രാജ്യത്തെ ഏറ്റവും വലിയ ചാനൽ ശൃംഖലകളിലൊന്നായ സൺ നെറ്റ്‌വർക്കിന് ശനിദശ ഒഴിയുന്നില്ല. ടു ജി അഴിമതി കേസിൽ ആരോപണ വിധായരായ സൺ ഗ്രൂപ്പിന് കീഴിലുള്ള ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറൻസ് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിരുന്നു. ഇതിനെതിരെ വാർത്താവിനിമയ മന്ത്രാലയം രംഗത്ത് വന്നിരുന്നെങ്കിലും സൺ നെറ്റവർക്കിന് സുരക്ഷാ അനുമതി നൽകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. മുൻ ടെലികോം മന്തി ദയാനിധി മാരന്റെ ഉടമസ്ഥതയിലുള്ളതാണ് സൺ നെറ്റ് വർക്ക്. ദയാനിധി മാരൻ ഉൾപെടെയുള്ള സൺ ടിവിയുടെ ഉടമകൾ ഒട്ടേറെ നിയമങ്ങൾ ലംഘിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാലാണ് നിയമപരമായി സുരക്ഷാ അനുമതി നൽകാനാവില്ലെന്ന് നിലപാടിൽ ആഭ്യന്തര മന്ത്രാലയം ഉറച്ചുനിൽക്കുന്നത്.

ദക്ഷിണേന്ത്യയിൽ 33 ചാനലുകളും എഫ്എം റേഡിയോ സ്‌റ്റേഷനും സൺ ടിവി നടത്തുണ്ട്. മലയാളത്തിലെ വിനോദ ചാനലുകളിൽ പ്രമുഖ ചാനലുകളായ സൂര്യ ടിവി, സൺ മ്യുസിക്, കിരൺ, കൊച്ചുടിവി എന്നിവയും സൺ നെറ്റ് വർക്കിന്റെയാണ്. ടു ജി അഴിമതി കേസിൽ ആരോപണ വിധായരായ സൺ ഗ്രൂപ്പിന് കീഴിലുള്ള ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് ഗ്രൂപ്പിന് കീഴിലുള്ള 33 ചാനലുകൾ നീങ്ങുന്നത്. കലാനിധി മാരനെതിരെ സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ചിരിക്കുന്നത്.

ഇപ്പോൾ രാജ്യത്തെ സ്വകാര്യ ടെലിവിഷൻ ഓപ്പറേറ്റർമാർക്ക് ലൈസൻസ് നൽകണമെങ്കിൽ ക്രിമിനൽ, കള്ളപ്പണ കേസുകളോ ഭീകര സംഘടനകളും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടതോ ആയ കേസുകൾ നിലവിലില്ലെന്ന് പ്രൊമോട്ടർമാർ സത്യവാങ്മൂലം നൽകണം എന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരൻ സൺ ചാനലിന് അനധികൃതമായി 300ലേറെ ഹൈസ്പീഡ് ബിഎസ്എൻഎൽ ടെലിഫോൺ ലൈനുകൾ അനുവദിച്ചിരുന്നു. ഈ കേസിൽ ദയാനിധി മാരനെതിരെയും കലാ നിധി മാരനെതിരെയും സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ ദയാനിധി മരാൻ 2ജി കേസിലും കലാനിധി മാരൻ എയർസെൽ മാക്‌സിസ് ഇടപാട് കേസിലും ആരോപണവിധേയനായ വ്യക്തിയാണ്. രാജ്യത്തെ ഏറ്റവും വലിയ ചാനൽ ശൃംഖലകളിലൊന്നാണ് സൺ നെറ്റ്‌വർക്ക്. സൺ ഗ്രൂപ്പ് രാജ്യത്ത് ഒമ്പതരക്കോടി വീടുകളിൽ കേബിൾ ടിവി നൽകുന്നു.

നേരത്തേ, സൺ നെറ്റ്‌വർക്കിന്റെ 40 എഫ്എം റേഡിയോ സ്‌റ്റേഷനുകൾക്കും ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിട്ടും ഈ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇതേത്തുടർന്ന് സൺ അധികൃതർ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ഹർജിയിൽ തീർപ്പാക്കുന്നത് വരെ എഫ്എം സ്‌റ്റേഷനുകൾക്ക് ക്ലിയറൻസ് നിഷേധിച്ച നടപടി കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു.

സംപ്രേഷണ ലൈസൻസ് പത്ത് വർഷത്തേക്ക് കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സൺ ഗ്രൂപ്പ് കേന്ദ്രവാർത്താ വിനിമയ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ ലൈസൻസ് നീട്ടികിട്ടുകയുള്ളൂവെന്നാണ് കേന്ദ്ര വാർത്താവിനിമയ സംവിധാനം വ്യക്തമാക്കുന്നത്.