വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ളിൻ റഷ്യൻ ബന്ധത്തെത്തുടർന്നുള്ള ആരോപണത്തിനൊടുവിൽ രാജിവച്ചു. റഷ്യക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കത്തെ കുറിച്ച് ഫ്‌ളിൻ വിവരം നൽകിയെന്നാണ് പ്രധാന ആരോപണം.

ട്രംപ് അധികാരമേൽക്കുന്നതിന് മുമ്പ് മൈക്കൽ ഫ്‌ളിൻ റഷ്യൻ നയതന്ത്ര പ്രതിനിധിയുമായി അമേരിക്കയുടെ രഹസ്യങ്ങൾ പങ്കുവച്ചുവെന്ന് ആരോപിക്കപ്പെടുന്നു. മൈക്കൽ ഫ്‌ളിന്നിന്റെ റഷ്യൻ ബന്ധത്തെ കുറിച്ച് നേരത്തെ തന്നെ ജസ്റ്റിസ് ഡിപ്പാർട്‌മെന്റ് വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നൽകിയതായും യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്‌ളിൻ റഷ്യക്കാരുടെ ബ്ലാക്ക്‌മെയിലിങിനു വിധേയനായെന്നാണ് ആരോപണം.

ഫ്‌ളിന്നിന്റേതായി പുറത്തുവന്ന ഫോൺ സംഭാഷണങ്ങൾ ആരോപണം ശരിവയ്ക്കുന്നതാണെന്നും യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തന്റെ സംഭാഷണം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് മൈക്കൽ ഫ്‌ളിന്നിന്റെ വിശദീകരണം. വിവാദമുണ്ടായതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും മാപ്പു ചോദിക്കുകയും ചെയ്തു.

2012ൽ പ്രതിരോധ ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടറായി ചുമതലയേറ്റ ഫ്‌ളിൻ ഇൻലിജൻസ് പ്രഫഷണൽ എന്ന നിലയിൽ പേരെടുത്ത വ്യക്തിയാണ്.
ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടം പോലുള്ള ചില കാര്യങ്ങളിൽ റഷ്യയുമായി അമേരിക്ക സഹകരിക്കണമെന്ന നിലപാട് ഫ്‌ളിൻ പുലർത്തിയിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹം ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ഫ്‌ളിൻ രാജിവച്ചതിനെത്തുടർന്ന് റിട്ടയേർഡ് ജനറൽ കീത്ത് കെല്ലോഗിനെ താത്കാലിക ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ചുമതല നല്കിയിട്ടുണ്ട്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് ഇദ്ദേഹത്തിന്റെ പേര് കൂടി പരിഗണിക്കുന്നുണ്ട്. കെല്ലോഗിന് പുറമെ മുൻ സിഐഎ ഡയറക്ടർ ഡേവിഡ് പെട്രാസ്, മുൻ ഡെപ്യൂട്ടി കമാൻഡർ റോബർട്ട് ഹാർവാർഡ് എന്നിവരെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

അതേസമയം റഷ്യയുടെ അമേരിക്കൻ ഉപരോധം നീക്കുന്നത് സംബന്ധിച്ച് താൻ ചർച്ച നടത്തിയെന്ന ആരോപണം ഫ്ളിൻ നിഷേധിച്ചു. എന്നാൽ ഫ്ളിന്നിന്റെ പുറത്തു വന്ന ഫോൺ സംഭാഷണങ്ങൾ അദ്ദേഹത്തിന്റെ വാദം തള്ളിക്കളയുന്നു.