മെൽബൺ: ഓസ്‌ട്രേലിയൻ സർഫിങ്ങ് ഇതിഹാസം മിക് ഫെന്നിങ്ങ്‌സ് വീണ്ടും ഉൾക്കടലിന്റെ മോഹിയ്‌പ്പിക്കുന്ന ഓളപ്പരപ്പുകളിലേയ്ക്ക് നീന്താനിറങ്ങി. സൗത്ത് ആഫ്രിക്കയിൽ നടന്ന jbay സർഫിങ്ങ് ചാമ്പ്യൻ ഷിപ്പിനിടയിൽ കൂറ്റൻ സ്രാവിന്റെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു നാട്ടിൽ തിരിച്ചെത്തിയ ശേഷം  ആദ്യമായാണ് ഇന്നലെ അദ്ദേഹം കടലിൽ നീന്താനിറങ്ങിയത്. ആറു ദിവസം മുൻപായിരുന്നു കൂറ്റൻ സ്രാവിനോട് നിശ്ചയദാർഷ്ട്യത്തോടെ മല്ലടിച്ചു അവിശ്വസനീയമായ രീതിയിൽ വീണ്ടും ജീവിതത്തിലേയ്ക്ക് അദ്ദേഹം മടങ്ങിവന്നത്. ലോകമാകെ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന മത്സരത്തിനിടെയാണ് ഉദ്വേഗജനകമായ സംഭവം അരങ്ങേറിയത്.

സർഫിങ്ങിൽ മൂന്നു തവണ ലോക ചാമ്പ്യൻ പട്ടം അലങ്കരിച്ച ഫെന്നിങ്ങ്‌സ് സർഫ് ബോർഡുമായി കടൽക്കരയിൽ നിൽക്കുന്ന ഒരു ചിത്രം സ്വയം പോസ്റ്റ് ചെയ്യുകയായിരുന്നു. 'സർഫിങ്ങിലെയ്ക്കു വീണ്ടും..സന്തോഷപൂർവ്വം, പക്ഷെ എന്റെ മനസ്സിൽ ആൻഡിയെ പറ്റിയുള്ള  ചിന്തകളുണ്ടായിരുന്നു. സന്തോഷപൂർണ്ണമായ ഒരു ജന്മദിനം നേരുന്നു  സഹോദരാ.. 'എന്ന ഒരു അടിക്കുറിപ്പും അതിൽ എഴുതിച്ചേർതതിരുന്നു. കൊക്കൈയ്ൻ ഉപയോഗം മൂലം 2010 ൽ തന്റെ 32-ാം വയസ്സിൽ ഹൃദയസ്തംഭനത്താൽ  മരണമടഞ്ഞ മറ്റൊരു ലോകചാമ്പ്യൻ സർഫറായിരുന്നു ഹാവായ്ക്കാരനായ ആൻഡി ഐയെർന്‌സ്. ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഈ ജൂലൈ 24 ന് അദ്ദേഹത്തിന് 37 വയസ്സ് പ്രായമാകുമായിരുന്നു. സ്വന്തം സഹോദരനെപോലെ കരുതിയിരുന്ന ആൻഡിയുടെ മരണം മിക് ഫിന്നിങ്ങ്‌സിനെ വല്ലാതെ തകർത്തുകളഞ്ഞു.

jbay ചാമ്പ്യൻഷിപ്പിനിടയിൽ നടന്ന സംഭവത്തിനു ശേഷം ഇനിയൊരിക്കലും മത്സരിക്കാനില്ലെന്നും സ്‌പോർട്‌സിനോട് എന്നെന്നേയ്ക്കുമായി വിടപറഞ്ഞു പോകുന്നതിൽ പോലും താൻ സന്തുഷ്ടനാണെന്നും ഫെന്നിങ്ങ്‌സ്  വികാരഭരിതനായി പ്രസ്താവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ചയോടെ സിഡ്‌നിയിൽ മടങ്ങിയെത്തിയ ലോക സര്ഫിങ് താരം, സംഭവം നടന്ന് ആറാം ദിവസം വീണ്ടും തന്റെ സുഹൃത്തിന്റെ ഓർമ്മകളുമായി കടലിൽ നീന്താനിറങ്ങുകയായിരുന്നു.