തിരുവനന്തപുരം: മെക്രോഫിനാൻസ് തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യാനുള്ള തെളിവുകൾ തന്നെ വിജിലൻസിന്റെ പക്കലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രേഖപ്പെടുത്തിയതും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാമ്പത്തിക ക്രമേക്കടു കാട്ടിയതിനു തെളിവു വിജിലൻസ് പുറത്തുവിട്ടു.

തട്ടിപ്പിനായി ഉദ്യോഗസ്ഥതലത്തിൽ വൻ ഗൂഢാലോചന നടന്നതായും വിജിലൻസ് കണ്ടെത്തി. വെള്ളാപ്പള്ളി നടേശനെതിരായി വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനൊപ്പം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരേയാണു വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എൻഡിപി യോഗം പ്രസിഡന്റ് എം എൻ സോമൻ, മൈക്രോ ഫിനാൻസ് കോർഡിനേറ്റർ കെ കെ മഹേശ്വരൻ, സംസ്ഥാന പിന്നാക്കക്ഷേമ വികസന കോർപറേഷൻ എംഡി പ്രദീപ്, മുൻ എംഡി നജീബ് എന്നിവരാണു മറ്റു പ്രതികൾ. വി എസ്അച്യുതാനന്ദന്റെ പരാതിയിലായിരുന്നു വിജിലൻസ് നടപടി.

നാലു പേർക്കെതിരേയാണു വി എസ് പരാതി നൽകിയിരുന്നതെങ്കിലും അഞ്ചു പ്രതികളുണ്ടെന്നു വിജിലൻസ് കണ്ടെത്തുകയായിരുന്നു. എത്രരൂപയുടെ തട്ടിപ്പാണു നടന്നതെന്നു വ്യക്തമാക്കാതെയാണു വിജിലൻസ് എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ചത്. പതിനഞ്ചു കോടിയുടെ തട്ടിപ്പു നടത്തിയെന്നായിരുന്നു വിഎസിന്റെ പരാതി. ഇതിൽ വലിയ തട്ടിപ്പു നടന്നതായാണു വിജിലൻസ് സംശയിക്കുന്നത്. അന്തിമ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കാമെന്നാണു വിജിലൻസ് വ്യക്തമാക്കിയിരിക്കുന്നത്.

പിന്നാക്ക വികസന കോർപറേഷനിൽനിന്ന് വായ്പയെടുത്ത 15.85 കോടി രൂപ എത്തേണ്ടിടത്ത് എത്തിയില്ല. കുറഞ്ഞ പലിശയ്ക്ക് ഈ തുക വിതരണം ചെയ്യപ്പെട്ടില്ലെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചതെങ്കിലും മുൻ കാലങ്ങളിൽ നടത്തിയ പദ്ധതികളെക്കുറിച്ച് പരിശോധനകൾ നടത്തിയില്ല എന്നത് സംശയമുണ്ടാക്കുന്നെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

സാമ്പത്തിക ക്രമക്കേടിൽ വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുള്ളതിന് വ്യക്തമായ തെളിവുണ്ട്. വ്യാജ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായും വ്യക്തമായിട്ടുണ്ട്. അതേസമയം കേസിൽ വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യുമെന്ന കാര്യം ഏതാണ്ട് ഉറപ്പായതോടെ അദ്ദേഹം മുൻകൂർ ജാമ്യം നേടാനുള്ള ശ്രമങ്ങളും ശക്തമാക്കി. വെള്ളാപ്പള്ളി സ്ഥലത്തില്ലെന്ന പ്രതീതി വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വെള്ളാപ്പള്ളി പഴനിയിലേക്ക് പോയെന്ന വിധത്തിൽ തന്നെ വാട്‌സ് ആപ്പ് വഴി പ്രചരണം ഉണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്തദിവസംതന്നെ വെള്ളാപ്പള്ളി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും.

മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആകെ അസ്വസ്ഥനായ വെള്ളാപള്ളി പൊതുപരിപാടികൾ വെട്ടിചുരുക്കാൻ തീരുമാനിച്ചിരുന്നു. കുടുബ സമേതം പഴനിയിലേക്ക് തീർത്ഥയാത്ര പോകാൻ പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. പന്തളം എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്നലത്തെ പൊതുപരിപാടിയിൽ പങ്കെടുക്കാതെ അദ്ദേഹം വിട്ടു നിൽക്കുകയുമുണ്ടാായി.

അറസ്റ്റു ചെയ്യുമെന്ന ഉറപ്പായതോടെ വെള്ളാപ്പള്ളി തന്റെ അഭിഭാഷകരുടമായി സംസാരിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. മുൻകൂർജാമ്യത്തിനായി ശ്രമം ആരംഭിക്കാൻ അടുപ്പക്കാരായ അഭിഭാഷകരോടു വെള്ളാപള്ളി നിർദ്ദേശിച്ചു. അടുത്ത ദിവസം തന്നെ മുൻകൂർജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് വെള്ളാപ്പള്ളിക്കു ലഭിച്ച നിയമോപദേശം. സാധാരണ വിജിലൻസ് കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്ന പതിവില്ലെങ്കിലും ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്. വെള്ളാപ്പള്ളി നേരിട്ട് തട്ടിപ്പിൽ പങ്കാളിയാണെന്നാണ് തെളിവുകൾ.