കൊച്ചി: വെള്ളാപ്പള്ളി നടേശന് മേൽ കുരുക്കായി മൈക്രോഫിനാൻസ് കേസ് വീണ്ടും മുറുകുന്നു. വിജിലൻസിന്റെ മെല്ലെപ്പോക്ക് മൂലം കാര്യമായി അനങ്ങാതിരുന്ന മൈക്രോഫിനാൻസ് തട്ടിപ്പു കേസ് ബിഡിജെഎസിന്റെ രാഷ്ട്രീയ ചലനങ്ങളുടെ പേരിൽ വീണ്ടും ഉയർത്തെഴുനേൽക്കുകയായിരുന്നു.  ഇപ്പോഴിതാ വെള്ളാപ്പള്ളിയെ വെട്ടിലാക്കി ബാറുടമ ബിജു രമേശിന്റെ മൊഴിയും. വിജിലൻസ് മുമ്പാകെ ബിജു രമേശ് നൽകിയ മൊഴി മൈക്രോ ഫിനാൻസ് തട്ടിപ്പിന്റെ പുതിയ രൂപങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

എസ്.എൻ.ഡി.പി. യോഗത്തിന്റെ പേരിൽ വായ്പ കൈപ്പറ്റിയശേഷം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വകാര്യ നേട്ടത്തിനു വിനിയോഗിച്ചെന്ന ആരോപണവുമായാണ് ബിജു രമേശ് രംഗത്തെത്തിയത്. ഈ കാലഘട്ടത്തിലെ വെള്ളാപ്പള്ളി നടേശന്റെ സ്വത്തുവിവരം അന്വേഷിച്ചാൽ അതു വ്യക്തമാകുമെന്നും ബിജു രമേശ് വിജിലൻസിനു മൊഴി നൽകി.

ബിജു രമേശ് വിജിനൻസ് മുമ്പാകെ നൽകിയ മൊഴി ഇങ്ങനെയാണ്:' 2002-2003 ൽ ഞാൻ എസ്.എൻ.ഡി.പി. യോഗം സ്ഥിരാംഗമായിരുന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുപ്പവുമുണ്ട്. ഈ കാലയളവിൽ ഒരു ദിവസം വെള്ളാപ്പള്ളി നടേശൻ കൈതമുക്കിലുള്ള എസ്.എൻ.ഡി.പി. ശതാബ്ദി മന്ദിരത്തിൽ വന്നപ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു. അന്നു വൈകിട്ട് ആറു മണിയോടെ അന്നു കെ.എസ്.ബി.സി.ഡി.സി എം.ഡിയായിരുന്ന നജീബും ഇപ്പോൾ കെ.എസ്.ബി.സി.ഡി.സി ചെയർമാൻ മോഹൻ ശങ്കറും കൂടി കൈതമുക്കിലുള്ള എസ്.എൻ.ഡി.പി. ശതാബ്ദി മന്ദിരത്തിലെത്തി. കെ.എസ്.ബി.സി.ഡി.സിക്ക് പിന്നോക്ക വിഭാഗത്തിലെ ജനങ്ങളുടെ ഉന്നമനത്തിനുള്ള ഫണ്ട് മൂന്നു ശതമാനം പലിശയ്ക്ക് എസ്.എൻ.ഡി.പി. യോഗം വഴി വിനിയോഗിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ാനാണ് യഅവർ വന്നത്. ചർച്ചയിൽ വെള്ളാപ്പള്ളി നടേശൻ ആദ്യം താൽപര്യം കാണിച്ചില്ല.

എന്നാൽ നജീബ് എസ്.എച്ച്.ജി യെക്കുറിച്ചും എസ്.എച്ച്.ജി. വഴി വായ്പ വിനിയോഗം ചെയ്താൽ എസ്.എൻ.ഡി.പിക്ക് ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും വിശദമായി വിവരിച്ചു. എസ്.എൻ.ഡി.പി. യോഗത്തിന് എന്തു നേട്ടമാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരാഞ്ഞപ്പോൾ കുറഞ്ഞ പലിശയ്ക്ക് എസ്.എൻ.ഡി.പിക്കു വായ്പാത്തുക ലഭ്യമാകുമെന്നും ഇതിൽനിന്നും കുറച്ച് ഭാഗം വിനിയോഗിച്ചശേഷം ബാക്കി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാമെന്നും തുകയെല്ലാം വിതരണം ചെയ്തതായ പട്ടിക മാത്രം തന്നാൽ മതിയെന്നും അവർ പറഞ്ഞു.

