചിലിൽ വിമാനത്തെപ്പറ്റി കാര്യമായ സൂചനകളൊന്നും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഇങ്ങനയൊരു തീരുമാനം എടുക്കാൻ അധികൃതർ തയാറായിരിക്കുന്നത്. ഇതോടൊപ്പം തെരച്ചലിനു വേണ്ടിവരുന്ന ഭീമമായ തുകയും പ്രധാന പ്രശ്‌നമായി.

മലേഷ്യ, ഓസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങളുടെ ഗതാഗത മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ജോയിന്റ് കോർഡിനേഷൻ ഏജൻസിയാണ് അന്വേഷണത്തിനു നേതൃത്വം നല്കിയത്. ദിശതെറ്റിയ വിമാനം ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്‌ട്രേലിയൻ തീരത്തോടു ചേർന്നു തകർന്നുവീണിരിക്കാമെന്നാണ് പ്രധാനമായും അനുമാനിക്കപ്പെട്ടത്. ആഴക്കടലിൽ 120,000 ചതുരശ്ര കിലോമീറ്റർ ഭാഗത്താണു തിരച്ചിൽ നടന്നത്. ഇതിനു വടക്കോട്ടു മാറിയുള്ള 25,000 ചതുരശ്ര കിലോമീറ്റർ മേഖല കൂടി തിരയണമെന്ന് അന്വേഷണസംഘം നിർദ്ദേശം മുന്നോട്ടുവച്ചിരുന്നെങ്കിലും തൽക്കാലം തിരച്ചിൽ നിർത്താനായിരുന്നു തീരുമാനം.

സാധ്യമായതും നിലവിലുള്ളതുമായ മികച്ച സാങ്കേതിക സൗകര്യങ്ങളേയും വിദഗ്ദരേയും ഉപയോഗിച്ചിട്ടും കടലിന്നടിയിൽ നിന്ന് വിമാനത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് ജോയിന്റ് കോർഡിനേഷൻ ഏജൻസി വാർത്താകുറിപ്പിൽ അറിയിക്കുന്നു. ഇത്രയും നാളത്തെ തിരച്ചിലിനായി 160 മില്യൺ ഡോളറാണ് ചിലവഴിച്ചത്. തിരച്ചിൽ ദൗത്യത്തിനായി കൂടുതൽ പണം ലഭിക്കാത്തതും തീരുമാനത്തിന് കാരണമായി.

അതേസമയം തെരച്ചിൽ അവസാനിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കാണാതായ യാത്രക്കാരുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം നിരുത്തരവാദിത്തപരമാണെന്ന് അവർ ആരോപിച്ചു. അന്വേഷണസംഘം നിർദേശിച്ച 25,000 ചതുരശ്ര കിലോമീറ്റർ മേഖല കൂടി തിരയണമെന്ന് ഫാമിലി സപ്പോർട്ട് ഗ്രൂപ്പായ വോയ്സ്370 ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ തിരച്ചിൽ നിർത്താനുള്ള തീരുമാനം നിരുത്തരവാദിത്വപരമാണെന്നും അവർ പറഞ്ഞു.