- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളെ വേട്ടയാടിത്തുടങ്ങിയത് 25ാമത്തെ വയസ്സിൽ; ലക്ഷ്യം വച്ചിരുന്നത് 12 നും 30 ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ; പേരിൽ ചാർത്തപ്പെട്ടത് ലോകത്തെ ഞെട്ടിച്ച ജോനാ പാരീഷ് ഉൾപ്പെടെ നിരവധിക്കേസുകൾ; ഫ്രാൻസിലെ കുപ്രസിദ്ധ പരമ്പരക്കൊലയാളി 'ആർഡെനെസ്സിലെ രാക്ഷസൻ' മരണത്തിന് കീഴടങ്ങുമ്പോൾ
പാരിസ്: ഒരു സ്ഥലത്തിനെ മാത്രം കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങൾ നടത്തുക.. ഒടുവിൽ ആ സ്ഥലനാമം സ്വന്തം പേരിനോട് ചേർക്കുക..ഹൊറർ ക്രൈംത്രില്ലർ കഥകളിലൊക്കെ കേട്ടുപരിചയിച്ച കഥയും കഥാസന്ദർഭങ്ങളും.ഫ്രാൻസിലെ കൊലപാതക പരമ്പരകളിലുടെ ലോകത്തെ തന്നെ ഞെട്ടിച്ച മൈക്കൽ ഫോർണിറെറ്റിന്റെ ജീവിതം അത്തരത്തിലൊരു കഥയാണ്.അവിശ്വസനീയമായ ഒരു ജീവിതം.
സുമുഖനും മിതഭാഷിയുമായ പരമ്പരക്കൊലയാളി.തന്റെ ഈ മുഖമുദ്രതന്നെയാണ് അയാൾ ഇരകളെ വശീകരിക്കുവാനുള്ള ആയുധമാക്കിയതും.നിരവധി പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പരോളില്ലാതെ ഇരട്ടജീവപര്യന്തം അനുഭവിച്ചു വരികയായിരുന്ന ഫോർണിറെറ്റിന്റെ അന്ത്യം ഇന്നലെ പാരിസിലെ ആശുപത്രിയിലായിരുന്നു.79 മത്തെ വയസ്സിലാണ് ഇയാൾ മരണത്തിന് കീഴടങ്ങുന്നത്.
12നും 30നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ചതിയിൽപെടുത്തി ലൈംഗികമായി ഉപയോഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുന്നതായിരുന്നു ഫോർണിറെറ്റിന്റെ രീതി.ആദ്യകാലങ്ങളിൽ പിടിക്കപ്പെട്ടങ്കിലും 2008 ൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ കൊടുംകുറ്റവാളിയുടെ ചരിത്രം ലോകത്തിന് അജ്ഞാതമായിരുന്നു. 2018 ൽ മറ്റൊരു കൊലപാതക കേസിലും മൈക്കൽ ശിക്ഷിക്കപ്പെട്ടു. ഫ്രാൻസിലെ വടക്കൻ മേഖലയായ ആർഡ്‌നെസ്സും ബെൽജിയവും കേന്ദ്രമാക്കി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതിനാലാണ് 'ആർഡെനെസ്സിലെ രാക്ഷസൻ' എന്ന വിളിപ്പേര് കിട്ടിയത്.
ഫ്രാൻസിലെ ബർഗണ്ടി പ്രവിശ്യയിൽ 1990 മെയ് മാസത്തിൽ കൊല്ലപ്പെട്ട ബ്രിട്ടിഷ് വിദ്യാർത്ഥിനി ജോനാ പാരീഷ് ഉൾപ്പെടെ കോളിളക്കം സൃഷ്ടിച്ച പല കേസുകളുടെ പിന്നിലും ഫോർണിറെറ്റായിരുന്നുവെന്നു പിന്നീട് തെളിയിക്കപ്പെട്ടു. ഒൻപതു വയസ്സുകാരി ഉൾപ്പെടെ ഒട്ടേറെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ മൈക്കൽ ഫോർണിറെറ്റ് എട്ടു പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
'ആർഡെനെസ്സിലെ രാക്ഷസൻ' എന്ന വിളിപ്പേരിൽ അറിയപ്പെട്ട ഫോർണിറെറ്റ് വിചാരണക്കോടതിയിലെ അസാധാരണ പെരുമാറ്റത്തിന്റെ പേരിലും തലക്കെട്ടുകളിൽ ഇടം നേടി. സുമുഖനും മിതഭാഷിയുമായ മൈക്കലിന് ഇരകളെ തന്നിലേക്കു ആകർഷിക്കുന്ന സിദ്ധിയുണ്ടായിരുന്നതായി കുറ്റാന്വേഷകർ അടയാളപ്പെടുത്തുന്നു.