പരിശോധിക്കേണ്ടത് കെ.എസ്.ബി.സി.ഡി.സി ആകയാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലായെന്നും അവർ അറിയിച്ചപ്പോഴാണു മൈക്രോ ഫിനാൻസ് വായ്പ കെ.എസ്.ബി.സി.ഡി.സിയിൽ നിന്നും എടുക്കാമെന്നു വെള്ളാപ്പള്ളി നടേശൻ സമ്മതിച്ചത്. അപ്രകാരം കെ.എസ്.ബി.സി.ഡിയിൽ നിന്നും വായ്പ എടുത്തശേഷം അപൂർണമായതും കൃത്രിമവുമായ വിനിയോഗ സർട്ടിഫിക്കറ്റ് കെ.എസ്.ബി.സി.ഡി.സി മുമ്പാകെ ഹാജരാക്കുകയായിരുന്നു. വ്യജ വിനിയോഗ സർട്ടിഫിക്കറ്റ് പരിശോധിക്കാതെ കെ.എസ്.ബി.സി.ഡി.സി. തുടർ വായ്പകൾ അനുവദിക്കുകയും സാമ്പത്തിക ക്രമക്കേടിന് കൂട്ടുനിൽക്കുകയും ചെയ്തു.

എസ്.എൻ.ഡി.പിക്കു നൽകിയ വായ്പയുടെ വിനിയോഗത്തെക്കുറിച്ച് കെ.എസ്.ബി.സി.ഡി.സി 2014 വരെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. എന്നാൽ 2014 കാലഘട്ടത്തിൽ പല പരാതികളും ഉയർന്നതോടെ നടത്തിയ അന്വേഷണത്തിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. എസ്.എൻ.ഡി.പിയുടെ ഭാഗത്തുനിന്നും തുക വാകമാറ്റി ചെലവഴിച്ചതും അമിതമായ പലിശക്ക് എസ്.എച്ച്.ജി കൾക്ക് വിതരണം ചെയ്തതുമാണ് ക്രമക്കേടുകളിൽ പ്രധാനമായിട്ടുള്ളത്.'

കേസിൽ അത്യാവശ്യ വിവരങ്ങൾപോലും ഹാജരാക്കാത്തതിനു അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി കഴിഞ്ഞയാഴ്ച വിമർശിച്ചിരുന്നു. എല്ലാ രേഖകളും ഹാജരാക്കാനും എസ്‌പി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ തുടരന്വേഷണം നടത്തണമെന്നും ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. ബിജു രമേശിന്റെ മൊഴി കേസിൽ നിർണായകമാകും. ഇപ്പോഴത്തെ നിലയിൽകേസ് മുന്നോട്ടു പോയാൽ നജീബും മോഹൻ ശങ്കറും പ്രതിയാകാനുള്ള സാധ്യതയും കൂടുതലാണ്.

നേരത്തെ എസ്.എൻ.ഡി.പി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി വിജിലൻസിന് ഒരു മാസംകൂടി അനുവദിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പുതിയ സംഘത്തെ നിയോഗിച്ചെന്നും കുറച്ചുകൂടി സമയം ആവശ്യമുണ്ടെന്നും വിജിലൻസിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കൂടുതൽ സമയം അനുവദിച്ച് ഉത്തരവിട്ടത്. വിജിലൻസ് കോടതിയിലെ പരാതിക്കാരനായ വി എസ്. അച്യുതാനന്ദന്റെ കൈവശം കേസുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാമെന്നും കോടതി വ്യക്തമാക്കി.

കേസ് ഡയറി പരിശോധിച്ചപ്പോൾ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം ആരോപണവിധേയരായ പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചതിന്റെ രേഖകൾ ഡി.ജി.പി കോടതിക്ക് കൈമാറി. രേഖകൾ പരിശോധിച്ച് വ്യക്തമായ തെളിവുകളുണ്ടെങ്കിലേ അന്വേഷണ ഉദ്യോഗസ്ഥൻ നടപടികൾ സ്വീകരിക്കാവൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസിലെ കക്ഷികൾക്ക് രേഖകൾ ഹാജരാക്കാനായില്ലെങ്കിലും വിജിലൻസ് നല്ലരീതിയിൽ അന്വേഷണം നടത്തണം. അല്ലാത്തപക്ഷം പ്രോസിക്യൂട്ടർക്ക് നന്നായി വാദിക്കാനാവില്ല. സർക്കാർ അഭിഭാഷകരെ മോശക്കാരായി ചിത്രീകരിക്കാൻ ഇടവരുത്തരുതെന്നും കോടതി നിർദേശിച്ചു. എസ്.എൻ.ഡി.പി യോഗത്തിന് മൈക്രോ ഫിനാൻസ് പദ്ധതി നടത്താൻ യോഗ്യതയില്ലെന്നും തുക അനുവദിച്ചതും വിതരണം ചെയ്തതുമടക്കമുള്ള ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി വി എസ് നൽകിയ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളിയും പിന്നാക്ക ക്ഷേമ കോർപറേഷൻ എം.ഡി നജീബുമാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.