ന്യൂഡൽഹി: ഐസിസ് പോലുള്ള ഭീകര സംഘടനകൾ ആളുകളെ റിക്രൂട്ട് ചെയ്യാൻ പോലും നവമാധ്യമങ്ങളെയാണ് ഉപയോഗിക്കുന്നത്. ഫണ്ട് പിരിവും തകൃതിയായി നടക്കുന്നു. ജിഹാദിന് വേണ്ടിയുള്ള ആഹ്വാനങ്ങൾ ഇന്ത്യാ വിരുദ്ധവുമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സമൂഹ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ സംവിധാനമേർപ്പെടുത്തുന്നു. സുരക്ഷാ ഏജൻസികളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം ഡൽഹിയിൽ ചേർന്ന് ഇതിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്തു.

നിലവിൽ സമൂഹ മാധ്യമങ്ങൾക്കു കാര്യമായ നിയന്ത്രണങ്ങളില്ല. ഇവയ്ക്കു വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ രൂപപ്പെടുത്തുകയാണു ലക്ഷ്യം. രാജ്യതാൽപര്യത്തിനെതിരായി സാമൂഹ മാധ്യങ്ങളെ ഉപയോഗപ്പെടുത്താൻ ചില ഭീകര സംഘടനകൾ നീക്കം നടത്തുന്നത് കേന്ദ്ര ഏജൻസികൾ തെളിവ് സഹിതം കണ്ടെത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലും മറ്റും ഇത്തരം നിരീക്ഷണം ശക്തമാണ്. അതിന് സമാന രീതിയിലെ ഇടപെടലാണ് ഉദ്ദേശിക്കുന്നത്. എന്നാൽ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണിതെന്ന് ചിലർ ആരോപിക്കും. ഈ സാഹചര്യത്തിലാണ് കരുതലോടെ തീരുമാനം നടപ്പാക്കാനുള്ള നീക്കം.

ഇന്ത്യക്കെതിരെയുള്ള ഗൂഢാലോചനകളും ദേശവിരുദ്ധ പ്രചാരണങ്ങളും തടയുന്നതിന് സോഷ്യൽ മീഡിയയെ നിരീക്ഷിക്കുന്നതിനായി പുതിയ സോഷ്യൽ മീഡിയ നയം രൂപീകരിക്കുക. നിലവിൽ സോഷ്യൽ മീഡിയയിൽ എന്തെല്ലാമാകാമെന്നും പാടില്ലെന്നുമുള്ള വളരെ പരിമിതമായ നിർദ്ദേശങ്ങൾ വിപുലീകരിച്ച് സമ്പൂർണ്ണമായ മാർഗ്ഗരേഖ ഉണ്ടാക്കാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യക്കെതിരെ പ്രചാരണ പരിപാടികൾ നടത്തുന്നതിനും രാജ്യത്ത് ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനുമുള്ള ഗൂഢാലോചന നടത്തുവാനും തീവ്രവാദികൾ സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നതായി നിരവധി തവണ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പുതിയ നീക്കത്തിന് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.

അയുക്തികവും മൂല്യരഹിതവുമായ വിധത്തിൽ വിവര സങ്കേതികവിദ്യ വിനിയോഗിക്കപ്പെടുന്നതിന്റെ ഫലമായി ഇന്ന് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത് വളരെ അപകടകരമായ സാഹചര്യങ്ങളാണ്. സാമൂഹികബോധവും പ്രതിപക്ഷ ബഹുമാനവും പാരസ്പര്യ ചിന്തയും കൈമോശം വന്നു. വ്യക്തികളുടെ മാത്രമല്ല സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തുന്ന ഘടകങ്ങളെ പോലും സ്വാധീനിക്കുന്നു. ഈ സാഹചര്യത്തിലാണ് നയം കൊണ്ടു വന്ന് എല്ലാം നിയന്ത്രണത്തിലാക്കാനുള്ള മോദിയുടെ സർക്കാരിന്റെ നീക്കം. സംഭവങ്ങളും വ്യക്തികളും ക്രൂരമായ വിധത്തിൽ സോഷ്യൽ മീഡിയകളിൽ വേട്ടയാടപ്പെടുന്നു. ഇതിനും അവസാനമുണ്ടാക്കും. ഇന്ത്യയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചാൽ കടുത്ത ശിക്ഷയും നൽകും.

അപകടകാരികളുടെ കളിപ്പാട്ടമായി മാറുന്നിടത്താണ് സോഷ്യൽ മീഡിയ അതിന്റെ ആന്റി സോഷ്യൽ സ്വഭാവം പുറത്തെടുക്കുന്നത്. സമകാലിക സമൂഹത്തിൽ ഈ ആന്റി സോഷ്യൽ വിനിമയത്തിന്റെ പ്രശ്‌നഫലങ്ങൾ വർധിച്ചുവരികയാണ്. മൊബെയിൽ ഫോണിന്റെ സാങ്കേതിക സംവിധാനങ്ങൾ വഴിയാണ് ഇതെല്ലാം നടക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന കിംവദന്തികൾ ആക്രമണങ്ങൾക്കും സംഘർഷങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യക്ക് പുറത്തു നിന്നും സന്ദേശങ്ങൾ പ്രവഹിക്കാറുണ്ട്. അഫ്ഗാനിൽ കഴിയുന്ന മലയാളികളായ ഐസിസ് തീവ്രവാദികൾ വീട്ടുകാരോട് പോലും ജിഹാദിനെ കുറിച്ച് അതിരൂക്ഷമായി സംസാരിക്കുന്നു. വിവിധ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചുള്ള അതിരൂക്ഷമായ അഭിപ്രായങ്ങളുള്ള ഓഡിയോ പോലും പ്രചരിക്കുന്നു. ഇതിനെല്ലാം അന്ത്യം വരുത്താനാണ് ശ്രമം. ഇതിനാണ് പുതിയ നയം.

സോഷ്യൽ മീഡിയയുടെ ദുരുപയോഗം ജമ്മുകാശ്മീർ അടക്കമുള്ള പ്രദേശങ്ങളെ ബാധിച്ചിരിക്കുന്നത് രാജ്യം നേരിടുന്ന ഒരു വലിയ വെല്ലുവിളിയായി സർക്കാർ കണക്കാക്കുന്നു. ഇന്റലിജൻസ് ഏജൻസികൾക്കും സുരക്ഷാ ഏജൻസികൾക്കും സഹായപ്രദമാകുന്ന വിധത്തിലാണ് പുതിയ സോഷ്യൽ മീഡിയ നയത്തിന് സർക്കാർ രൂപം നൽകുന്നത്. സോഷ്യൽ മീഡിയയെ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനാവശ്യമായ സാങ്കേതികവും മാനവശേഷിയും അടക്കമുള്ളവയും സർക്കാരിന്റെ പരിഗണനയിലുണ്ട്.

ഇതുകൂടാതെ പ്രകൃതിക്ഷോഭങ്ങളും കെടുതികളും ദുരന്തങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങളും പൊതുസേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുവാനും സർക്കാരിന്റെ പരിഗണനയിലുള്ളതായി അധികൃതർ അറിയിച്ചു.