25 വയസ്സിൽ ആർഡെനെസ്സ് സ്വദേശിനിയായ പെൺകുട്ടിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയതോടെയാണ് ഫോർണിറെറ്റ് ആദ്യമായി പിടിക്കപ്പെടുന്നത്. ഏട്ടുമാസത്തെ ജയിൽ ജീവിതത്തിനു ശേഷം പുറത്തിറങ്ങിയ അയാൾ 1984 ൽ മറ്റൊരു പെൺകുട്ടിയെ ആക്രമിച്ചതിന് പിടിയിലായി. 1987-ൽ ജയിൽ മോചിതനായി.പക്ഷെ അപ്പോഴൊന്നും ഇയാൾക്കുള്ളിലെ ക്രൂരനായ കൊലയാളിയുടെ മുഖം ലോകത്തിന് മുന്നിൽ വെളിപ്പെട്ടിരുന്നില്ല.
1987 മുതൽ വർഷങ്ങളോളം പെൺകുട്ടികളെ ചതിയിൽ പെടുത്താനും കൊലപ്പെടുത്താനും സഹായം നൽകിയിരുന്ന 72 കാരിയായ രണ്ടാമത്തെ ഭാര്യ ഒലിവറും ഇയാൾക്കൊപ്പം ഇരട്ടജീവപര്യന്തം അനുഭവിക്കുകയാണ്.വിവാഹിതയായ ഒലിവർ 1987 ലാണ് മൈക്കലുമായി അടുക്കുന്നത്. ഭർത്താവിനെ കൊലപ്പെടുത്താൻ ഇയാളുടെ സഹായം അവർ തേടി. പകരം വാഗ്ദാനം ചെയ്തത് മൈക്കലിന്റെ കുറ്റകൃത്യമനസ്സിനോടുള്ള പങ്കാളിത്തം. 1987 ഡിസംബറിൽ സ്‌കൂൾ വിട്ട് വരികയായിരുന്ന 17-കാരിയെ കൊലപ്പെടുത്താൻ മൈക്കലിനെ സഹായിച്ചത് ഒലിവറാണെന്ന് െപാലീസ് കണ്ടെത്തിയിരുന്നു. ഇതായിരുന്നു ഇരുവരും ഒരുമിച്ച് ചെയ്ത ആദ്യത്തെ കൊലപാതകം.
ഇരകളെ ചതിയിൽ കുടുക്കി മൈക്കൽ ലൈംഗികമായി ഉപയോഗപ്പെടുത്തുന്നതും കൊല്ലുന്നതും ഇവർ വാഹനത്തിലെ കണ്ണാടിയിലൂടെ കണ്ട് ആസ്വദിച്ചിരുന്നതായി കുറ്റാന്വേഷകർ വെളിപ്പെടുത്തിയിരുന്നു. 2018 ൽ ജോനാ പാരീഷ് വധക്കേസിലെ വിചാരണ വേളയിൽ കയ്യിൽ ഒരു സ്‌ക്രൂ ഡ്രൈവറുമായാണ് ഇവർ വിചാരണ കോടതിയിൽ എത്തിയത്. മൈക്കൽ ഫോർണിറെറ്റിന്റെ മുഖത്ത് നോക്കുകയോ പരിചയം കാണിക്കുകയോ ചെയ്തില്ല. 2003 ൽ 13-കാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ പെൺകുട്ടി രക്ഷപ്പെട്ടതോടെയാണ് മൈക്കലും ഒലിവറും പിടിയിലായത്.
ഇരട്ട ജീവപര്യന്തം അനുഭവിച്ചു കൊണ്ടിരിക്കേ ആർഡെനെസ്സിലും ബെൽജിയത്തിലുമായി തെളിയാതെ കിടന്നിരുന്ന പല കൊലപാതക കേസുകൾക്കും പിന്നിലും താനാണെന്ന് മൈക്കൽ ഫോർണിറെറ്റ് തുറന്നു പറഞ്ഞു. എങ്കിലും വിചാരണക്കോടതിയുടെ നിരവധി ചോദ്യങ്ങൾക്കു ഉത്തരം ബാക്കിയാക്കിയാണ് ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പരമ്പരക്കൊലയാളി മരണത്തിന് കീഴടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