പതിമൂന്നുകാരിയായ കാമുകി ആത്മഹത്യ ചെയ്തെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ കാമുകനായ പതിനൊന്നുകാരൻ തൂങ്ങിമരിച്ചു.

മിഷിഗണിലെ ആശുപത്രിയിൽ ചൊവ്വാഴ്ചയാണ് പതിനൊന്നുകാരനായ ടൈസൺ ബെൻസ് മരണത്തിന് കീഴടങ്ങിയത്. മാർച്ച് 14 ന് ബാത്ത്റൂമിൽ തൂങ്ങിയതിനെ തുടർന്ന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ദിവസങ്ങൾക്ക് ശേഷം മരണമടയുകയുമായിരുന്നു.

മകന്റെ മരണത്തിന് കാരണമായത് 13 കാരിയായ ഗേൾഫ്രണ്ടാണെന്ന് മാതാവ് കത്രീന ഗോസ് ആരോപിച്ചു. കളി തമാശയ്ക്ക് താൻ മരിച്ചതായി പെൺകുട്ടി സാമൂഹ്യമാധ്യമം വഴി ബെൻസിനെ വിശ്വസിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കൂട്ടുകാരും ഈ പ്രചാരണത്തിന് കൂട്ടു നിന്നു. എന്നാൽ ഫേസ്‌ബുക്ക് പോസ്റ്റ് വിശ്വസിച്ച് മനംനൊന്ത കാമുകൻ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് മാതാവ് പറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. അതേസമയം നിയമവശം മുൻനിർത്തി പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ടില്ല. ആത്മഹത്യ ചെയ്ത നിലയിൽ പെൺകുട്ടി ഫേസ്‌ബുക്ക് പേജിൽ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ഇത് കണ്ട് പയ്യന്റെ മനസ്സു തകരുകയുമായിരുന്നു.

കാമുകിയെക്കുറിച്ചുള്ള പോസ്റ്റ് കണ്ടശേഷം വിഷാദിയായി കാണപ്പെട്ട മകൻ മാർച്ച് 14 ന് ബാത്ത് റൂമിൽ കെട്ടിത്തൂങ്ങി. സമയത്ത് മാതാവും സഹോദരന്മാരും ഓടിയെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

മകൻ നല്ലൊരു അത്ലറ്റും, തമാശക്കാരനും സുഹൃത്തും നല്ല സഹോദരനുമൊക്കെയായിരുന്നെന്ന് മാതാവ് ഗോസ് പറയുന്നു. പെൺകുട്ടി മകന്റെ കാമുകിയായിരുന്നെന്ന് മറ്റു കുട്ടികൾ പറഞ്ഞുള്ള അറിവാണ് തനിക്കെന്നും ഗോസ് പറയുന്നുണ്ട്.

പലപ്പോഴും പെൺകുട്ടിയെ കണ്ടിരുന്നെങ്കിലും പരസ്പരം സംസാരിക്കുകയോ പരിചയപ്പെടുകയോ ചെയ്തിരുന്നില്ല. മകനെ സ്‌കൂളിൽ കൊണ്ടുവിടാനും കൊണ്ടുവരാനും മറ്റും പോകുമ്പോൾ കണ്ടിട്ടുണ്ടെന്ന് മാത്രം.

ആദ്യം വിശ്വസിച്ചില്ലെങ്കിലും മകൻ ഒരു സുഹൃത്തിന്റെ സെൽഫോൺ വാങ്ങി തന്റെ പിന്നിൽ നിന്നുകൊണ്ട് പ്രായക്കൂടുതലുള്ള പെൺകുട്ടിയുമായി രഹസ്യമായി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മാതാവിന് മനസിലായത്.